മ്യാന്മര്‍ കൂട്ടക്കൊല: വാദംകേള്‍ക്കല്‍ ആരംഭിച്ചു ജഡ്ജിമാര്‍ ഇടപെടണമെന്ന് ഗാംബിയ ലോകകോടതിയില്‍
ഹേഗ്: മ്യാന്മറില്‍ ന്യൂനപക്ഷ റോഗിംഗ്യന്‍ മുസ്‌ലിംകളെ വംശഹത്യ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിമാര്‍ ഇടപെടണമെന്ന് ഗാംബിയ നീതിന്യായമന്ത്രി അബൂബക്കര്‍ തംബാദു ലോകകോടതി മുന്‍പാകെ ആവശ്യപ്പെട്ടു.
2017ല്‍ റോഹിംഗ്യരെ കൂട്ടക്കൊല ചെയ്ത മ്യാന്മറിനെ നീതിന്യായ കോടതി മുമ്പാകെ കൊണ്ടുവരാനുള്ള ആദ്യ അന്താരാഷ്ട്ര ശ്രമമാണ് ഈ കേസ്.
നവംബര്‍ 11നാണ് മ്യാന്മര്‍ 1948ലെ വംശഹത്യാ കണ്‍വന്‍ഷന്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി ലോകകോടതിയില്‍ ഗാംബിയ കേസ് കൊടുത്തത്.
സമാധാന നൊബേല്‍ ജേതാവും രാജ്യത്തെ പരമോന്നത നേതാവുമായ ആങ് സാന്‍ സൂകിയാണ് ലോകകോടതിയില്‍ മ്യാന്മറിനു വേണ്ടി ഹാജരായത്. ഗാംബിയ നീതിന്യായമന്ത്രിയുടെ വാദങ്ങള്‍ സൂകി ശ്രദ്ധാപൂര്‍വം കേട്ടു.
വംശഹത്യയെ ന്യായീകരിച്ച് റോഹിംഗ്യന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനുള്ള പ്രതികരണമാണ് അതെന്ന് അവര്‍ പറയുമെന്നാണ് കരുതുന്നത്. ലോക കോടതിയിലേക്കുള്ള വഴിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സൂകി തയാറായില്ല.
2017ലെ വംശഹത്യയെ തുടര്‍ന്ന് ഏഴുലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശിലേക്ക് അഭയം തേടി പോയത്. സ്ത്രീകളും കുട്ടികളും ക്രൂരമായ പീഡനങ്ങള്‍ക്കും കൂട്ടക്കൊലയ്ക്കും ഇരയായി. റോഹിംഗ്യരുടെ വീടുകള്‍ ചുട്ടെരിക്കപ്പെട്ടു. എല്ലാറ്റിനും നേതൃത്വം കൊടുത്തത് മ്യാന്മര്‍ സൈന്യമായിരുന്നു. സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതും കുടുംബങ്ങളെ വീടടക്കം ചുട്ടെരിച്ചതും റോഹിംഗ്യന്‍ കുട്ടികളെ കത്തികൊണ്ട് കൊന്നൊടുക്കിയതുമെല്ലാം ഗാംബിയന്‍ മന്ത്രി അന്താരാഷ്ട്ര കോടതിയില്‍ വിവരിച്ചപ്പോഴും സൂകി ഭാവഭേദമില്ലാതെയാണ് ഇരുന്നത്.
മിന്‍ഗി എന്ന ഗ്രാമത്തില്‍ 750 പേരെയാണ് കൊന്നതെന്ന് യു.എന്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതില്‍ ആറു വയസിനു താഴെയുള്ള 100 കുട്ടികളുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."