കഥാപ്രസംഗ കലാകാരിക്ക് പെന്‍ഷന്‍ നിഷേധിക്കുന്നതായി പരാതി
കൊടകര: കഥാപ്രസംഗ കലാകാരിക്ക് കേന്ദ്ര സംഗീത നാടക അക്കാദമി കഴിഞ്ഞ ഒന്‍പതു മാസമായി പെന്‍ഷന്‍ നിഷേധിക്കുന്നതായി പരാതി. പ്രശസ്ത സംഗീതജ്ഞന്‍ ആയിരുന്ന പരേതനായ ബാലകൃഷ്ണ ഭാഗവതരുടെ ഭാര്യ രത്‌നമ്മ(71)ക്കാണ് പെന്‍ഷന്‍ ലഭിക്കാത്തത്. ഒരു കാലത്തു കേരളത്തിലെ ഉത്സവ പറമ്പുകളെ കഥാപ്രസംഗകലയിലൂടെ സമ്പുഷ്ടമാക്കിയിരുന്ന ചിങ്ങവനം സിസ്റ്റേഴ്‌സിലെ മൂത്ത ആളാണു രത്‌നമ്മ.
കൊടകരയില്‍ മകളോടൊപ്പമാണു താമസം. കോട്ടയം പനച്ചിക്കാട് താമസിക്കുന്ന രാധാമണിയാണ് രത്‌നമ്മയുടെ സഹോദരി. 1962 മുതല്‍ 1994 വരെയുള്ള 34 വര്‍ഷ കാലയളവില്‍ കേരളത്തിലങ്ങോളമിങ്ങോളമായി പതിനായിരത്തിലേറെ സ്റ്റേജുകളില്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്നു കഥ പറഞ്ഞിട്ടുണ്ട്. 2008 മുതല്‍ 2018 ഫെബ്രുവരി വരെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പെന്‍ഷന്‍ കിട്ടിയിരുന്നതായും മാര്‍ച്ച് മുതല്‍ ഇതു കിട്ടുന്നില്ലെന്നുമാണു രത്‌നമ്മയുടെ പരാതി.
കൂടാതെ വര്‍ഷം തോറും പെന്‍ഷന്‍ പുതുക്കുന്നതിലേക്കായി അക്കാദമി അയച്ചു കൊടുക്കാറുള്ള അപേക്ഷ ഫോറം ഇത്തവണ ലഭിച്ചതുമില്ല. രാധാമണിക്കാണെങ്കില്‍ ഈ പെന്‍ഷന്‍ ലഭിച്ചിട്ടുമില്ല. അക്കാദമിയുടെ ഡല്‍ഹി ഓഫിസിലേക്കു വിളിച്ചാല്‍ കൃത്യമായി മറുപടിയും ലഭിക്കുന്നില്ലെന്നാണു പരാതി.
അതേസമയം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഡല്‍ഹി ഓഫിസിലേക്കു ബന്ധപ്പെട്ടപ്പോള്‍ ഇങ്ങിനെയൊരു സംഭവത്തെ കുറിച്ച് അവര്‍ക്ക് അറിവില്ലെന്നും വിശദവിവരങ്ങള്‍ കാണിച്ചു ഒരു പരാതി അയക്കാനുമായിരുന്നു നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."