ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
മട്ടാഞ്ചേരി: തോപ്പുംപടി കരുവേലിപ്പടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മൂന്ന് മക്കളേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കരുവേലിപ്പടി രാമേശ്വരം ക്ഷേത്ര ലൈനില്‍ താമസിക്കുന്ന റഫീക്ക് (48)ആണ് ഭാര്യ ജാന്‍സിയെന്ന നസിയ(40)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീടിന്റെ സ്വീകരണ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്.
വെട്ടേറ്റ നിലയില്‍ മക്കളായ ജഫ്രിന്‍ (21), ഷഫിന്‍ (18), സാനിയ (13) എന്നിവരെ നാട്ടുകാരും പൊലിസും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പട്ടിയുടെ കുരയും വീട്ടില്‍ നിന്ന് നിലവിളിയും കേട്ട് മുകളിലത്തെ നിലയില്‍ താമസിക്കുന്നവര്‍ വന്ന് നോക്കുമ്പോള്‍ ചോരയില്‍ മുങ്ങിയ കുട്ടികളെയാണ് കണ്ടത്. ഇവര്‍ ഉടന്‍ തോപ്പുംപടി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ക്രൈസ്തവ സമുദായാംഗമായ ജാന്‍സിയെ 22 വര്‍ഷം മുന്‍പ്് റഫീക്ക് പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ചൊവ്വാഴ്ച പകല്‍ ഇവര്‍ ഒരുമിച്ച് ജാന്‍സിയുടെ വീട്ടില്‍ പോയി മടങ്ങി വന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് കിടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും റഫീക്കിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.
രാത്രി ഉറങ്ങി കിടന്നിരുന്ന ഭാര്യയുടെ കഴുത്തിന് ഇയാള്‍ കൈയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. പിന്നീട് മുറിയില്‍ ഉറങ്ങി കിടന്ന രണ്ട് കുട്ടികളേയും സ്വീകരണ മുറിയില്‍ കിടക്കുകയായിരുന്ന മൂത്ത മകനേയും വെട്ടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇതിന് ശേഷം സ്വീകരണ മുറിയിലെ ഫാനില്‍ റഫീക്ക് കെട്ടി തൂങ്ങുകയായിരുന്നു. വെട്ടേറ്റ സാനിയയുടെ തലക്കകത്ത് രക്തസ്രാവമുണ്ട്. ജഫ്രിന്റെ നെറ്റിയുടെ മുകളിലെ ഭാഗത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. രണ്ട് പേരേയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ മകന്‍ ഷഹിന്റെ പരുക്ക് ഗുരുതരമല്ല. ഷഹിന്റെ കൈയില്‍ തുന്നലിട്ടിട്ടുണ്ട്. കുടുംബ വീട് വിറ്റതിന് ശേഷം കഴിഞ്ഞ നാല് മാസമായി റഫീക്കും കുടുംബവും കരുവേലിപ്പടിയിലാണ് താമസം.
വീട് വിറ്റതിന് ശേഷം താന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും തന്റെ ഭാര്യയും മക്കളും തന്നെ വളരെ സ്‌നേഹിക്കുന്നവരാണെന്നും മരിക്കുന്നതിന് മുന്‍പ് റഫീക്ക് എഴുതിയ കത്തിലുള്ളതായി പൊലിസ് വ്യക്തമാക്കി. താന്‍ മരിച്ചാല്‍ ഭാര്യയും കുട്ടികളും അനാഥരായി പോകുമോയെന്ന ആശങ്കയാണ് ഇവരെ കൂടി കൊലപ്പെടുത്താന്‍ റഫീക്ക് തീരുമാനിച്ചതെന്നാണ് പൊലിസ് നിഗമനം. മട്ടാഞ്ചേരി അസി.കമ്മിഷണര്‍ എസ്.വിജയന്‍, സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ വിജയകുമാര്‍, ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രാജ്കുമാര്‍, തോപ്പുംപടി എസ്.ഐ സി.ബിനു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."