കുട്ടികള്‍ വെന്തുമരിച്ച സംഭവം: ഐ.ഒ.സി സംഘം സ്ഥലത്ത് പരിശോധന നടത്തി
വടക്കാഞ്ചേരി: മലാക്കയില്‍ പാചകവാതക ചോര്‍ച്ചയെ തുടര്‍ന്ന് കുട്ടികള്‍ വെന്തുമരിക്കാനിടയായ സ്ഥലത്ത് ഐ.ഒ.സി അധികൃതര്‍ തെളിവെടുപ്പ് നടത്തി. ദുരന്തം നടന്ന ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സിലിണ്ടറുകള്‍ക്ക് തകരാരല്ലെന്ന് ഐ.ഒ.സി അധികൃതര്‍ സ്ഥിരീകരിച്ചു.
പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്റേഴ്‌സിന്റെ കാറിലെ സിലിണ്ടര്‍ കാലിയാണെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ ഗ്യാസ് നിറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍, പാചക വാതകം കുട്ടികള്‍ കിടന്ന ഹാളിലേക്ക് വ്യാപിച്ചത് എങ്ങിനെയെന്നത് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. ഐ.ഒ.സി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇതില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലിസ് കരുതുന്നത്.
വീട്ടിലുണ്ടായിരുന്ന നാല് സിലിണ്ടറുകളും കുട്ടികള്‍ കിടന്നിരുന്ന മുറിയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പരിശോധന റിപ്പോര്‍ട്ടും നിഗമനങ്ങളും പൊലിസിന് റിപ്പോര്‍ട്ടായി കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സീനിയര്‍ മാനേജര്‍ അലക്‌സ് മാത്യൂ, അസിസ്റ്റന്റ് സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അതേസമയം, 80 ശതമാനം പൊള്ളലേറ്റ ഡാന്റേഴ്‌സിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
ദുരന്തമുണ്ടായ വീട് മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ചു
വടക്കാഞ്ചേരി: മലാക്ക അഗ്നിബാധ ദുരന്തത്തില്‍ പെട്ട് രണ്ട് പിഞ്ചു കുട്ടികള്‍ മരണമടഞ്ഞ ആച്ചക്കോട്ടില്‍ വീട്ടില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ചു.
ഗുരുതരമായി പൊള്ളലേറ്റ് എറണാംകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജയും, മറ്റ് ജനപ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."