ഒരു കോടിയോളം രൂപയുടെ സ്വര്‍ണ മിശ്രിതവും 31 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി മൂന്നുപേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍
നെടുമ്പാശേരി:ഒരു കോടിയോളം രൂപയുടെ സ്വര്‍ണ മിശ്രിതവും 31 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി മൂന്നുപേര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് കൊളംബോ വഴി നെടുമ്പാശേരിയില്‍ എത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ അസീസിന്റെ പക്കല്‍ നിന്നാണ് 3.238 കിലോ സ്വര്‍ണമിശ്രിതം കണ്ടെടുത്തത്. ഇരു കാലുകളിലുമായി നാല് പാക്കറ്റുകളിലാണ് സ്വര്‍ണമിശ്രിതം കെട്ടിവെച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ ക്യാപ്പും ധരിച്ചിരുന്നു. കൂടാതെ ശരീരത്തില്‍ ക്യാപ്സൂള്‍ രൂപത്തിലാക്കിയും മിശ്രിതം ഒളിപ്പിച്ചിരുന്നു. സംശയത്തെതുടര്‍ന്ന് കസ്റ്റംസ് ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു.
ദുബൈയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷാബുവില്‍ നിന്നാണ് 21,500 യു.എസ്.ഡോളര്‍ പിടികൂടിയത്. ഇതിന് 15 ലക്ഷത്തോളം രൂപയുടെ മൂല്യമുണ്ട്. ലഗേജിനകത്ത് അരിയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഡോളര്‍ കടത്താന്‍ ശ്രമിച്ചത്. വിദേശത്തേക്ക് ജോലിക്കാരെ അയക്കുന്ന ഏജന്‍സി നടത്തിപ്പുകാരനാണിയാള്. ദുബൈ വഴി സ്വിറ്റ്സര്ലന്റിലേക്ക്പോകാനെത്തിയ സ്വിറ്റ്സര്‍ലന്റ് പൗരനില്‍ നിന്നും 16 ലക്ഷം രൂപയുടെ യൂറോയും പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ ടെക്സ്റ്റൈല്സ്യന്ത്രങ്ങളുടെ ടെക്നീഷ്യനായ ഇയാള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിടിയിലായത്. നിയമം അറിയാതെയാണ്യൂറോകൈവശം സൂക്ഷിച്ചതെന്നാണ് ഇയാള്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."