ഗതാഗത പരിഷ്കാരം: സ്വകാര്യ വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യം ഇല്ലാതായി
കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗത പരിഷ്കാരം വന്നപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ക്കു പാര്‍ക്കിങിന് ഇടമില്ലാതായെന്ന് ആരോപണം. നഗരത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നതു ടൗണ്‍ ഹാള്‍ പരിസരത്തും കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനു വടക്കുഭാഗത്തുമാണ്. ഇത് അപ്രായോഗികമാണെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ഒരു സ്ഥാപത്തില്‍ നിന്നു സാധനങ്ങള്‍ വാങ്ങി ടൗണ്‍ ഹാള്‍ പരിസരത്തേക്കോ ട്രാഫിക് സര്ക്കിളിനടുത്തേക്കോ എത്തുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണു വാഹന ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഗതാഗത പരിഷ്കാര ചര്‍ച്ചകളില്‍ വ്യാപാരികളുടെ പ്രതിനിധികള്‍ പങ്കെടുത്തിട്ടും സ്വകാര്യ വാഹന പാര്‍ക്കിങിനു സ്ഥലം വേണമെന്ന ആവശ്യം ഉന്നയിക്കാതിരുന്നതു ശരിയായില്ലെന്നും ആക്ഷേപമുണ്ട്. ടൂറിസ്റ്റ് ബസുകള്‍ക്കു പോലും പാര്‍ക്കിങ് സൗകര്യം കൊടുത്തപ്പോഴാണു സ്വകാര്യ വാഹനങ്ങള്‍ നഗരത്തില്‍ നിന്നു പുറത്തായത്.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം കണ്ടെത്തുന്ന കാര്യം പരിഗണിക്കുമെന്നു കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."