ഒറ്റവിരലില്‍ അറ്റങ്ങള്‍ കോര്‍ത്ത പ്രഭാഷകന്‍
#എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
ഹരം പകര്‍ന്ന ശൈലിയുടെയും ഉണര്‍ത്തിത്തുറന്നു തരുന്ന വാക്ശരങ്ങളുടെയും വൈദ്യുതതരംഗമായിരുന്ന ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെന്ന മുനകൂര്‍ത്ത വാക്കുകളുടെ ഉടമസ്ഥന്‍. കനത്തതോ നേര്‍ത്തതോ അല്ലാത്ത മൂര്‍ച്ചയുള്ള സ്വരവും അതിനായകത്വവും കുലീനതയും തുളുമ്പുന്ന ശരീരഭാഷയും കൊണ്ട് അദ്ദേഹം കഴിഞ്ഞുരൊ അരനൂറ്റാണ്ടു കാലം മലയാളം കണ്ട അസാധാരണ വാഗ്മിയാണെന്നു തന്നെ പറയാം. പ്രസംഗപീഠത്തിലെ ഭാവനാ സങ്കല്‍പ്പങ്ങളെ ആവാഹിച്ചെടുത്ത് കേവലം വിരലനക്കങ്ങള്‍ കൊണ്ട് സദസിനെ നിയന്ത്രിച്ച്, ശ്രോതാക്കളുടെ മനസും കൊണ്ട് പറന്ന ചിറകുള്ള ശൈലീശരങ്ങള്‍ ശംസുല്‍ ഉലമയ്ക്ക് അറ്റമില്ലാത്ത ശ്രോതാക്കളെയും, കൊല്ലാന്‍ പോലും കണ്ണിരുണ്ട അസൂയാലുക്കളെയും സൃഷ്ടിച്ചുകൊടുത്തു.
ആമുഖമെന്നോണം പൊതുവായി പറയട്ടെ. പണ്ഡിതന്മാര്‍ നടപ്പുശീലങ്ങളുടെ ലോകത്തുനിന്നു പുറത്തുകടന്ന് സാഹചര്യങ്ങളെ നേരിടണമെന്ന് പാതിരാത്രിയിലും അനാരോഗ്യത്തിലും ദൂരങ്ങള്‍ താണ്ടി പ്രസംഗിച്ച ശംസുല്‍ ഉലമ കാട്ടിത്തന്നു. മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനിന്നു കൊണ്ടാണ് അന്‍പത് കൊല്ലം ശംസുല്‍ ഉലമ പ്രസംഗിച്ചത്. ഒന്ന് ഇസ്‌ലാമിക ശരീഅത്തിന്റെ നിലപാടുകള്‍, അതാണദ്ദേഹം ഊന്നിപ്പറഞ്ഞത്. മതമാകട്ടെ, മതേതരമാകട്ടെ, സാമുദായിക പുരോഗതിയുടെ ആധാരം കണിശവും കര്‍ശനവുമായ മതനിഷ്ഠയാണെന്ന് അദ്ദേഹം കാട്ടിത്തന്നു.
രണ്ടാമത്തെ ഘടകം പ്രായോഗികതയായിരുന്നു. നടപ്പുരീതികളോടും സാഹചര്യത്തിന്റെ ആവശ്യങ്ങളോടും മുഖംതിരിഞ്ഞു കൊണ്ടുള്ള പ്രതിലോമപരമായ ശബ്ദം ഒരിക്കലും ശംസുല്‍ ഉലമ നടത്തിയില്ല. അതിനാല്‍ നിരാകരണങ്ങളെക്കാള്‍ സ്വീകരണങ്ങളായിരുന്നു കൂടുതല്‍. മൂന്നാമത്തേത് ഐക്യസന്ദേശവും രാജ്യസ്‌നേഹവുമായിരുന്നു. അനാവശ്യമായ ശൈഥില്യങ്ങള്‍ക്കെതിരേ യുവതലമുറയെ ശംസുല്‍ ഉലമ നിരന്തരം ഉണര്‍ത്തി. വിവേകം കൈവിടുന്ന ഒരു സന്ദര്‍ഭവും അദ്ദേഹം സൃഷ്ടിച്ചില്ല. അത്തരമൊരു താളഭംഗമോ വൈകാരിക വൈകല്യമോ ക്ഷോഭസ്ഖലനമോ ഒരിക്കലും ആ മഹാവ്യക്തിത്വത്തോട് ചേര്‍ന്നതുമായിരുന്നില്ല. തീവ്രശാഠ്യക്കാരായ സ്വന്തം അനുയായികളെ പോലും അവധാനതയുള്ള ശൈലി കൊണ്ട് അടക്കിനിര്‍ത്താന്‍ ശംസുല്‍ ഉലമക്കു സാധിച്ചു.
ശാന്തവും പക്വവുമായ പുറംതോടിനകത്തുനിന്നു കൊണ്ട് ശബ്ദചാരുതയുടെ മഴവില്ലഴകുകള്‍ പണിയാന്‍ ആ പ്രസംഗങ്ങള്‍ക്കു കഴിഞ്ഞു. അതില്‍ ശബ്ദതാളങ്ങളുടെ നിമ്‌നോന്നതികള്‍ ഉണ്ടായിരുന്നു. ആത്മാര്‍ഥതയുടെ ഗഹനതയുണ്ടായിരുന്നു. വിമര്‍ശനത്തിന്റെ തീ നാളങ്ങളുണ്ടായിരുന്നു. ജിഹ്വയുടെ ആവനാഴികളില്‍നിന്ന് ശംസുല്‍ ഉലമ പുറത്തിടുന്ന ശൈലികള്‍ പ്രവചനാതീതമായി അന്ത്യംവരെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രഭാഷകന്റെ ആദ്യ വാക്കില്‍നിന്നു ശ്രോതാക്കള്‍ അടുത്ത വാക്ക് ഊഹിക്കുന്ന സാധാരണ ഭാഷണമായിരുന്നില്ല അത്. ഇടക്ക് ു കത്തിക്കയറുമ്പോള്‍ ശ്രോതാക്കള്‍ ഹര്‍ഷപുളകിതരായി പ്രകമ്പനം കൊള്ളും.
പ്രയോഗത്തെ വെല്ലുന്ന പ്രമേയങ്ങളായിരുന്നു ആ പ്രഭാഷണങ്ങള്‍. അധ്യാപനം കൊണ്ടു മാത്രമല്ല, പ്രഭാഷണം കൊണ്ടും കൂടിയാണ് ശംസുല്‍ ഉലമയെന്ന സ്ഥാനനാമം അദ്ദേഹം നേടിയെടുത്തത്. തങ്ങള്‍ക്കനുകൂലമായി പ്രസംഗിച്ചിരുന്നവര്‍ക്ക് സര്‍ക്കാര്‍ ശംസുല്‍ ഉലമ പട്ടം നല്‍കിവന്ന കാലഘട്ടത്തിന്റെ തൊട്ടുടനെയാണ് ജനഹൃദയങ്ങളില്‍നിന്ന് അദ്ദേഹം ആപട്ടം നേടിയെടുത്തത്. മൗലാനാ ശിബ്‌ലി നുഅ്മാന്‍, മൗലാനാ മീര്‍ ഹസന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ പണ്ഡിതന്മാര്‍ക്കു സര്‍ക്കാര്‍ അനുകൂല പ്രസംഗങ്ങളുടെ പാരിതോഷികമായി കിട്ടിയിരുന്ന പദവിയാണ് ശംസുല്‍ ഉലമ എന്ന പട്ടം. ലോക ചരിത്രത്തില്‍ ശംസുല്‍ ഉലമമാര്‍ ഭാരതീയ മുസ്‌ലിം വിലാസങ്ങളുടെ മാത്രം പ്രത്യേകതയാണ്. പക്ഷെ, അതില്‍ അധികാരപ്രീണനങ്ങളുടെയോ ബാഹ്യസമ്മര്‍ദങ്ങളുടെയോ കറകലരാതെ വിശുദ്ധമയ ഇസ്‌ലാം പറഞ്ഞതിനാലാണു ചരിത്രം ആ പുരുഷായുസിന് അത്തരമൊരു ജനാംഗീകാരം നേടിയെടുക്കാനായത്.
****** ******
ധീരനായിരുന്നു പ്രഭാഷകനായ ശംസുല്‍ ഉലമ. 1951 മുതലാണ് ശംസുല്‍ ഉലമയെന്ന പ്രഭാഷകന്റെ മൂര്‍ച്ച കേരളമറിയുന്നത്. കോഴിക്കോട് ജില്ലയിലെ പൂനൂരില്‍ മുജാഹിദ് നേതാക്കളായ അലവി മൗലവിയും പറപ്പൂര്‍ മൗലവിയും നിരന്തരം നടത്തി വന്ന സലഫി മിഷനറി പ്രവര്‍ത്തനങ്ങളുടെ ഫലമായി മേഖലയിലെ പരമ്പരാഗത ഇസ്‌ലാം ആടിയുലഞ്ഞ സമയത്തായിരുന്നു ഒരവദൂതന്റെ ഇടിമുഴക്കം പോലെ ശംസുല്‍ ഉലമ വെളപ്പെടുന്നത്. ബദ്‌രീങ്ങളെ രക്ഷിക്കണേ, മുഹ്‌യുദ്ദീന്‍ ശൈഖേ കാക്കണേ എന്നിങ്ങനെ മരണപ്പെട്ടവരോടു സഹായം തേടുന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടോ എന്ന മൗലവിമാരുടെ ഉന്നംവച്ച ചോദ്യങ്ങള്‍ സാധാരണക്കാരെ നന്നായി സ്വാധീനിച്ചിരുന്നു. അന്നത്തെ മിക്ക സമ്പന്നന്മാരും സലഫി പക്ഷത്തേക്ക് സ്വാഭാവികമായും ആകൃഷ്ടരായി. പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ തുടങ്ങിയ അന്നത്തെ സുന്നി പ്രതിരോധനിരക്കു സാധാരണക്കാരുടെ പ്രായോഗികയുക്തിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടത്ര സാധിക്കാതെ പോയത് സുന്നികളുടെ ആത്മവിശ്വാസത്തെ സാരമായും ബാധിച്ചു. മറുപടി പറയാന്‍ ആര്‍ജവമുള്ള സുന്നി പണ്ഡിതനു വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് മുപ്പതിന്റെ തൊട്ടുചുവടില്‍ നില്‍ക്കുന്ന ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരിലായിരുന്നു. സുന്നിപക്ഷത്തെ പൗര പ്രമാണിമാര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും സാഹചര്യത്തിന്റെ സന്നിഗ്ദാവസ്ഥ തൊട്ടറിഞ്ഞ അദ്ദേഹം സ്വയം പോരാളിയായി രംഗത്തുവന്നു. സ്വയം തന്നെ മുതലാളിമാരെ കണ്ടു വാഴത്തടകള്‍ കൊണ്ട് വേദി ഉയര്‍ത്തുകയും പ്രചാരണം നടത്തുകയും ചെയ്തു അദ്ദേഹം. അധികപേര്‍ക്കും അപരിചിതനായ യുവപണ്ഡിതന്റെ ആവേശം കണ്ട് ആളുകള്‍ ഒത്തുകൂടി. സുന്നിപക്ഷത്തെ വിഷയാവതാരകനെ പ്രതീക്ഷിച്ചിരുന്ന സദസിനുമുന്‍പിലേക്ക് വന്നത് മുഖ്യസംഘാടകനായ ശംസുല്‍ ഉലമ തന്നെയായിരുന്നു.
ഒന്നാം ദിവസം തവസ്സുല്‍, ഇസ്തിഗാസ, ഖുനൂത്ത്, കൂട്ടുപ്രാര്‍ഥന തുടങ്ങിയ വിഷയത്തെ അധികരിച്ചാണു സംസാരിച്ചത്. തുടര്‍ന്നു നിരുപാധികമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കിയ അദ്ദേഹം നീണ്ടുനിന്ന മൗലവിമാരെയും പരന്നുകിടന്ന ജനസഞ്ചയത്തെയും അത്ഭുതപ്പെടുത്തി മറുപടി പറഞ്ഞുകൊണ്ടിരുന്നു. ഉല്‍കണ്ഠയോടെ വന്ന സുന്നികള്‍ ഊര്‍ജം സംഭരിച്ചും ഉത്സവത്തോടെ വന്ന മുജാഹിദ് പക്ഷം ഉള്‍ക്കിടിലത്തോടെയുമാണ് അന്നു മടങ്ങിയത്. രണ്ടാം ദിവസം മുജാഹിദ് വേദി കാലിയായിരുന്നു. ഒഴിഞ്ഞുകിടന്ന സലഫിവേദിയെ സാക്ഷിയാക്കി അന്നത്തെ പാതിരാത്രി ശംസുല്‍ ഉലമ പൂനൂരില്‍ പരന്നൊഴുകി. പ്രഭാഷണാനന്തരം ശംസുല്‍ ഉലമയെ പല്ലക്കില്‍ കയറ്റിയാണു തിരികെ വീട്ടിലെത്തിച്ചത്.
സാഹസികത, നിശ്ചയദാര്‍ഢ്യം, വീക്ഷണ കൃത്യത തുടങ്ങി ഒരു നവോഥാനനായകനു വേണ്ട എല്ലാ ഘടകങ്ങളും ശംസുല്‍ ഉലമ എന്ന വാഗ്വിലാസത്തില്‍ സംലയിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരേ അദ്ദേഹം നടത്തിയ തേരോട്ടഗാഥകള്‍ അക്കാര്യം വ്യക്തമാക്കുന്നു. ജമാഅത്ത് ഖണ്ഡനത്തിന് വേണ്ടി മൂന്ന് മാസം കാസര്‍കോട്ടെ പ്രശസ്ത ജമാഅത്തെ ഇസ്‌ലാമി സ്ഥാപനമായ ആലിയ കോളജില്‍ പഠിക്കുകയും ജമാഅത്തെ ഇസ്‌ലാമിയുടെ താത്വികസാഹിത്യങ്ങള്‍ വായിച്ചു ഗ്രഹിക്കുകയും ചെയ്ത അദ്ദേഹം കാണിച്ച ആവിഷ്‌കാരവൈഭവം അപാരമായിരുന്നു. എല്ലാ വര്‍ഷവും ആലിയ കോളജിന്റെ പരിസരത്ത് വമ്പിച്ച ജമാഅത്ത് ആദര്‍ശ വിശദീകരണ പൊതുയോഗങ്ങള്‍ നടന്നിരുന്നു. യാദൃശ്ചികമായി ഒരിക്കല്‍ പ്രഭാഷകനായി പ്രിന്‍സിപ്പല്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. നിര്‍ണായകമായ ആ ഘട്ടത്തില്‍ ശംസുല്‍ ഉലമ തന്റെ ആലിയ പഠനത്തിന്റെ അടിസ്ഥാനലക്ഷ്യം തുറന്നുപറഞ്ഞു തിരിച്ചുവന്നു. തൊട്ടുടനെ മലപ്പുറം ജില്ലയിലെ മൗദൂദി ശക്തി ദുര്‍ഗമായിരുന്ന പെരിന്തല്‍മണ്ണ, ശാന്തപുരം, പട്ടിക്കാട് ഭാഗങ്ങളില്‍ ശംസുല്‍ ഉലമ തുടര്‍ച്ചയായി ജമാഅത്ത് ഖണ്ഡനങ്ങള്‍ നടത്തി. സാധാരണക്കാര്‍ക്കുമുന്‍പില്‍ മതത്തിനുള്ളിലെ വിശാലസൗകര്യങ്ങളുടെ ലിബറല്‍ മുഖവും അഭ്യസ്തവിദ്യര്‍ക്കുമുന്‍പില്‍ സായുധമതത്തിന്റെ തീവ്രമുഖവും പൊതുസമൂഹത്തില്‍ അന്താരാഷ്ട്ര മുസ്‌ലിം രാഷ്ട്രീയ പ്രശ്‌നങ്ങളും ഒന്നിച്ചവതരിപ്പിച്ചു കൊണ്ടുള്ള ജമാഅത്തുകാരുടെ മതരാഷ്ട്രീയവും രാഷ്ട്രീയമതവും അന്നത്തെ മലബാറിലെ അരക്ഷിത മുസ്‌ലിം പൊതുബോധത്തെ വളരെ ആകര്‍ഷിച്ചിരുന്നു. പക്ഷെ ആദര്‍ശപരമായി ശംസുല്‍ ഉലമ അവരുടെ മതരാഷ്ട്രവാദത്തെ തകര്‍ക്കുകയായിരുന്നു.
****** ******
എന്ത് കൊണ്ട് ശംസുല്‍ ഉലമ സമകാലീനരായ പണ്ഡിതന്മാരില്‍ ഒന്നാമനായി എന്നതിനുള്ള ഉത്തരമാണ് കൃസ്ത്യന്‍ മിഷനറിക്കെതിരായ അദ്ദേഹത്തിന്റെ പടയോട്ടം. 1970കളില്‍ തെക്കന്‍ കേരളത്തിലേക്കു നിയുക്തരായ മിഷനറി സംഘം മലപ്പുറം ജില്ലയിലെ നിര്‍ധനരായ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന നിലമ്പൂര്‍, മൂത്തേടം, കരുളായി, ചുങ്കത്തറ, എടക്കര, വഴിക്കടവ് തുടങ്ങിയ മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1970ല്‍ മഞ്ചേരിയില്‍ നാല്‍പത് പാതിരിമാരുടെ കൂട്ടായ്മയില്‍ മര്‍ക്കസുല്‍ ബിശാറ എന്ന സ്ഥാപനം നിലവില്‍ വന്നു.
സാമ്പത്തിക സഹായം വഴിയും രോഗശുഷ്രൂകള്‍ വഴിയും മുസ്‌ലിം സമുദായത്തിനകത്തേക്ക് ഇടവഴിവെട്ടാന്‍ ശ്രമിച്ച ക്രിസ്ത്യന്‍ മിഷനറിമാരുടെ ചതി മനസിലാക്കുന്നതില്‍ പ്രദേശത്തെ മുസ്‌ലിം നേതാക്കള്‍ കാലതാമസം നേരിട്ടത് പ്രശ്‌നം വഷളാക്കി. ഖുര്‍ആനിക വചനങ്ങളെ വികലമാക്കി യേശുകൊല്ലപ്പെട്ടു എന്ന് വിശ്വസിപ്പിക്കുന്ന സുവിശേഷ പുസ്തകങ്ങള്‍ പ്രചരിച്ചതോടെ രംഗം വൈകാരികമായി. അവര്‍ മുജാഹിദ്, തബ്‌ലീഗ് നേതാക്കന്മാരെ സമീപിച്ചെങ്കിലും കൃത്യമായ മുന്നൊരുക്കത്തോടെ വരുന്ന മിഷനറിക്കാരെ പ്രാമാണികമായി നേരിടാന്‍ സാവകാശം ആവശ്യപ്പെട്ടു. പക്ഷേ, ശംസുല്‍ ഉലമയെ കാണിച്ച സംഘാടകര്‍ ആ ചങ്കൂറ്റത്തിനുമുന്നില്‍ അമ്പരന്നു. ബൈബിളിലെ വൈരുധ്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മനസിലാകുംവിധം ലളിതമായി ശംസുല്‍ ഉലമ അവതരിപ്പിച്ചത് പാതിരിമാരെ അങ്കലാപ്പിലാക്കി.
സുറിയാനി ഭാഷയിലെ മൂലഗ്രന്ഥം ഉദ്ധരിച്ച് അവസാനം ശംസുല്‍ ഉലമ നടത്തിയ പ്രഭാഷണത്തോടെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ശംസുല്‍ ഉലമ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാതിരിമാര്‍ക്കു കഴിഞ്ഞില്ല. അവരില്‍ പലരും ഇസ്‌ലാം ആശ്ലേഷിച്ചു.
****** ******
1985ല്‍ നടന്ന സമസ്ത 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം ഒരുപക്ഷെ ലോക ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ പ്രഭാഷണങ്ങളില്‍ ഒന്നായിരിക്കും. കേരളം ദര്‍ശിച്ച ഏറ്റവും വലിയ ജനസമുദ്രമെന്നു പില്‍ക്കാലം ഏകസ്വരത്തില്‍ പറഞ്ഞ പ്രസ്തുത വേദിയില്‍ ഉദ്ഘാടന പ്രസംഗം നടന്നത് ഏറ്റവും അവസാനമായിരുന്നുവെന്നതു സൂചിപ്പിക്കുന്നത് ആ വാക്കുകളുടെ ജനപ്രിയത തന്നെയാണ്.
അനിതര സാധാരണമായ കല്‍പ്പനാധികാരവും തികഞ്ഞ ആത്മവിശ്വാസവുമായിരുന്നു ശംസുല്‍ ഉലമയുടെ വാക്കുകളുടെ ഊര്‍ജസ്രോതസ്. വിവിധ ഭാഷാപരിജ്ഞാനവും നിയമജ്ഞാനവും തന്റെ പ്രഭാഷണങ്ങളില്‍ യഥാസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ദാര്‍ശനികമായും സാമൂഹികമായും ഉയര്‍ന്ന നിലവാരം ഓരോ വാക്പ്രയോഗത്തിലും ഉണ്ടായിരുന്നു. സന്ദര്‍ഭവും രംഗഭാഷയും അദ്ദേഹം നന്നായി മനസ്സിലാക്കി. 1986ല്‍ രാജ്യത്തെ നിയമനിര്‍മാണസഭകള്‍ മുതല്‍ കോടതിവരെയും ചൂടുള്ള ചര്‍ച്ചയായി ശരീഅത്ത് വിവാദം കൊടുമ്പിരികൊണ്ട സമയത്ത്, ഇന്ത്യന്‍ ഭരണഘടനയും ഫതാവാ ആലംഗീരിയും ഉദ്ധരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണമാണ് പിന്നീട് സേഠ് സാഹിബ് അടക്കമുള്ള എം.പിമാര്‍ ആവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."