പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷ ഭൂമിയായി ത്രിപുരയും അസമും; സൈന്യത്തെ വിന്യസിക്കുന്നു, അസമില്‍ നാളെ ബന്ദ്
ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരായ പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം പൊലിസും സമരക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. പ്രക്ഷോഭം രൂക്ഷമായ ത്രിപുരയിലെ ഗുവാഹട്ടിയിലും അസമിലും സൈന്യത്തെ വിന്യസിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ 70 സൈനികരടങ്ങുന്ന രണ്ട് സംഘങ്ങള്‍ ത്രിപുരയിലെ കാഞ്ചന്‍പൂര്‍, മാനു എന്നിവിടങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്.
മറ്റൊരു സംഘം ആസാമിലെ ദിബ്രുഗര്‍, ബോണ്ഗൈഗാവോണ് എന്നിവിടങ്ങളിലേക്കും പുറപ്പെട്ടു കഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ 5000ത്തോളം അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞു. അതിനിടെ നടപടിയില്‍ പ്രതിഷേധിച്ച് അസമില്‍ നാളെ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. ദിസ്പൂര്‍, ഗുവാഹട്ടി, ദിബ്രിഗര്, ജോര്‍ഹത്ത് എന്നിവിടങ്ങളില്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലിസ് ലാത്തിവീശി.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഏറെ നേരം എയര്‍പോര്‍ട്ടില്‍ കുടുങ്ങി. പിന്നീട് പൊലിസുകാര്‍ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വീട്ടിലെത്തിച്ചത്. ത്രിപുരയില്‍ പ്രക്ഷോഭം തടയാന്‍ സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്.എം.എസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സമരാനുകൂലികള്‍ റോഡ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന രണ്ട് വയസ്സുകാരി മരിച്ചതായി വാര്‍ത്ത വന്നിരുന്നു. അസമിലെ സെപാഹിജാലയിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."