ബി.ഡി.ജെ.എസിനെ പിളര്‍ത്താന്‍ വിമത നീക്കം
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിലെ ശക്തമായ വിമത നീക്കം ബി.ഡി.ജെ.എസിനെയും ബാധിക്കും. നിലവില്‍ എസ്.എന്‍.ഡി.പിയില്‍ കലാപക്കൊടി ഉയര്‍ത്തുന്ന സുഭാഷ് വാസു ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. എസ്.എന്‍.ഡി.പി.യിലും ബി.ഡി.ജെ.എസിലും ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് സുഭാഷ് വാസുവിന്റെ നീക്കങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുമെന്ന സൂചന വന്നതോടെയാണ് പാര്‍ട്ടിയെ പിളര്‍ത്താനുള്ള നീക്കം നടക്കുന്നത്.
എസ്.എന്‍.ഡി.പിയിലും ബി.ഡി.ജെ.എസിലുമുള്ള വെള്ളാപ്പള്ളി വിരുദ്ധരെ ഒപ്പം കൂട്ടിയാണ് സുഭാഷ് വാസുവും കൂട്ടരും കരുക്കള്‍ നീക്കുന്നത്. ബി.ഡി.ജെ.എസിന്റെ 14 ജില്ലാ പ്രസിഡന്റുമാരും മുന്നണി വിടണമെന്ന ആവശ്യം കഴിഞ്ഞ യോഗങ്ങളില്‍ ഉന്നയിച്ചിരുന്നു. ഒരു രാജ്യസഭാ സീറ്റും എട്ടു ബോര്‍ഡ് കോര്പറേഷന് ചെയര്മാന് സ്ഥാനങ്ങളും നല്‍കുമെന്നായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം ബി.ഡി.ജെ.എസിന് നല്‍കിയിരുന്ന വാഗ്ദാനം.
എന്നാല്‍ മൂന്നു ബോര്‍ഡ് ചെയര്മാന് സ്ഥാനങ്ങള്‍ മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റടക്കം നല്‍കണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ് ഒരിക്കല്‍ കൂടി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിനു ശേഷം മുന്നണി വിടുമെന്നാണ് സൂചന. ഇതോടെയാണ് ഒരു വിഭാഗം ബി.ഡി.ജെ.എസിനെ പിളര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."