റിപ്പോ 0.25% കുറച്ചു; ഭവന-വാഹന പലിശ കുറഞ്ഞേക്കും
മുംബൈ: അടിസ്ഥാന പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോ 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും റിവേഴ്സ് റിപ്പോ 6 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായും കുറയും. ആറര വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് അടിസ്ഥാന പലിശ നിരക്കില്‍ കുറവുവരുത്തി ആര്.ബി.ഐ വായ്പാ നയം പ്രഖ്യാപിച്ചത്. ബാങ്കുകള്‍ ആര്.ബി.ഐയില്‍ നിക്ഷേപിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്സ് റിപ്പോ. ആര്.ബി.ഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന പണത്തിന്റെ പലിശയാണ് റിപ്പോ.
ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ പണ നയ അവലോകന സമിതിയാണ് നയപ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയതിനാല്‍ പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യപാര-വ്യവസായ ലോകം.
റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ കുറവു വരുത്തിയ സാഹചര്യത്തില്‍ വാഹന-ഭവന വായ്പയുടെ പലിശ നിരക്കിലും കുറവുണ്ടായേക്കും. കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും പണപ്പെരുപ്പഭീഷണിയുടെ പേരില്‍ അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. രാജ്യത്തെ ഏറ്റഴും വലിയ വായ്പാ വിതരണക്കാരായ എസ്.ബി.ഐ കഴിഞ്ഞ ദിവസം സേവിങ്സ് നിക്ഷേപങ്ങളുടെ പലിശയില്‍ 0.05 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."