സന്താപങ്ങളെന്ന സന്തോഷങ്ങള്‍
തീ ദുരന്തമാണോ?
സ്വര്‍ണം പറയുന്നു: ''ഒരിക്കലുമല്ല. തീ അനുഗ്രഹമാണ്. ഞാന്‍ സംശുദ്ധയായി തീരുന്നത് അതിലിട്ടു പഴുപ്പിക്കപ്പെടുമ്പോഴാണ്..''
വിറകു പറയുന്നു: ''തീ ദുരന്തം തന്നെ. അതുള്ളതുകൊണ്ടാണു ഞാന്‍ ചാരമായിത്തീരുന്നത്..''
പ്രതിസന്ധികള്‍ ദുരന്തമാണോ?
വിജയികള്‍ പറയുന്നു: ''ഒരിക്കലുമല്ല. പ്രതിസന്ധികള്‍ അനുഗ്രഹമാണ്. അതുള്ളതുകൊണ്ടാണു ഞങ്ങള്‍ക്കു കൂടുതല്‍ ഉയര്‍ച്ചയും വളര്‍ച്ചയും ലഭിക്കുന്നത്..''
പരാജിതര്‍ പറയുന്നു: ''പ്രതിസന്ധികള്‍ ദുരന്തങ്ങള്‍ തന്നെ.. അവയുള്ളതുകൊണ്ടാണു ഞങ്ങള്‍ കൂടുതല്‍ തളര്‍ന്നുപോകുന്നത്. ഞങ്ങളുടെ വളര്‍ച്ച മുരടിച്ചുപോകുന്നതും അക്കാരണത്താല്‍ തന്നെ..''
ഒരേ സാഹചര്യം രണ്ടുപേര്‍ക്കു രണ്ടായി തോന്നുന്നുവെങ്കില്‍ പ്രശ്‌നം സാഹചര്യത്തിനല്ല, തോന്നുന്നവര്‍ക്കാണ്. വിറകു പറയുന്നപോലെ പ്രശ്‌നം തീക്കാണെങ്കില്‍ സ്വര്‍ണത്തിനും അതു പ്രശ്‌നമാകണം. പരാജിതര്‍ പറയുന്നപോലെ പ്രതിസന്ധികളാണു തളര്‍ച്ചയുണ്ടാക്കുന്നതെങ്കില്‍ വിജയികളെയും അതു തളര്‍ത്തിക്കളയണം..
ഭൗതികജീവിതം സ്വര്‍ഗസമാനമായിരിക്കണമെന്ന ശാഠ്യം മൗഢ്യമാണ്. സ്വര്‍ഗസമാനമായ ജീവിതം നയിക്കാനല്ല, സ്വര്‍ഗത്തിലേക്കെത്താനാവശ്യമായ ത്യാഗങ്ങളനുഷ്ഠിക്കാനുള്ളതാണ് ഈ ജീവിതം. സ്വര്‍ഗം ഇവിടെ തന്നെയാണെങ്കില്‍ എന്തിനു പിന്നെ മറ്റൊരു സ്വര്‍ഗത്തിന്റെ ആവശ്യം? വിലപ്പെട്ടതുകിട്ടാന്‍ ത്യാഗങ്ങള്‍ വേണം. സ്വര്‍ഗം കിട്ടാന്‍ പ്രതിസന്ധികള്‍ തരണം ചെയ്യണം. മുകളിലെ പൂവിലെത്താന്‍ അടിയിലെ ഉറുമ്പിനു മുള്‍പാത താണ്ടണമല്ലോ.. എന്തിനെയും ഈ അര്‍ഥത്തില്‍ കണ്ടാല്‍ പ്രശ്‌നം തീരും.
ഒരു വസ്തുവിനെ ഒരേ കോണില്‍നിന്നു നോക്കിയാല്‍ അതിനു സൗന്ദര്യം കണ്ടെന്നുവരില്ല. പകരം, മറ്റൊരു കോണില്‍നിന്നു നോക്കിയാല്‍ വല്ലാത്ത ചന്തമായിരിക്കും. കാണാന്‍ കൊള്ളാത്തതാണു നിങ്ങളുടെ നാടെന്നു കരുതുക. നാടുവിട്ട് മറ്റേതെങ്കിലും പ്രകൃതിരമണീയമായ സ്ഥലത്തേക്കു കുടിയേറാന്‍ നിങ്ങള്‍ക്കു തോന്നുന്നു.. അതിന്റെ കാരണം മറ്റൊന്നുമല്ല, നാടിനെ നോക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പ്രതലം ഒന്നുമാത്രമാണ്. മറ്റൊരു പ്രതലത്തില്‍നിന്നുകൊണ്ട് നാടിനെ കാണാന്‍ നിങ്ങള്‍ ശ്രമിക്കുന്നില്ല. ഉദാഹരണത്തിനു നാടിന്റെ ആകാശക്കാഴ്ച കണ്ടുനോക്കൂ.. നാടിനെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറും. പ്രശ്‌നത്തെ ഒരു വശത്തുനിന്നു മാത്രം കണ്ടാല്‍ അതു പ്രശ്‌നം തന്നെയായിരിക്കും. നേരെ മറിച്ച്, ഉയര്‍ന്ന കാഴ്ചപ്പാടോടെ അതിനെ കണ്ടുനോക്കൂ, നിങ്ങളുടെ അഭിപ്രായം മാറും.
താഴെനിന്നു വസ്തുവിനെ കാണുമ്പോഴുള്ള കാഴ്ചയല്ല, ഉയരത്തില്‍നിന്ന് അതിനെ കാണുമ്പോള്‍ ഉണ്ടാവുക. താഴ്ന്ന ചിന്തയില്‍നിന്നുകൊണ്ട് വസ്തുതയെ കാണാന്‍ ശ്രമിക്കുമ്പോഴുള്ള മാനസികാവസ്ഥയല്ല, ഉയര്‍ന്ന ചിന്തയില്‍നിന്നു കൊണ്ട് അതിനെ കാണാന്‍ ശ്രമിക്കുമ്പോഴുണ്ടാവുക.
കാര്യങ്ങളെ താഴ്ന്ന നിലവാരത്തില്‍ സമീപിച്ചാല്‍ നിങ്ങള്‍ക്കു വിറകിനെ പോലെ ചാരമാകേണ്ടി വരും. പകരം, ഉയര്‍ന്ന നിലവാരത്തില്‍ സമീപിച്ചാല്‍ സ്വര്‍ണത്തെ പോലെ ലങ്കിത്തിളങ്ങാം. ശത്രുക്കള്‍ സമ്മാനിച്ച തീകുണ്ഠം കൈനീട്ടി സ്വീകരിച്ച ഇബ്‌റാഹീം നബിക്കു തിളക്കം കൂടിയല്ലോ.
നമ്മെ ഉയര്‍ത്താന്‍ വരുന്ന ചില കല്‍പടവുകളുണ്ട്. അതിനെ തടസങ്ങളായി കണ്ടാല്‍ താഴെ തന്നെ നില്‍ക്കാനേ വിധിയുണ്ടാവുകയുള്ളൂ. നമ്മെ സംശുദ്ധമാക്കാന്‍ വരുന്ന തീകുണ്ഠങ്ങളുണ്ട്. അതിനെ ചാരമാക്കിക്കളയുന്ന ദുരന്തമായി കണ്ടാല്‍ അശുദ്ധിയില്‍തന്നെ നില്‍ക്കാനേ യോഗമുണ്ടാവുകയുള്ളൂ. നമ്മെ ശാശ്വതരാക്കാന്‍ വരുന്ന ചില വാളുകളുണ്ട്. അതിനെ ജീവന്‍ കളയുന്ന ആയുധങ്ങളായി കണ്ടാല്‍ മരിക്കും മുന്‍പേ മരിച്ചുകഴിയാനേ കഴിയുകയുള്ളൂ.
ഒരു അറബി കവി പാടി:
കം നിഅ്മതിന്‍ മത്വ്‌വിയ്യത്തിന്‍
ലക ബൈന അഥ്‌നാഇല്‍ മസ്വാഇബ്
ആപത്തുകള്‍ക്കിടയില്‍ നിനക്കായി ചുരുട്ടിവയ്ക്കപ്പെട്ട എത്രയെത്ര അനുഗ്രഹങ്ങള്‍..!
പുറം കണ്ണില്‍ പതിയുക ആപത്തുകള്‍ മാത്രമായിരിക്കും. എന്നാല്‍ അകക്കണ്ണ് തുറന്നുനോക്കൂ... അനുഗ്രഹങ്ങളുടെ പാരാവാരം അതിനകത്തു കാണാന്‍ കഴിയും. അകക്കണ്ണു തുറക്കാതെ പുറംകണ്ണുമാത്രം പ്രവര്‍ത്തിപ്പിക്കുന്നതാണു പ്രശ്‌നമാകുന്നത്.
മറ്റൊരു കവി പാടി:
റുബ്ബ അംരിന്‍ തത്തഖീഹി
ജര്‍റ അംറന്‍ തര്‍തളീഹി
നീ ഭയക്കുന്ന എത്രയെത്ര കാര്യങ്ങള്‍ തൃപ്തികരമായ കാര്യങ്ങള്‍ നിനക്കു കൊണ്ടുവന്നുതന്നു..!
രക്ഷകനെ ശിക്ഷകനായി കാണുന്നതാണു പരാജയം. വളര്‍ത്തുന്നവനെ തളര്‍ത്തുന്നവനായി മനസിലാക്കുന്നതാണു പ്രശ്‌നകാരണം. സന്തോഷദായകനെ സന്താപദായകനായി കാണുന്നതാണു ദുരന്തം. വിജയിപ്പിക്കാന്‍ വന്നവനെ പരാജയപ്പെടുത്താന്‍ വന്നവനായി തെറ്റിദ്ധരിക്കുന്നതാണു പരാജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."