ഉള്‍ക്കാട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് സാന്ത്വനമേകി ആരോഗ്യ പ്രവര്‍ത്തകര്‍
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പന്തീരായിരം വനമേഖലയിലെ ഉള്‍ക്കാട്ടിലെ കോളനിയായ അമ്പുമല കോളനിയില്‍ സോമന്റെ ഭാര്യ ശാരദയാണ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഉള്‍ക്കാട്ടില്‍ പ്രസവിച്ചത്. ഈ മാസം 27 നാണ് തിയതി കുറിച്ചിരുന്നതെങ്കിലും പ്രസവം നേരത്തെയാക്കുകയായിരുന്നു.
കഴിഞ്ഞദിവസം ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും കിടത്തി ചികിത്സക്ക് വിധേയമാകാതെ കോളനിയിലേക്ക് മടങ്ങിപോയി. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കാട്ടില്‍ വച്ച് പ്രസവിച്ചു.
വിവരമറിഞ്ഞ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി എന്‍ അനൂപിനെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കമ്മത്ത്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ലിജി തോമസ്, സ്റ്റാഫ് നഴ്സ് ലെനിഷ്, ഡ്രൈവര്‍ ലത്തീഫ് എന്നിവരടങ്ങിയ സംഘം രാവിലെ കോളനിയിലെത്തി അമ്മയ്ക്കും കുഞ്ഞിനും പരിചരണം നല്കി.
വിദഗ്ധ ചികിത്സക്കായി അമ്മയെയും കുഞ്ഞിനെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടര കിലോഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞിനെ കുട്ടികളുടെ ഡോക്ടറെ കാണിക്കുന്നതിനും അമ്മയെ സ്ത്രീരോഗ വിദഗ്ധരുടെ പരിചരണത്തിനും ആയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."