നെയ്മര്‍ ബാഴ്‌സലോണയുടെ പടിയിറങ്ങുന്നു
മാഡ്രിഡ്: ദിവസങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമം. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ടീമിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചതായി ക്ലബിന്റെ സ്ഥിരീകരണം.
നെയ്മര്‍ ജൂനിയര്‍ ക്ലബ് വിടാന്‍ അനുമതി ചോദിച്ചതായി ബാഴ്‌സലോണ അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കി. ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോ തന്നാല്‍ ക്ലബ് വിടാന്‍ അനുമതി നല്‍കാമെന്ന് ബാഴ്‌സ അറിയിച്ചു.
കഴിഞ്ഞ ദിവസം നെയ്മറും പിതാവും ഏജന്റും ചേര്‍ന്ന് ക്ലബ് വിടാന്‍ സമ്മതം ചോദിച്ചു. ഓഗസ്റ്റ് ഒന്ന് പൂര്‍ത്തിയായതിനാല്‍ നെയ്മറിന് നല്‍കേണ്ട ബോണസ് താത്കാലികമായി തടഞ്ഞു വച്ചിരിക്കുകയാണ്. പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നെയ്മറിന് കോച്ച് അനുവാദം നല്‍കിയിട്ടുണ്ടെന്നും ക്ലബിന്റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസങ്ങളായി നെയ്മര്‍ ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും താരമോ അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരോ പ്രതികരിച്ചിരുന്നില്ല. പരിശീലനത്തിനിടെ ടാക്ലിങില്‍ ക്ഷുഭിതനായി സഹ താരത്തിന് നേരെ കയര്‍ക്കുന്നതിന്റേയും ജേഴ്‌സി ഊരിയെറിഞ്ഞ് ക്യാംപ് വിടുന്നതിന്റെയും വീഡിയോ അടക്കമുള്ളവ പ്രചരിച്ചതോടെ താരം ക്ലബുമായി അസ്വാരസ്യത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
ബ്രസീല്‍ സൂപ്പര്‍ താരം പി.എസ്.ജിയിലേക്ക് ചേക്കേറിയാല്‍ റെക്കോര്‍ഡ് തുകയ്ക്കാവും കൈമാറ്റം നടക്കുക. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി നെയ്മര്‍ മാറും. നെയ്മര്‍ക്കായി ഏതാണ്ട് 1641 കോടി രൂപ റിലീസ് ക്ലോസ് നല്‍കാന്‍ പി.എസ്.ജി തയാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്‌സലോണയുമായി നെയ്മറിന്റെ കരാര്‍ തീര്‍ന്നിട്ടില്ല. 2021 വരെ നെയ്മറിന്റെ കരാര്‍ കാലാവധി നിലനില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കരാര്‍ തീരാതെ ക്ലബ് വിട്ടുപോവുകയാണെങ്കില്‍ കളിക്കാരനോ, അദ്ദേഹത്തെ സ്വന്തമാക്കുന്ന ക്ലബോ നല്‍കേണ്ട തുകയാണ് റിലീസ് ക്ലോസ്.
ബാഴ്‌സലോണ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ നെയ്മര്‍ അവിടെയെത്തി സഹ താരങ്ങളോട് യാത്ര ചോദിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2013ല്‍ ബ്രസീല്‍ ക്ലബ് സാന്റോസില്‍ നിന്നാണ് നെയ്മര്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. 186 മത്സരങ്ങളില്‍ ബാഴ്‌സലോണയ്ക്കായി കളിച്ച നെയ്മര്‍ 105 ഗോളുകളും 80 ഗോളവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് ലാലിഗ കിരീടങ്ങള്‍, ഒരു ചാംപ്യന്‍സ് ലീഗ്, മൂന്ന് സ്പാനിഷ് കപ്പ് നേട്ടങ്ങളിലും ബ്രസീല്‍ സൂപ്പര്‍ താരം പങ്കാളിയായി.
സമീപ കാലത്ത് മെസ്സിയും സുവാരസും നെയ്മറും അണിനിരന്ന ബാഴ്‌സലോണ മുന്നേറ്റം എതിര്‍ ടീമുകളുടെ പേടി സ്വപ്‌നവും ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട സഖ്യവുമായിരുന്നു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ എം.എസ്.എന്‍ ത്രയം എന്ന പേരില്‍ വിളിച്ച സഖ്യം കൂടിയാണ് നെയ്മറിന്റെ പിന്‍മാറ്റത്തോടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."