കുടിയിറങ്ങാന്‍ തയാറാണ്; അധികൃതര്‍ കനിഞ്ഞാല്‍ മതി
നൂറ്റാണ്ടുകളായി തങ്ങളുടെ പിതാമഹന്മാര്‍ താമസിച്ച് മണ്‍മറഞ്ഞ നാട് വിട്ട് മറ്റെവിടേക്കെങ്കിലും പോകുവാന്‍ ഇവര്‍ തയാറാണ്. ജനിച്ചുവളര്‍ന്ന മണ്ണിനോട് സ്‌നേഹമില്ലാഞ്ഞിട്ടല്ല, ഇനി ഇവിടെ ജീവിതം അസാധ്യമാണെന്ന തിരിച്ചറിവാണ് കുടിയിറക്കത്തിന് ഒരുങ്ങുവാന്‍ ഇവരെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. മണല്‍വയലിലെ മണ്ണ് വളക്കൂറുള്ളതാണ്, കൃഷിക്ക് അനുയോജ്യവുമാണ്, നൂറുമേനി വിളവും ലഭിക്കും, പക്ഷെ കൃഷിയിറക്കിയാല്‍ വിളവെടുക്കുന്നത് വന്യമൃഗങ്ങളാണെന്നുമാത്രം. മണല്‍വയല്‍ ഗ്രാമക്കാര്‍ ഇവിടെ കൃഷിചെയ്തിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു.
തരിശായി കിടക്കുന്ന പാടങ്ങളും കരഭൂമിയുമാണ് ഇപ്പോള്‍ മണല്‍വയലിന്റെ അടയാളം.വയലില്‍ നെല്‍കൃഷി വന്യമൃഗശല്യംമൂലം അസാധ്യമായപ്പോള്‍ കുറെ കര്‍ഷകര്‍ കമുകുനട്ടും ഭാഗ്യപരീക്ഷണം നടത്തിനോക്കി. എന്നാല്‍ ഇതും കാട്ടാന അടക്കമുളള വന്യമൃഗങ്ങള്‍ വെറുതെവിട്ടില്ല. ഐശ്വര്യസമ്പുഷ്ടമായ ഒരു ഗതകാലത്തിന്റെ അവശേഷിപ്പുകള്‍പോലെ മണല്‍വയലിലെ വയലേലകളില്‍ ഇന്നും കുറെ കമുകുമരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കൃഷികള്‍ മാത്രമല്ല വന്യമൃഗങ്ങളുടെ തുടര്‍ച്ചയായ ആക്രമണത്തിന് വിധേയമാകുന്നത്.
പകല്‍പോലും കാട്ടുമൃഗങ്ങളെ ഭയന്ന് വീടിന് പുറത്തിറങ്ങുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ മണല്‍വയല്‍ഗ്രാമം ഉപേക്ഷിച്ചുപോയവര്‍ നിരവധിയാണ്. ഇങ്ങനെയൊരു കുടുംബമാണ് ആലയ്ക്കല്‍ രത്‌നമ്മയുടേത്. ഒമ്പത് വര്‍ഷം മുമ്പ് രത്‌നമ്മയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍നായര്‍ വിഷം കഴിച്ച് ആത്മഹത്യചെയ്തു.
ഒരു മകനും, മകളുമാണ് രത്‌നമ്മക്കുള്ളത്. ഭര്‍ത്താവ് മരിച്ചശേഷവും കുറെക്കാലംകൂടി ഇവര്‍ മണല്‍വയലിലെ വീട്ടില്‍ മക്കളോടൊപ്പം താമസിച്ചു. പക്ഷെ നിരന്തരമായി കാട്ടാനകള്‍ വീട് ആക്രമിക്കുവാന്‍ തുടങ്ങിയതോടെ രത്‌നമ്മ മണല്‍വയലിലെ വീടുപേക്ഷിച്ച് സമീപത്തെ ഗ്രാമമായ നെയ്ക്കുപ്പയിലേക്ക് പോയി.
രത്‌നമ്മയുടെ അതേ അനുഭവമാണ് അനുജത്തി രമണിക്കുമുണ്ടായത്. ആലയ്ക്കല്‍ രമണിയുടെ ഭര്‍ത്താവ് ബാബുവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
മക്കളോടൊപ്പം താമസിച്ചിരുന്ന രമണിയും വന്യമൃഗങ്ങള്‍ തുടര്‍ച്ചയായി വീട് ആക്രമിച്ചതിനെ തുടര്‍ന്ന് വീടുപേക്ഷിച്ച് അയല്‍ഗ്രാമത്തിലേക്ക് പലായനം ചെയ്യുകയായിരുന്നു. കീഴ്ചിറക്കുന്നേല്‍ ഭവാനിയമ്മ, കീഴ്ചിറക്കുന്നേല്‍ രാധാകൃഷ്ണന്‍നായര്‍ ഇങ്ങനെ ഒട്ടേറെയാളുകള്‍ വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണംമൂലം മണല്‍വയല്‍ വിട്ട് ദൂരെ ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്തവരാണ്. ഇവരുടെയൊക്കെ വീടുകള്‍ അനാഥമായി മണല്‍വയല്‍ഗ്രാമത്തില്‍ ചരിത്രാവശേഷിപ്പുകളായി നില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ എന്തെങ്കിലും നഷ്ടപരിഹാരം നല്‍കിയാല്‍ ഈ ഗ്രാമം മുഴുവന്‍ ഒഴിഞ്ഞുപോകുവാന്‍ തയാറാണ്. പക്ഷെ സര്‍ക്കാര്‍ ഇതിന് തയാറാവുന്നില്ലെന്നതാണ് മണല്‍വയല്‍ക്കാരുടെ സങ്കടം.
കുള്ളന് രക്ഷ
ആനഹൊതെ മാത്രം
കുള്ളന്‍ കാട്ടുനായ്ക്കനാണ്. വനവുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണ് കാട്ടുനായ്ക്കര്‍. മണല്‍വയല്‍ ഗ്രാമവാസികള്‍ക്കൊപ്പം തനിക്ക് സ്വന്തമായി ലഭിച്ച ഭൂമിയില്‍ കുള്ളനും വര്‍ഷങ്ങളായി കൃഷി ചെയ്ത് വരികയായിരുന്നു.
പാരമ്പര്യമായി ലഭിച്ച അറിവുകളുപയോഗിച്ച് കുള്ളന്‍ വന്യമൃഗങ്ങളെ തന്റെ കൃഷിയിടത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ കാലങ്ങള്‍ മാറിയതോടെ വന്യമൃഗങ്ങള്‍ കുള്ളനെയും വെറുതെ വിടാതായി.
നിലനില്‍പ്പിനായുള്ള പോരാട്ടമാണല്ലൊ മനുഷ്യരെ പല കണ്ടുപിടുത്തങ്ങള്‍ക്കും ഒരുക്കുന്നത്. തന്റെ മുത്തച്ഛന്‍ പരമ്പരാഗതമായി ലഭിച്ച അറിവുപ്രകാരം വന്യമൃഗങ്ങളെ ഓടിക്കുവാന്‍ ചെയ്യുന്ന ഒരു വിദ്യ അടുത്തകാലത്താണ് കുള്ളന് ഓര്‍മ വന്നത്. 15-20 അടി നീളമുള്ളൊരു നീണ്ട കമ്പില്‍ തെങ്ങ്, കമുക് എന്നിവയുടെ ഉണങ്ങിയ ചൂട്ട് കെട്ടിവെക്കും. വന്യമൃഗങ്ങള്‍ ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിനരികിലെത്തിയാല്‍ ഈ നീളമുള്ള ചൂട്ട് കത്തിച്ച് കുള്ളന്‍ ആഞ്ഞുവീശും.
ആകാശത്തില്‍ വലിയ തീഗോളം തങ്ങളുടെ നേരെ വരുന്നത് കണ്ടാല്‍ ഏത് വന്യമൃഗവും പറപറക്കുമെന്നാണ് കുള്ളന്റെ അനുഭവം. ഈ നീളമുളള ചൂട്ടിന്റെ പേരാണ് 'ആനഹൊതെ'.
(സമാപിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."