നോബിക്കിത് 'ചില്ലറ'ക്കാര്യമല്ല...
തളിപ്പറമ്പ്: അന്‍പത് പൈസയുടെ അപൂര്‍വശേഖരവുമായി നോബി കുര്യാലപ്പുഴ എന്ന ആലക്കോടുകാരന്. 1960ല്‍ പുറത്തിറക്കിയ ആദ്യത്ത അന്‍പത് പൈസ നാണയം മുതല്‍ അവസാനമായി ഇറക്കിയ 2016 ലെ നാണയം വരെയുണ്ട് നോബിയുടെ ശേഖരത്തില്‍. പുറത്തിങ്ങി 58 വര്‍ഷത്തിനിടയില്‍ 47 വര്‍ഷം മാത്രമാണ് രാജ്യത്ത് 50 പൈസ നാണയം പുറത്തിറക്കിയത്. മഹാന്മാരുടെ പേരിലുള്ളവയും മറ്റും ഇനംതിരിച്ചു തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
1955 സെപ്റ്റംബറില്‍ ഇന്ത്യന്‍ നാണയ സമ്പ്രദായ നിയമം ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് 1957 ഏപ്രില്‍ ഒന്ന് മുതലാണ് നായാപൈസ സമ്പ്രദായം നിലവില്‍ വന്നത്. അതോടെ അര രൂപ എന്നറിയപ്പെട്ടിരുന്ന നാണയം അന്‍പത് പൈസയായി മാറി. 1956 വരെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് ഇറക്കിയ അര രൂപ തന്നെയാണ് അന്‍പത് പൈസയായി ഉപയോഗിച്ചിരുന്നതെന്നുമുള്ള വിവരങ്ങളും നോബി പങ്കുവയ്ക്കുന്നു.
ബാങ്കുകളും തട്ടുകടകളും തുടങ്ങി യാചകര്‍ വരെ 50 പൈസ നാണയത്തിന് അനധികൃതമായി ഏര്‍പ്പെടുത്തിയ വിലക്ക് 50 പൈസയുടെ ദൈനംദിന വിനിമയം കുറച്ചിരിക്കുകയാണെന്നത് ഏറെ വിഷമമുണ്ടാക്കുന്നതായി നോബി പറയുന്നു. മൂല്യശോഷണം കാരണം 2011ല്‍ 50 പൈസക്കു താഴെയുളള ചെറു നാണയങ്ങള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ മൂല്യമുള്ള 50 പൈസ നാണയ സമ്പ്രദായത്തിലെ അവസാന കണ്ണിയാണെന്നുകൂടി ഓര്‍മിപ്പിക്കുകയാണ് അന്‍പത് പൈസ ശേഖരണത്തിന്റെ പ്രദര്‍ശനങ്ങളില്‍ കൂടി നോബി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."