അന്ധതക്കും തോല്‍പ്പിക്കാനായില്ല ഉണ്ണിക്കണ്ണനെ
ആലപ്പുഴ: അന്ധതക്കും ഉണ്ണിക്കണ്ണന്റെ പോരാട്ടത്തെ തോല്‍പ്പിക്കാനായില്ല. ഹയര്‍സെക്കന്‍ഡറി വിഭാഗം മിമിക്രിയിലാണ് ഇരുട്ടിനെ വകഞ്ഞുമാറ്റിയ നേട്ടവുമായി ഉണ്ണിക്കണ്ണന്‍ തിളങ്ങിയത്. വര്‍ക്കല ശിവഗിരി എച്ച്.എസ്.എസ് വിദ്യാര്‍ഥി എ.ആര്‍ ഉണ്ണിക്കണ്ണന്‍ കഴിഞ്ഞ നാലു വര്‍ഷമായി മത്സര രംഗത്തുണ്ട്. ഈ നാല് വര്‍ഷവും മിമിക്രി വേദികളില്‍ എ ഗ്രേഡില്‍ കുറഞ്ഞൊന്നും ഉണ്ണിക്കണ്ണനെ തേടിയെത്തിയിട്ടില്ല. ഇത്തവണ ശക്തമായ മത്സരം നടന്നിട്ടും രണ്ട് എ ഗ്രേഡില്‍ ഒന്ന് നേടി ഉണ്ണിക്കണ്ണന്‍ താരമായി.
വെള്ളാപ്പള്ളി നടേശനെയും ഉമ്മന്‍ചാണ്ടിയെയും ഡി.ജെയിലൂടെ അവതരിപ്പിച്ചാണ് ഇത്തവണ കാണികളെ കൈയ്യിലെടുത്തത്.
ഡി.ജെയില്‍ അഞ്ച് ശബ്ദങ്ങള്‍ ഒന്നിച്ചവതരിപ്പിച്ചും ഉണ്ണിക്കണ്ണന്‍ കൈയ്യടി നേടി. സിനിമാതാരങ്ങളുടെ ശബ്ദാനുകരണത്തിലും മികവ് പുലര്‍ത്താന്‍ ഉണ്ണിക്കണ്ണനായി.
ചിറയിന്‍കീഴിലെ അനില്‍-റീന ദമ്പതികളുടെ മകനായ ഉണ്ണിക്കണ്ണന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സെന്തില്‍ ചിറയിന്‍കീഴിന്റെ ശിക്ഷണത്തിലാണ് മിമിക്രി അഭ്യസിക്കുന്നത്.
പാലക്കാട് ഇക്കഴിഞ്ഞ സംസ്ഥാന കേരളോത്സവത്തില്‍ രണ്ടാമനായ ഉണ്ണിക്കണ്ണന്‍ മലപ്പുറത്ത് നടന്ന ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്‌സ് ആര്‍ട്‌സ് ഫെസ്റ്റില്‍ ഒന്നാം സ്ഥാനവും നേടി.
തിരുവനന്തപുരത്തെ ടീം ഓഫ് കേരളയിലൂടെ വേദികള്‍ കീഴടക്കി മുന്നേറുന്ന ഉണ്ണിക്കണ്ണന്‍ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലും ഏഷ്യാനെറ്റ്, ദൂരദര്‍ശന്‍ തുടങ്ങിയ ചാനലുകളിലും വിവിധ പരിപാടികളില്‍ അതിഥിയായി എത്തി. ഏക സഹോദരി ഗായത്രീദേവിക്കും ബന്ധുവിനും മാതാപിതാക്കള്‍ക്കും ഒപ്പമാണ് ഉണ്ണിക്കണ്ണന്‍ കിഴക്കിന്റെ വെനീസില്‍ ശബ്ദകലയുടെ കിരീടമണിയാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."