ഒടുവില്‍ ആംഗ്ലോ ഇന്ത്യക്കാരെയും തേടിയെത്തി
ലോക ജനസംഖ്യയിലെ 753 കോടിയില്‍ അഞ്ചിലൊന്ന് ഇസ്‌ലാം മതവിശ്വാസികളാണ്. ഇന്ത്യയില്‍ അവരുടെ എണ്ണം ഇരുപത് കോടി വരുമെങ്കിലും അത് ഇന്ത്യന്‍ ജനസംഖ്യയുടെ പതിനാല് ശതമാനം മാത്രമാണ്. 82 കോടി ജനങ്ങളുള്ള ഹിന്ദുമതവിശ്വാസികള്‍ക്കാണ് 135 കോടി വരുന്ന ജനസംഖ്യയില്‍ മഹാഭൂരിപക്ഷം. ക്രൈസ്തവര്‍ രണ്ടര ശതമാനമേയുള്ളൂ. സിഖുകാര്‍ രണ്ടേകാല്‍ ശതമാനമുള്ളപ്പോള്‍ ഇന്ത്യയില്‍ തന്നെ പിറന്ന മറ്റൊരു മതമായ ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ഒരു ശതമാനം പോലുമില്ല. ജൈനമതക്കാരാകട്ടെ അരശതമാനവും. അതെന്തോ ആകട്ടെ, ഒരു മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിച്ച് ലോകരാജ്യങ്ങളുടെയാകെ കൈയടിനേടിയ ഇന്ത്യ അതിന്റെ പുതിയ സാരഥികള്‍ക്ക് കീഴില്‍ ഫാസിസ്റ്റ് നടപടികള്‍ ഒന്നൊന്നായി നടത്താനുള്ള ശ്രമത്തിലാണ്.
ഏറ്റവും പുതുതായി, അയല്‍പക്ക രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ മതവിശ്വാസികളെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന നിയമനിര്‍മാണം നടപ്പിലാക്കുമ്പോള്‍, മുസ്‌ലിംകള്‍ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തുന്നു. സൈനിക സേവനം നടത്തി, വീരമുദ്രകള്‍ നേടിയവര്‍ മുതല്‍ മുന്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമദിന്റെ ബന്ധുക്കള്‍വരെ പൗരത്വം തെളിയിക്കണമെന്ന നിലയില്‍ സംഗതികള്‍ വന്നെത്തി നില്‍ക്കുന്നു. ഇസ്‌ലാം മത വിശ്വാസികള്‍ എന്തു പിഴച്ചു? സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരുടെ 95,300 പേരുകള്‍ ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ എഴുതിവച്ചത് വായിച്ചുനോക്കിയപ്പോള്‍ അതില്‍ 61,945 എണ്ണവും മുസ്‌ലിം നാമധേയങ്ങളാണ് എന്നു ചൂണ്ടിക്കാട്ടിയത് പ്രസിദ്ധ സാഹിത്യകാരനായ ഖുഷ്വന്ത് സിങ്ങാണ്.
ഇതോടൊപ്പം തന്നെ ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമായിമാറിയ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനെതിരായും നാം തിരിഞ്ഞുകൊണ്ടിരിക്കുന്നു. അവര്‍ എണ്ണത്തില്‍ കുറവായതുകൊണ്ട് മാത്രമാണ് ഇങ്ങനെ വാളോങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നു പറയുന്നു. എട്ടുവര്‍ഷം മുമ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ഒട്ടാകെ 296 ആംഗ്ലോ ഇന്ത്യക്കാര്‍ മാത്രമാണത്രെ, ഉള്ളത്. പിന്നാക്കക്കാരില്‍ പിന്നാക്കക്കാരായി നില്‍ക്കുന്ന ഈ സമുദായക്കാര്‍ക്ക് ലോക്‌സഭയിലും ഏതാനും സംസ്ഥാന നിയമസഭകളിലുമായി ഭരണഘടന അനുവദിച്ച സംവരണം എടുത്തുകളയുകയാണ്.
ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നുമൊക്കെ ഇന്ത്യയില്‍ വന്ന്, ഇവിടുത്തുകാരെ വിവാഹം ചെയ്ത് അവരിലുണ്ടായ പിന്‍തലമുറക്കാരാണ് ആംഗ്ലോ ഇന്ത്യന്‍ സമുദായക്കാര്‍. നമ്മുടെ നിയമരംഗത്തും വിദ്യാഭ്യാസ രംഗത്തും സൈനിക രംഗത്തും കായികരംഗത്തും സാഹിത്യ രംഗത്തുമെല്ലാം വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവരാണവര്‍. ആ സമുദായത്തിലെ ബഹുഭൂരിപക്ഷ അംഗങ്ങളും ഇന്നു ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരത്രെ. നിത്യ ജീവിതത്തിനായി പ്രയാസപ്പെടുന്നവരാണിവര്‍. ബട്‌ലര്‍ ഇംഗ്ലീഷ് എന്നു ഇതരര്‍ കളിയാക്കിയിരുന്ന പ്രത്യേക ഭാഷയുമായി ജീവിതം തള്ളിനീക്കിയവരാണവര്‍.
കോഴിക്കോട് പട്ടുതെരുവിലും മൂന്നാലിങ്കലുമൊക്കെയായി ഒതുങ്ങിനിന്നിരുന്ന ആംഗ്ലോ ഇന്ത്യക്കാരെപ്പറ്റി പ്രശസ്ത സാഹിത്യകാരനായ പി.എ മുഹമ്മദ്‌കോയ തന്റെ 'സുല്‍ത്താന്‍ വീട്' എന്ന നോവലില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. 'ചട്ടക്കാര്‍' എന്നു പൊതുവെ നാട്ടുകാര്‍ വിളിക്കുന്ന ഇക്കൂട്ടര്‍ പ്രധാന ദിവസങ്ങളില്‍ ചട്ട ഉടുപ്പ് അണിയുന്നവരാണെങ്കിലും ആ ഷൂസുകള്‍ തേഞ്ഞിരിക്കും. മുന്‍ഭാഗം വായ പിളര്‍ന്നിരിക്കും. ഷര്‍ട്ടില്‍ നിന്നു കുടുക്കുകള്‍ ദ്രവിച്ചു വീണിരിക്കും. ട്രൗസറിന്റെ വക്ക് പിഞ്ഞി ഊശാന്‍ താടിപോലെ ഞരച്ചു കിടക്കുന്നുണ്ടാകും. ഞായറാഴ്ചകളില്‍ കൃത്യമായി പ്രാര്‍ഥനക്കായി പോകുന്നവരാണ്. കോഴിക്കോട് കോടതി നിരത്തിലൂടെ നടന്നുപോകുന്ന മധ്യവയസ്‌കനായ ഒരു ആംഗ്ലോ ഇന്ത്യന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിനു മുമ്പിലെത്തിയ കഥ പി.എ വിവരിക്കുന്നു. ചികിടന്‍ ആവോലി വില്‍പ്പനയാണ്. വാങ്ങണമെന്നുണ്ട്, പക്ഷെ കയ്യില്‍ പണമില്ല.
അപ്പോഴാണ്, എതിര്‍വശത്ത് നിന്ന് പഴയ പരിചയക്കാരനായ മുഹമ്മത്‌കോയ വരുന്നു. ആംഗ്ലോ ഇന്ത്യന്‍: 'ഹേയ് മാമഡ്, പ്ലീസ് ഗിവ് മീ എ ഫ്യൂ റൂപീസ് മേന്‍ നൈസ് ആഗോലി, മേന്‍'. മമ്മത്‌കോയ തിരിച്ചുചോദിക്കുന്നു: 'സായ്‌പേ, ഇപ്പോള്‍ എവിടെ പോകുന്നു'. ബട്ട്‌ലര്‍ ഇംഗ്ലീഷില്‍തന്നെ മറുപടി 'ചര്‍ച്ച് ഗോയിങ്ങ്'.
ഈ പാവപ്പെട്ടവര്‍ക്ക് മഹത്തായ ഇന്ത്യന്‍ ഭരണഘടന അനുവദിച്ച സംവരണം പോലും കൊളോണിയന്‍ സമ്പ്രദായത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നു മുദ്രകുത്തി എടുത്തു കളയാനാണ് നീക്കം. ഇന്ത്യന്‍ ഭരണഘടന എഴുതി ഉണ്ടാക്കിയ ഡോ. ബാബാ അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന ഫ്രാങ്ക് ആന്റണിയെപ്പോലുള്ള പ്രഗത്ഭ അഭിഭാഷകരെ സംഭാവനചെയ്ത സമുദായത്തിനെതിരെയാണ് ഈ പടനീക്കം.
അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, മലേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി ലോകത്ത് വിവിധ രാജ്യങ്ങളില്‍ ആംഗ്ലോ ഇന്ത്യക്കാരുണ്ടെങ്കിലും പത്തു ലക്ഷത്തോളം പേര്‍ ഇന്ത്യയിലാണ്. സ്വാതന്ത്ര്യം ലഭിക്കുന്നകാലത്ത് ഇന്ത്യയില്‍ അവര്‍ 20 ലക്ഷം പേരെങ്കിലുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം പത്തു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ നരേന്ദ്രമോദി മന്ത്രിസഭ യോഗം ചേര്‍ന്നു തീരുമാനിക്കുമ്പോഴും ആംഗ്ലോ ഇന്ത്യക്കാര്‍ക്കെതിരേ ഹാലിളക്കം.
ലോക്‌സഭയിലും നിയമസഭകളിലും അവരുടെ നാമമാത്രമായ നാമനിര്‍ദേശരീതി അവസാനിപ്പിക്കുകയാണ്. ഭരണഘടനയിലെ 334-ാം വകുപ്പില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം. പട്ടികജാതിയില്‍ നിന്നു 84 പേരും പട്ടികവര്‍ഗത്തില്‍ നിന്നു 47 പേരും അംഗങ്ങളായ 543 അംഗ പാര്‍ലമെന്റില്‍ ആംഗ്ലോ ഇന്ത്യക്കാര്‍ രണ്ടു പേര്‍ മാത്രമാണ് എന്നു ഓര്‍ക്കണം. ചലച്ചിത്രനടനായ ജോര്‍ജ് ബേക്കറും കേരളത്തില്‍ നിന്നുള്ള അഭിഭാഷകനായ പ്രഫസര്‍ റിച്ചാര്‍ഡ് ഹേയുമാണ് ഇപ്പോള്‍ ലോക്‌സഭയിലെ അംഗങ്ങള്‍.
ബെന്‍ കിംഗ്‌സ്‌ലിയെപ്പോലുള്ള നടന്മാരും, റഡ്യാര്‍ഡ് കിപ്ലിങ്ങിനെപ്പോലുള്ള എഴുത്തുകാരും ക്‌ളിഫ് റിച്ചാര്‍ഡിനെപ്പോലുള്ള പാട്ടുകാരും ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആംഗ്ലോ ഇന്ത്യക്കാരാണ്. നമ്മുടെതന്നെ വില്‍സണ്‍ ജോണ്‍സ,് പൂനക്കാരനായി ചെന്ന് ലോകബില്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. നാലുതവണ ഒളിംപിക്‌സ് കളിച്ച ഹോക്കിതാരം ലെസ്‌ലി ക്ലോഡിയസ് റോം ഒളിംപ്യാഡില്‍ ഇന്ത്യയുടെ നായകനായി. സ്റ്റെഫി ഡിസൂസയെപ്പോലുള്ള അത്‌ലറ്റുകള്‍, റോജര്‍ ബിന്നിയെപ്പോലുള്ള ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ എന്നിവരെയൊന്നും ഇന്ത്യക്ക് മറക്കാന്‍ സാധിക്കില്ല.
എയര്‍വൈസ് മാര്‍ഷല്‍ മോറിസ് ബാര്‍ക്കര്‍ തുടങ്ങിയ സേനാധിപന്മാരെ സംഭാവന ചെയ്ത സമുദായമാണിത്. റേഡിയോ പ്രക്ഷേപണരംഗത്ത് കുലപതിയായി വാണമെല്‍വില്‍ ഡിമെല്ലോ, മുപ്പത് വര്‍ഷത്തോളം ബി.ബി.സിയുടെ ഇന്ത്യന്‍ പ്രതിനിധിയായി വെട്ടിത്തിളങ്ങിയ മാര്‍ക്ക് ടൂളി തുടങ്ങിയവരും ആംഗ്ലോ ഇന്ത്യക്കാരായ ലോക പ്രശസ്തരത്രെ. ഇന്ത്യക്ക് ഒളിംപിക്‌സില്‍ ആദ്യമായി ഒരു മെഡല്‍ നേടിത്തന്നത് 1900-ലെ പാരിസ് ഗെയിംസില്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം നേടിയ കൊല്‍ക്കത്തക്കാരനായ നോര്‍മന്‍ പ്രിച്ച്യാര്‍ഡായിരുന്നു. 58 വര്‍ഷം മുമ്പ് ആദ്യമായി അര്‍ജുന അവാര്‍ഡ് നേടിയവരില്‍ ഒരാള്‍ വനിതാ ഹോക്കിതാരമായ ആന്‍ ലൂംസ്ഡണ്‍ ആയിരുന്നു.
1928ല്‍ ആംസ്റ്റര്‍ഡാമില്‍ ഇന്ത്യ ആദ്യത്തെ ഹോക്കിസ്വര്‍ണം നേടുമ്പോള്‍ പകുതിയിലേറെ കളിക്കാര്‍ ആംഗ്ലോ ഇന്ത്യക്കാരായിരുന്നു. 1960ലെ റോം ഒളിംപിക്‌സിലാകട്ടെ ഇന്ത്യയെ മെഡലിലേക്ക് ക്‌ളോഡിയസ് നയിച്ചപ്പോള്‍ മറുപുറത്ത് ആസ്‌ത്രേലിയയുടെ ക്യാപ്റ്റന്‍ കെവിന്‍ കാര്‍ട്ടണ്‍ എന്ന മറ്റൊരു ആംഗ്ലോ ഇന്ത്യക്കാരനായിരുന്നു. ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക്ക് നേടാന്‍ കഴിഞ്ഞ ഒരേ ഒരു ഇന്ത്യക്കാരന്‍ എന്ന ബഹുമതി 1956ല്‍ മെല്‍ബണില്‍ സെമിഫൈനല്‍വരെ എത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്ന ഡെറിക്ക് ഡിസൂസക്കുള്ളതത്രെ.
കേരളത്തിലും ആംഗ്ലോ ഇന്ത്യന്‍ സമുദായക്കാരുടെ സംഭാവനകള്‍ ചെറുതല്ല. ഓക്‌സ്ഫഡ് ശൈലിയില്‍ ഇംഗ്ലിഷ് പഠിപ്പിച്ചിരുന്ന പ്രഫ. സി.എ ഷെപ്പാര്‍ഡിനെപ്പോലെയും ഓണററി മജിസ്‌ട്രേറ്റുമാര്‍ക്കു നേതൃത്വം നല്‍കി പ്രവര്‍ത്തിച്ച ഹാരി റോസാരിയോയേയും പോലുള്ള അധ്യാപകരെയും കോഴിക്കോട് പട്ടണം ഓര്‍ക്കുന്നുണ്ടാകും. വിന്‍സെന്റ് ഡി ബെയ്‌ലിസ് തുടങ്ങി, റോഡ്‌റിക്‌സ് വരെയുള്ള ഡോക്ടര്‍മാരെയും എങ്ങനെ ഓര്‍ക്കാതിരിക്കും.
ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ നാളുകളിലൂടെ കടന്നുപോകുമ്പോള്‍ നിയമസഭകളിലും ലോക്‌സഭയിലും തങ്ങളുടെ കാര്യം പറയാന്‍ അവസരം ലഭിക്കുന്ന നോമിനേഷന്‍ രീതി കൂടി എടുത്തു കളഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്നാണ് ആംഗ്ലോ ഇന്ത്യന്‍ സമുദായം ആശങ്കപ്പെടുന്നത്. ഭരണഘടനാ നിര്‍മാണ സഭയിലെന്നെപോലെ ആദ്യ ലോക്‌സഭയിലടക്കം പല തവണ പാര്‍ലമെന്റംഗമായിരുന്ന ഫ്രാങ്ക് ആന്റണിയെപ്പോലുള്ള ഒരു നേതാവിന്റെ അഭാവം ആംഗ്ലോ ഇന്ത്യന്‍ സമുദായം വേദനയോടെ ഓര്‍ക്കുന്നുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."