ഐ.എന്‍.എല്ലില്‍ വിഭാഗീയത: സേട്ട് സാഹിബ് സാംസ്‌കാരിക വേദി നിലവില്‍ വന്നു
മലപ്പുറം: ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം രൂപീകരിച്ച സേട്ട് സാഹിബ് സാംസ്‌കാരിക വേദിയുടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു.
പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ ഒരു സംഘടനക്ക് രൂപം നല്‍കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നേതൃനിരയിലുള്ളവര്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുകയാണ്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ജുനൈദിന്റെ കൊലപാതകമടക്കമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടപ്പോള്‍ ഐ.എന്‍.എലിലിന്റെ ഭാഗത്ത്‌നിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ആശയങ്ങള്‍ പാര്‍ട്ടി ബലി കഴിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സേട്ടുസാഹിബ് അനുസ്മരണം നടത്താന്‍ പോലും സംസ്ഥാന കമ്മിറ്റിയോ ജില്ലാ കമ്മിറ്റികളോ തയാറായിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായ രീതിയിലല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
വേദിയുടെ സംസ്ഥാന ഘടകവും കോഴിക്കോട്, തൃശൂര്‍, മലപ്പുറം ജില്ലാ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ എല്ലാ ജില്ലകളിലും കമ്മിറ്റികളും തൊട്ടടുത്ത മാസം മണ്ഡലം കമ്മിറ്റികളും രൂപംകൊള്ളും. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി വി.കെ അലിഹാജി(ചെയര്‍മാന്‍), സി.എച്ച് ഹമീദ് മാസ്റ്റര്‍(വൈസ് ചെയര്‍മാന്‍), അഷ്‌റഫ് പുറവൂര്‍(പ്രസിഡന്റ്), കരീം പുതുപ്പാടി(ജനറല്‍ സെക്രട്ടറി), പി. സാലിം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."