നാടന്‍പാട്ടിന്റെ അകമ്പടിയോടെ നാടൊരുമിച്ചു; ജലസ്രോതസുകള്‍ക്ക് ജീവനേകാന്‍
കൊട്ടാരക്കര: നാടന്‍പാട്ടിന്റെ അകമ്പടിയോടെ നാട് ഒന്നുചേര്‍ന്നപ്പോള്‍ ജലസ്രോതസുകള്‍ വീണ്ടെടുക്കാനുള്ള ജില്ലയിലെ പ്രത്യേക യജ്ഞത്തിന് അവിസ്മരണീയ തുടക്കം.
കല്ലടയാറിന്റെയും പാണ്ടിവയല്‍ തോടിന്റെയും പുനരുജ്ജീവനത്തിനായി രംഗത്തിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വയോജനങ്ങള്‍വരെ ഉള്‍പ്പെടുന്ന ജനാവലി വന്‍തോതില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തോടുനുബന്ധിച്ച് പാണ്ടിവയല്‍ തോടിന്റെ പുനരുജ്ജീവനത്തിനായി സംഘടിപ്പിച്ച ഏകദിന പരിപാടി വൈദ്യുതിഭവനു സമീപം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
അധ്വാനത്തിന്റെയും കൃഷിയുടെയും മഹത്വം വരുംതലമുറകള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിന് കുട്ടികളെയും ഇത്തരം കാര്‍ഷിക സംരംഭങ്ങളില്‍ പങ്കാളികളാക്കണം. കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന ഉടമ്പടികളോടുള്ള ചെറുത്തുനില്‍പ്പിനും സമൂഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
അയിഷ പോറ്റി എം.എല്‍.എ അധ്യക്ഷയായി. പുനരുജ്ജീവന പ്രതിജ്ഞയ്ക്ക് നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് നേതൃത്വം നല്‍കി.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി.ശ്വാമളയമ്മ മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എ ബി.രാഘവന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. മുകേഷ്, റൂറല്‍ എസ്.പി ബി. അശോകന്‍, മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്.ആര്‍. രമേശ്, ഉണ്ണികൃഷ്ണന്‍ മേനോന്‍, രാമകൃഷ്ണപിള്ള, കോശി കെ. ജോണ്‍, മറ്റ് ജനപ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ഐസക്, തഹസില്‍ദാര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്ന ശൂചീകരണത്തില്‍ സ്റ്റുഡന്റ് പൊലിസ്, നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തോട്ടില്‍നിന്ന് നീക്കം ചെയ്ത ജൈവ മാലിന്യങ്ങള്‍ സമീപത്തെ റോഡ് നികത്താന്‍ ഉപയോഗിച്ചു. അജൈവ മാലിന്യങ്ങള്‍ കഴുകി ശുചീകരിച്ച് ഉഗ്രന്‍കുന്നില്‍ നഗരസഭയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഷ്‌റെഡിംഗ് യൂനിറ്റിലേക്ക് മാറ്റി. കല്ലടയാറും കൈവഴികളും ശുചീകരിക്കുന്നതിനായി31 വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ പത്തനാപുരം ബ്ലോക്ക് തല പ്രവര്‍ത്തനങ്ങള്‍ എലിക്കാട്ടൂര്‍ പാലത്തിനു സമീപം കെ.ബി. ഗഷേണ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റ് ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."