അസ്‌ലം വധം: കുറ്റപത്രം സമര്‍പ്പിച്ചു
നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സി.ഐ ജോഷി ജോസാണ് തൊട്ടില്‍പ്പാലം സ്വദേശി രാജീവനെ ഒന്നാം പ്രതിയാക്കി 1200 ലേറെ പേജുള്ള കുറ്റപത്രം ചൊവ്വാഴ്ച വൈകിട്ട് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 185 സാക്ഷിമൊഴികളും തൊണ്ടി മുതലുകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊലയാളികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല
കേസില്‍ 16 പ്രതികളാണുള്ളത്. ഇതില്‍ 14 പേരെ അറസ്റ്റു ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളായ രണ്ടുപേര്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. സുപ്രധാന കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. അല്ലെങ്കില്‍ കോടതിക്ക് പ്രതികള്‍ക്ക് സ്വമേധയാ ജാമ്യം നല്‍കാന്‍ കഴിയും.
എന്നാല്‍ മനപ്പൂര്‍വം കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊലിസ് ചെയ്തതെന്ന് അസ്‌ലമിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. കുറ്റപത്ര സമര്‍പ്പണം വൈകിയ സാഹചര്യത്തില്‍ പ്രതികളെല്ലാം ജാമ്യംനേടി പുറത്തിറങ്ങുകയും ചെയ്തിരുന്നു. തുടക്കത്തില്‍ കേസിന്റെ അന്വേഷണ ചുമതല അന്നത്തെ നാദാപുരം എ.എസ്.പി ആര്‍ കറുപ്പ സാമിക്കായിരുന്നു. അദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നീങ്ങിയതോടെ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ ഗൂഢാലോചന കേസില്‍ പ്രതിയാവുമെന്ന് സൂചനയുണ്ടായിരുന്നു.
കാസര്‍കോട് ജില്ലയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളയെ അറസ്റ്റ് ചെയ്യുകയും സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തുവിന്റെ വീട്ടില്‍ റെയ്ഡും നടന്നിരുന്നു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയായിരുന്നു. പിന്നീട് വന്ന അന്വേഷണസംഘം കേസ് ഏറ്റെടുത്തതോടെ അന്വേഷണം മന്ദഗതിയിലായെന്ന് ആരോപണമുയര്‍ന്നിരുന്നു.
പൊലിസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും കാണിച്ച് അസ്‌ലിമിന്റെ മാതാവ് സുബൈദ കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതുപ്രകാരം കേസ് ഡയറി ഉടന്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് കുറ്റപത്ര സമര്‍പ്പണം. സി.ബി.ഐ അന്വേഷണത്തിന് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് ആരോപണം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12 നാണ് തൂണേരിയിലെ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട അസ്‌ലം കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെ സ്‌കൂട്ടറില്‍ വെള്ളൂരിലേക്ക് പോവുകയായിരുന്ന അസ്‌ലിമിനെ ഇന്നോവ കാറില്‍ പിന്‍ തുടര്‍ന്നെത്തിയ കൊലയാളി സംഘം ചാലപ്പുറം റോഡില്‍ വച്ച് കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. കൊലക്കുപയോഗിച്ച ഇന്നോവ കാര്‍ രണ്ടുദിവസം കഴിഞ്ഞ് ഓഗസ്റ്റ് പതിനഞ്ചിന് വടകര സഹകരണ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തതോടെയാണ് കേസിനു വഴിത്തിരിവാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."