കമ്പളക്കാട് ടൗണില്‍ നാളെ മുതല്‍ ഗതാഗത പരിഷ്‌കരണം
കല്‍പ്പറ്റ: ഗാതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന കമ്പളക്കാട് ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നു.
നാളെ മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വരിക. ഈമാസം നാലിന് ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലാണ് ഗതാഗതം പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമായതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി, പി.ഡബ്ല്യു.ഡി, പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റ്, രാഷ്ട്രീയപാര്‍ട്ടി, കമ്പളക്കാട് ടൗണ്‍ വികസന സമിതി, വ്യാപാരി വ്യവസായി, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ ടൗണില്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കിയിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. തുടര്‍ന്നാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വീണ്ടും യോഗം ചേര്‍ന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പള്ളിക്കുന്ന് റോഡിലെ പാരലല്‍ ജീപ്പ് സര്‍വിസ് പൊലിസ് സഹായത്തോടെ നിര്‍ത്തും.
പിക്കപ്പ് ഓട്ടോറിക്ഷകള്‍ക്കും ടാക്‌സി ജീപ്പുകള്‍ക്കും നമ്പര്‍ നല്‍കാനും പാര്‍ക്കിങ് സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരേയുമാക്കി നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ക്കിങ്, നോ പാര്‍ക്കിങ് ഏരിയകളും കൃത്യതയോടെ തിരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് പരമാവധി 20 മിനുട്ട് മാത്രമേ അനുവദിച്ച സ്ഥലങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കുകയൊള്ളൂ.
പരിഷ്‌കരണത്തിന്റെ ഭാഗമായി ബസ് സ്റ്റോപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ നിന്നും പള്ളിക്കുന്ന് റോഡ് വഴിയുള്ള ബസുകള്‍ ടൗണിലെ എം.എസ് ഹാര്‍ഡ് വേര്‍സിന് സമീപമുള്ള പുതിയ സ്റ്റോപ്പില്‍ നിര്‍ത്തി സ്റ്റാന്‍ഡില്‍ കയറി തിരിച്ച് പള്ളിക്കുന്ന് റോഡിലെ സ്റ്റോപ്പില്‍ നിര്‍ത്തണം. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി ഭാഗത്തേക്കുള്ള ബസുകള്‍ എം.എസ് ഹാര്‍ഡ് വേര്‍സിന് സമീപമുള്ള സ്റ്റോപ്പിലും ബസ് സ്റ്റാന്‍ഡിലും മാത്രമാണ് നിര്‍ത്തേണ്ടത്. പനമരം ഭാഗത്ത് നിന്നുള്ള ബസുകള്‍ പഞ്ചായത്ത് സ്റ്റാന്‍ഡിലും ടൗണിലെ ബസ് സ്റ്റോപിലും നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം
ഓട്ടോ, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങിന് സ്ഥലം അനുവദിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ, വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു ജേക്കബ്, അംഗങ്ങളായ പി.ജെ രാജേന്ദ്ര പ്രസാദ്, സുനീറ പഞ്ചാര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."