വെര്‍ച്വല്‍ റിയാലിറ്റിയുടെ സൈനികരംഗത്തെ ഉപയോഗം വ്യക്തമാക്കി നേവല്‍ എക്‌സിബിഷന്‍
കൊച്ചി: വെര്‍ച്വല്‍ റിയാലിറ്റിയുടെ സൈനികരംഗത്തെ ഉപയോഗം വ്യക്തമാക്കുന്ന നേവല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. സമുദ്രത്തില്‍ 100 മീറ്റര്‍ വരെ ആഴത്തിലെത്തി ചിത്രങ്ങള്‍ പകര്‍ത്താനുള്ള സംവിധാനം, മനുഷ്യരുടെ മുഖംനോക്കി അവരുടെ ഭാവം അതേപടി പകര്‍ത്തുന്ന കുഞ്ഞന്‍ റോബോട്ട്- ഇങ്ങനെ നീളുന്നു എക്‌സിബിഷനിലെ സാങ്കേതികവിദ്യകള്‍. കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്താണ് എക്‌സിബിഷന്‍ നടക്കുന്നത്.
മേക്കര്‍ വില്ലേജ് അവതരിപ്പിച്ച 'ഐ റോ ടുന' എന്ന ഈ സാങ്കേതിക സംവിധാനം സമുദ്രത്തില്‍ 100 മീറ്റര്‍ വരെ ആഴത്തിലെത്തി ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. ചെളി മൂടിക്കിടക്കുന്ന നിലയില്‍ അകപ്പെട്ടുപോയ വസ്തുക്കളെ ശബ്ദതരംഗങ്ങളുടെ സഹായത്തോടെയും കണ്ടെത്തും. എത്ര ദുര്‍ഘടമായതാണെങ്കിലും കൃത്യമായ ചിത്രങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്ന കാമറയിലൂടെ കണ്‍ട്രോള്‍ സ്റ്റേഷനിലെത്തും. മനുഷ്യരുടെ മുഖംനോക്കി അവരുടെ ഭാവം അതേപടി പകര്‍ത്തുന്ന കുഞ്ഞന്‍ റോബോട്ട് ബി.ഡി.എസ് എജ്യുക്കേഷന്‍ എന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. ഒരു പുസ്തകത്തിലെ ചിത്രം കാണുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും ത്രിമാനദൃശ്യമായി കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അതിനും മറുപടി ഇവിടെയുണ്ട്.
വെര്‍ച്വല്‍ റിയാലിറ്റിയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി ട്രാവന്‍കൂര്‍ അനലിറ്റിക്‌സാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇതേ സാങ്കേതികവിദ്യ മെക്കാനിക്കല്‍ ജോലികള്‍ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതായിരുന്നു സ്‌പെക്കുലര്‍ ഗ്രാഫിക്‌സിന്റെ സ്റ്റാളിലെ കാഴ്ച. ഓണ്‍ലൈനായി ഒരു യന്ത്രത്തിന്റെ സാങ്കേതികത്വം റിമോട്ടിന്റെ സഹായത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. ഓഫിസര്‍മാര്‍ക്കും മറ്റും പരിശീലനത്തിന് ഉപയോഗിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആയുധ പരിശീലനത്തിനടക്കം പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാമെന്ന് സ്റ്റാളുകളിലൂടെ അവര്‍ വ്യക്തമാക്കി.
കിലോമീറ്ററുകള്‍ അകലെയുള്ള കപ്പലുകളുടെ സഞ്ചാരഗതി, ഏതുതരം കപ്പലുകളാണ് സമീപത്തുകൂടെ കടന്നുപോകുന്നത്, എത്ര ദൂരത്തിലാണ് അവയുടെ യാത്ര തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നതായിരുന്നു നാഷണല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയുടെ സ്റ്റാളിലുണ്ടായിരുന്നത്. ദക്ഷിണ നാവിക സേന വൈസ് അഡ്മിറല്‍ എ.കെ ചൗള, ആര്‍മി ട്രെയിനിങ് കമാന്‍ഡ് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ചീഫ് ലഫ്. ജനറല്‍ പി.സി തിമ്മയ്യ, ബംഗളൂരു എയര്‍ഫോഴ്‌സ് ട്രെയിനിങ് കമാന്‍ഡ് എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ചീഫ് എയര്‍മാര്‍ഷല്‍ എ.എസ് ബുറ്റോല എന്നിവര്‍ ചേര്‍ന്ന് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷനില്‍ ത്രിഡി വെര്‍ച്വല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്ന നൂതന പരിശീലന സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."