രാജ്യത്ത് വരാനിരിക്കുന്നത് ഹിറ്റ്‌ലറുടെ ഭരണം: കെമാല്‍ പാഷ
കൊച്ചി: രാജ്യത്ത് വരാനിരിക്കുന്നത് ഹിറ്റ്‌ലറുടെ ഭരണമായിരിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പൗരത്വബില്‍ അതിനു നാന്ദിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഹ്യൂമന്റൈറ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസം ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ ഉയര്‍ന്നു കഴിഞ്ഞു. മുസ്‌ലിമെന്ന നിലയില്‍ ചിലപ്പോള്‍ എനിക്കും അത്തരം ക്യാംപുകളില്‍ കഴിയേണ്ടി വന്നേക്കും. ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പൗരത്വബില്‍. സഹജീവികളായ ഭാരതീയരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കലാണിത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ഇതാഗ്രഹിക്കുന്നില്ല. അയല്‍പക്കത്തുള്ള മൂന്ന് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനവും കാടത്തവുമാണ്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ ഭരണകൂടത്തിനും പൊലിസിനും കഴിഞ്ഞില്ലെങ്കില്‍ ജനം തെരുവിലിറങ്ങും. തെലുങ്കാനയില്‍ നടന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. വാളയാറില്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ മരിക്കുവോളം ആരും ഇടപെട്ടില്ലെന്നും കെമാല്‍ പാഷ സൂചിപ്പിച്ചു. ചടങ്ങില്‍ ടി.കെ അബ്ദുല്‍ അസീസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."