ജിസിസി ഉച്ചകോടി റിയാദില്‍ ചേര്‍ന്നു; ഖത്തര്‍ അമീര്‍ പങ്കെടുത്തില്ല
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ് : മുപ്പത്തിയൊമ്പതാമത് ഗള്‍ഫ് സഹകരണ സമിതി ഉച്ചകോടി സഊദി തലസ്ഥാന നഗരിയായ റിയാദില്‍ ചേര്‍ന്നു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ സഹകരണവും സംയോജനവും ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയുടെ സുരക്ഷാ ഭദ്രതയും സമാധാനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിദേശ രാജ്യങ്ങളുമായും കൂട്ടായ്മകളുമായും തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്തു. ഗള്‍ഫ് സൈനിക സഹകരണം, യെമന്‍, സിറിയ, ഫലസ്തീന്‍, ഇറാഖ് അടക്കമുള്ള മേഖലാ രാജ്യങ്ങളിലെ പുതിയ സംഭവവികാസങ്ങള്‍, ഇറാന്‍ പ്രശ്‌നം എന്നിവയും ഉച്ചകോടിക്ക് വിഷയമായി.
മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായപ്പോഴും ജിസിസി അംഗ രാജ്യമായ ഖത്തറുമായുള്ള പ്രശ്‌ന പരിഹാരത്തിന് യാതൊരു ഫോര്‍മുലയും ഇവിടെ ചര്‍ച്ചയായില്ല. ഉച്ചകോടിക്ക് മറ്റു രാഷ്ട്ര തലവന്‍മാരെ നേരിട്ട് ക്ഷണിച്ച കൂട്ടത്തില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയെയും രാജാവ് നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാല്‍, ഖത്തര്‍ അമീറിനു പകരം ഖത്തര്‍ വിദേശകാര്യ മന്ത്രി സുല്‍താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്. മറ്റൊരു അംഗരാജ്യമായ ഒമാന്‍ ഭരണാധികാരിയും ഉച്ചകോടിയില്‍ പങ്കെടുത്തില്ല. ഖത്തര്‍ ഭരണാധികാരിക്ക് സല്‍മാന്‍ രാജാവ് നേരിട്ട് ക്ഷണമയച്ചതോടെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ മഞ്ഞുരുക്കം ആരംഭിച്ചെന്നും ഖത്തര്‍ ഉപരോധത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു.
ജിസിസി സംവിധാനം നിലനിര്‍ത്താന്‍ സഊദി അതിയായി ആഗ്രഹികുന്നതായി സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മേഖലയുടെ സമാധാനം തകര്‍ക്കാനാണ് ഇറാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. യമനില്‍ രാഷ്ട്രീയ പരിഹാരത്തിന് ജിസിസി പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഫലസ്തീതീന്‍ പ്രശ്‌നവും പരമപ്രധാനമായി ഞങ്ങളുടെ മുന്നിലുണ്ട്. ഫലസ്തീതീനിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് സംസാരിച്ച കുവൈത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് ജാബിര്‍ അല്‍സ ബാഹും ഇക്കാര്യങ്ങള്‍ അടിവരയിട്ടു. യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാനിലെ ഫഹദ് ബിന്‍ സയിദ്, ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ, ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയില്‍ സംബന്ധിച്ചത്. ഉച്ചകോടിക്ക് മുന്നോടിയായി സഊദിയിലെത്തിയ വിവിധ ഭരണാധികാരികളുമായി സഊദി ഭരണാധികാരി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."