മധുവിന്റെ കണ്ണില്‍ ഇനി നന്മവിദ്യാലയം പകര്‍ന്നുനല്‍കിയ 'വെളിച്ചം'
ചെറുവത്തൂര്‍: കാഴ്ച മങ്ങി ചുറ്റും ഇരുള്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ പ്രതീക്ഷയുടെ ചെറുവെട്ടം പോലുമുണ്ടായിരുന്നില്ല മധുവിന്റെ മനസില്‍. ദൈവ ദൂതന്‍മാരെ പോലെയെത്തിയ ഒരു കൂട്ടം അധ്യാപകരുടെ ഇടപെടലിലൂടെ അന്ധതയിലേക്ക് ആണ്ടുപോയി തുടങ്ങിയ കണ്ണുകളിലൊന്നില്‍ ഒടുവില്‍ വെളിച്ചം നിറഞ്ഞു. അക്ഷര വെളിച്ചം ചൊരിയുന്ന ഒരു വിദ്യാലയം ഒരു കുടുംബനാഥന്റെ കണ്ണുകളിലേക്ക് വെളിച്ചം പകര്‍ന്ന കഥ കാസര്‍കോട് കുട്ടമത്ത് നിന്നുമാണ്.
കുട്ടമത്ത് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മിഥുന്‍ രാജും, നന്ദന മോളും. സ്‌കൂള്‍ തുറന്ന വേളയില്‍ കുട്ടികളുടെ പഠന സാഹചര്യം നേരിട്ടറിയാന്‍ അധ്യാപകര്‍ ഇവരുടെ വീട്ടിലുമെത്തി. ചെറുവത്തൂര്‍ കൊവ്വലിലെ വാടക വീട്ടിലാണ് വര്‍ഷങ്ങളായി ഇവരുടെ താമസം. അച്ഛന്‍ മധു ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട് അടുത്ത കണ്ണിന്റെ കാഴ്ച മങ്ങി തുടങ്ങി എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന മധുവിന്റെ വേദന അപ്പോഴാണ് അധ്യാപകര്‍ അറിയുന്നത്.
ഓപ്പറേഷന്‍ നടത്തിയാല്‍ കാഴ്ച തിരിച്ചു കിട്ടുമെന്ന് രണ്ടു വര്‍ഷം മുന്‍പ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.40,000 രൂപ ഇല്ലാത്തതിനാല്‍ അന്ന് അതിനു സാധിച്ചില്ല. ഒരു കണ്ണിന്റെയെങ്കിലും കാഴ്ച നിലനിര്‍ത്താന്‍ അടിയന്തരമായി ഓപ്പറേഷന്‍ നടത്തണമെന്നും, 80000 രൂപ ചെലവു വരുമെന്നും പറഞ്ഞപ്പോള്‍ ആ കുടുംബത്തെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ചിന്തയുമായാണ് അധ്യാപകര്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിയത്.
അടുത്ത ദിവസത്തെ എസ്.ആര്‍.ജി യോഗത്തില്‍ മധുവിന്റെ സങ്കടകഥ പറഞ്ഞപ്പോള്‍ അധ്യാപകരെല്ലാം നിറഞ്ഞമനസോടെ സഹായിച്ചു. കൂട്ടുകാരുടെ കുടുംബത്തിന്റെ സങ്കടം കേട്ടപ്പോള്‍ കുട്ടികളും തങ്ങളാല്‍ കഴിയും വിധം സഹായമെത്തിച്ചു.
അങ്ങനെ വിദ്യാലയം നല്‍കിയ 1,25000 രൂപയും വി.വി നഗറിലെ പാലിയേറ്റീവ് സൊസൈറ്റിയും, സുമനസുകളും നല്‍കിയ സഹായവുമായി ഭാര്യ രുഗ്മിണിക്കും മക്കള്‍ക്കുമൊപ്പം മധു മംഗലാപുരത്തെ ആശുപത്രിയിലെത്തി. കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ കഴിഞ്ഞു.
ഒരു കണ്ണില്‍ ഇനിയെന്നും വെളിച്ചമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കി. ആശുപത്രിയിലും ഈ കുടുംബത്തെ സഹായിക്കാന്‍ അധ്യാപകര്‍ ഊഴമിട്ടെത്തി. ശുഭവാര്‍ത്തയെത്തിയപ്പോള്‍ കുട്ടമത്ത് സ്‌കൂളിലെ അസംബ്ലിയില്‍ ഇന്നലെ ആഹ്ലാദം അലതല്ലി. തുടര്‍ ചികിത്സയ്ക്കും, കുട്ടികളുടെ പഠനത്തിനും, ജീവിത ചെലവിനുമൊക്കെ സുമനസുകളുടെ സഹായം ഇനിയുമുണ്ടാകണം. അതിനുള്ള പരിശ്രമത്തിലാണ് നന്മ നിറഞ്ഞ കുട്ടമത്തെ ഈ വിദ്യാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."