ഓട്ടം തുടരാന്‍ ചിത്രക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്
തിരുവനന്തപുരം: പൊരുതി മുന്നേറാന്‍ പി.യു ചിത്രക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതിമാസം 25,000 രൂപയുടെ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചത്. 1500 മീറ്ററിലെ ഏഷ്യന്‍ ചാംപ്യനായ ചിത്രയുടെ തുടര്‍ പരിശീലനത്തിനായാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഇതുസംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
1500 മീറ്ററില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കയിതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. 10,000 രൂപ സ്‌കോളര്‍ഷിപ്പും 500 രൂപ വീതം പ്രതിദിനം ഭക്ഷണത്തിനും പരിശീലനത്തിനുമായാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഡോ. എ.പി.ജെ അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമാസം 10,000 രൂപ നല്‍കുക. വിദഗ്ധ പരിശീലനത്തിനുള്ള എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിനുള്ള പട്ടികയില്‍ ചിത്രയ്ക്ക് ഇടം നേടാന്‍ കഴിഞ്ഞില്ല. അത്‌ലറ്റിക് ഫെഡറേഷനില്‍ എന്തും നടക്കുമെന്ന അവസ്ഥ മാറാന്‍ ചിത്ര സംഭവം നിമിത്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചിത്രയുടെ വീട്ടില്‍ മന്ത്രിമാരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും സന്ദര്‍ശനം നടത്തിയിരുന്നു. വളരെ ദരിദ്രമായ ചുറ്റുപാടില്‍ നിന്നാണ് ചിത്ര കായിക രംഗത്ത് കേരളത്തിന്റെ വാഗ്ദാനമായി മാറിയത്. ഇപ്പോഴും ഇല്ലായ്മകളുടെ നടുവിലാണ് ജീവിതം. വീട്ടിലെത്തിയ കായിക മന്ത്രിയോട് ചിത്ര പറഞ്ഞത് ഒരു ജോലിയാണ്. ചിത്രയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു.
22 വയസേ ആയിട്ടുള്ളൂ. കായിക രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ മുന്നിലുണ്ട്. ജോലി പിന്നീട് പരിഗണിക്കേണ്ടതാണ്. ചിത്രയുടെ ജീവിതത്തിനും പരിശീലനത്തിനും ആവശ്യമായ സഹായമാണ് ആദ്യം വേണ്ടത്. ലോകത്ത് എവിടെ പോയും പരിശീലിക്കാനുള്ള സഹായം സര്‍ക്കാര്‍ ചെയ്യും. ചിത്രയുടെ കോച്ചിനും വിദഗ്ധ പരിശീലനത്തിന് സഹായം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. കോച്ചായി സിജിന്‍ തന്നെ മതിയെന്നാണ് ചിത്രയുടെ ആഗ്രഹം. സിജിന് ലോക നിലവാരത്തില്‍ വിദഗ്ധ പരിശീലനം തേടാന്‍ ആഗ്രഹവുമുണ്ട്. ചിത്രയുടെ എല്ലാ ആവശ്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീതിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് സമാനമായ തസ്തികയില്‍ നിയമനം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഏജീസ് ഓഫിസില്‍ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണത്താല്‍ ജോലിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കുന്നതെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."