സ്‌കോളര്‍ഷിപ്പ്: ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ഓഫിസിലെ ഹെല്‍പ്പ് ഡെസ്‌ക് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പ്ലസ്ടു മുതല്‍ പി.എച്ച്.ഡി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് കോളജിയേറ്റ് എജുക്കേഷന്‍ മുഖേന സ്‌കോളര്‍ഷിപ്പ് സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് തിരുവനന്തപുരം കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ് കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കോളജുകള്‍ക്കും മറ്റും സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ സംശയങ്ങളും ദുരീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ടെലിഫോണ്‍ സംവിധാനം കോളജിയേറ്റ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്ത് ഇതിനായി ക്രമീകരിച്ചിരുന്നു. എന്നാല്‍ ഈ ഫോണുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഒരുമാസത്തോളമായി ഈ ഫോണുകള്‍ നിശ്ചലാവസ്ഥയിലാണ്. പലപ്പോഴും വെബ്‌സൈറ്റ് കിട്ടാതിരിക്കുന്നതും സാങ്കേതിക തകരാറുകളും ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്‌കോളര്‍ഷിപ്പ് സംബന്ധമായി അനുബന്ധ രേഖകളുടെ വിവരങ്ങള്‍ ആരായുന്നതിനും ഹെല്‍പ്പ്‌ഡെസ്‌കിലെ ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചാല്‍ പ്രവര്‍ത്തനരഹിതമാണെന്നോ തിരക്കാണെന്നോ മറുപടിയാണ് ലഭിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ പുതിയതായി അപേക്ഷിക്കുന്നതിന് ഓഗസ്റ്റ് 31വരെ സമയം ഉണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷത്തേക്ക് പുതുക്കുന്നതിന് ജൂലൈ 31 വരെ മാത്രമെ സമയം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പരീക്ഷാ ഫലങ്ങള്‍ വൈകുന്നത് മൂലം തിയതി നീട്ടുമെന്നാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിച്ചത്.
വെബ്‌സൈറ്റ് പലപ്പോഴും കിട്ടാതിരിക്കുന്നത് മൂലം വിദ്യാര്‍ഥികളുടെ സംശയം ദുരീകരിക്കുന്നതിന് അതാത് കോളജ് നോഡല്‍ ഓഫിസര്‍മാര്‍ക്കും സാധിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."