കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്: അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു
കോഴിക്കോട്: സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. മഞ്ചേരി തപാല്‍ ഓഫിസ് പരിധിയിലുള്ള ആറ് തപാല്‍പ്പെട്ടികള്‍ക്ക് സമീപമുള്ള സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലിസ് ശേഖരിച്ചത്. ശേഷിച്ച മൂന്ന് സ്ഥലങ്ങളില്‍ സി.സി.ടി.വി ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
മഞ്ചേരി ടൗണിനോടു തൊട്ടുകിടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തന്നെയാണ് ഇവയെല്ലാം. പ്രദേശത്തെ തീവ്രസ്വഭാവമുള്ള സംഘടനയില്‍പ്പെട്ടവരും നേരത്തെ ഇത്തരം കേസുകളുമായി ബന്ധമുള്ളവരും ആയ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് ദൃശ്യങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടോയെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പുവരുത്തും. ഭീഷണിക്കത്ത് ലഭിച്ച കഴിഞ്ഞ മാസം 14ാം തിയതിക്ക് മുന്‍പുള്ള ദൃശ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. തുടര്‍ന്ന് ആവശ്യമെങ്കില്‍ കൈയക്ഷര പരിശോധനയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നല്ലളം എസ്.ഐ കൈലാസ് നാഥ് പറഞ്ഞു.
ആറ് മാസത്തിനുള്ളില്‍ ഇസ്‌ലാം മതം സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കൈയും കാലും വെട്ടുമെന്നും ഭീഷണപ്പെടുത്തിയാണ് കെ.പി രാമനുണ്ണിക്ക് കത്ത് ലഭിച്ചത്. ഒരു പത്രത്തില്‍ എഴുതിയ ഹിന്ദു, മുസ്‌ലിം മതങ്ങളുമായി ബന്ധപ്പെട്ട ലേഖനത്തെ പരാമര്‍ശിച്ചാണ് കത്തില്‍ ഭീഷണിയുണ്ടായിരുന്നത്. അദേഹത്തിന്റെ വീടിന് ഏര്‍പ്പെടുത്തിയ പൊലിസ് കാവല്‍ തുടരുകയാണ്. വീടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക നൈറ്റ് പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."