കര്‍ണാടക മന്ത്രിയുടെ ഡല്‍ഹിയിലെ വീട്ടിലും റെയ്ഡ്
ന്യൂഡല്‍ഹി: കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ.ശിവകുമാറിന്റെ വസതികളിലെ റെയ്ഡ് തുടരുന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ഏരിയയിലെ വീട്ടിലാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്.
ഇന്ന് രാവിലെ ബംഗളൂരുവിലുള്ള അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ച ബംഗളൂരുവിലെ റിസോര്‍ട്ട് ഉള്‍പ്പെടെ 60 ഇടങ്ങളില്‍ ബുധനാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 11 കോടി രൂപയും പിടിച്ചെടുത്തു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് തടയാനാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരുവിലെത്തിച്ചത്. ഇവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നതിന്റെ പേരിലാണ് മന്ത്രിവസതി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
അനധികൃത പണം കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രിക്കെതിരേ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. ആദായനികുതി വകുപ്പിലെ 120 ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കി സി.ആര്‍.പി.എഫും ഒപ്പമുണ്ടായിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 15 കോടി രൂപ വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ മാസം എട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള പ്രവേശനത്തിന് എം.എല്‍.എമാരെ കൂടെ നിര്‍ത്തേണ്ടത് അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."