തട്ടിയെടുത്തതു കോടികളുടെ സ്വത്തുക്കള്‍: 'എല്ലാം തന്നെക്കൊണ്ട് ചെയ്യിച്ചു'
കണ്ണൂര്‍: തളിപ്പറമ്പ് തുച്ഛംബരത്തെ റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ പരേതനായ പുതുകുളങ്ങര പി. ബാലകൃഷ്ണന്‍ നായരുടെ അനന്തരവകാശി എന്നവകാശപ്പെട്ട് വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്തതു കുടുംബ പെന്‍ഷനടക്കം കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍. അവിവാഹിതനായ ബാലകൃഷ്ണന്‍ നായര്‍ താമസിച്ചിരുന്ന തിരുവനന്തപുരം പേട്ട വലിയവീട് ലൈനിലെ ഒന്നര സെന്റ് സ്ഥലവും വീടും വ്യാജ രേഖയുണ്ടാക്കി ജാനകി കേസിലെ ഒന്നാംപ്രതിയായ ശൈലജയ്ക്കു എഴുതി നല്‍കിയതായി അന്വേഷണ സംഘം പയ്യന്നൂര്‍ കോടിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തന്റെ പേരില്‍ കൈക്കലാക്കിയ ഇതു ശൈലജ 2013 ജനുവരി 16നു 19.5 ലക്ഷം രൂപയ്ക്കു നിഷാ റാണി എന്ന സ്ത്രീക്കു മറിച്ചു വിറ്റു.
2012 ഫെബ്രുവരി 14നാണ് കേസിലെ ഒന്നാംപ്രതിയായ ശൈലജയും രണ്ടാംപ്രതിയായ ഭര്‍ത്താവ് കൃഷ്ണകുമാറും വ്യാജ വിവാഹക്കത്തും ഫോട്ടോയും ഹാജരാക്കി പയ്യന്നൂര്‍ വിഠോബ ക്ഷേത്രത്തില്‍ നിന്നു 1980 ഏപ്രില്‍ 27നു മരിച്ച ബാലകൃഷ്ണനും കേസിലെ മൂന്നാംപ്രതിയായ ജാനകിയും വിവാഹം ചെയ്തതായി രേഖയുണ്ടാക്കിയത്. തളിപ്പറമ്പ് താലൂക്ക് ഓഫിസില്‍ നിന്നു പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങി മരിച്ച ബാലകൃഷ്ണന്‍ നായരുടെ പേരിലുണ്ടായിരുന്ന കാനറാ ബാങ്ക് തിരുവനന്തപുരം ചാല ശാഖയിലെ അക്കൗണ്ടില്‍ നിന്നു 61,881 രൂപ കൈക്കലാക്കി. മരിച്ച ബാലകൃഷ്ണന്‍ നായരുടെ ഫാമിലി പെന്‍ഷന്‍ 2011 ഒക്ടോബര്‍ ഒന്നുമുതല്‍ 2017 ജൂലൈ വരെ ജാനകി കൈപ്പറ്റിയതായും പൊലിസ് കണ്ടെത്തി. ബാലകൃഷ്ണന്റെ പേരില്‍ പരിയാരം വില്ലേജിലെ അമ്മനപ്പാറയിലുള്ള ആറേക്കര്‍ സ്ഥലം 2012 ഒക്ടോബര്‍ 19നു ജാനകി ശൈലജയ്ക്കു ആധാരം ചെയ്തു നല്‍കിയതായും തെളിഞ്ഞു.1980 ജൂലൈ 10നു ശ്രീധരന്‍ നായര്‍ എന്നയാളെ ജാനകി പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ച് നിയമപരമായി വിവാഹം ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം മംഗളൂരു കാര്‍ക്കളയില്‍ താമസിച്ചതായും ഇദ്ദേഹത്തിന്റെ മരണശേഷം 2005 മുതല്‍ കോറോം വില്ലേജില്‍ താമസിച്ചുവരുന്നതായും പയ്യന്നൂര്‍ നഗരസഭയില്‍ നിന്നു വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. അന്വേഷണസംഘം ജാനകിയെ ആദ്യം ചോദ്യംചെയ്തപ്പോള്‍ ബാലകൃഷ്ണന്‍ നായരുടെ ഭാര്യയാണു താനെന്നു അവര്‍ പൊലിസിനോടു പറഞ്ഞിരുന്നു. കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ തന്റെ സഹോദരിയും അഭിഭാഷകയുമായ ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും ചേര്‍ന്ന് തന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചതാണെന്നും ജാനകി പൊലിസിനോടു കുറ്റം ഏറ്റുപറഞ്ഞു. സഹോദരിക്കും സഹോദരീ ഭര്‍ത്താവിനും സ്വത്തിനോടും പണത്തോടുമുള്ള ആര്‍ത്തി മൂലമാണ് തന്നെ ഈ ക്രൂരകൃത്യത്തില്‍ വലിച്ചിഴച്ചതെന്നും കണ്ണീരോടെ ജാനകി പൊലിസിനോടു സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."