സഊദിയില്‍ പെപ്‌സി കമ്പനിക്ക് 50 ലക്ഷം റിയാല്‍ പിഴ
റിയാദ്: ആഗോള കുത്തക പാനീയ കമ്പനിയായ പെപ്‌സിക്ക് സഊദി കോടതി അമ്പതു ലക്ഷം റിയാല്‍ പിഴ ചുമത്തി. മറ്റു കമ്പനികളുമായി പരസ്പര ധാരണയിലെത്തി പ്രാദേശിക വിപണിയില്‍ വില ഉയര്‍ത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്ത കേസിലാണ് കമ്പനിക്ക് അന്‍പതു ലക്ഷം റിയാല്‍ പിഴ ചുമത്തിയത്. കമ്പനിക്ക് പിഴ ചുമത്തുന്നതിനുള്ള തീരുമാനം റിയാദ് അഡ്മിനിസ്‌ട്രേറ്റിവ് അപ്പീല്‍ കോടതിയാണ് ശരിവെച്ചതെന്നു കൗണ്‍സില്‍ ഓഫ് കോമ്പറ്റിഷന്‍ അറിയിച്ചു.
പെപ്‌സി കമ്പനിയുടെ സഊദിയിലെ ഫ്രാന്‍ഞ്ചൈസികളില്‍ ഒന്നായ അബ്ദുല്‍ഹാദി അബ്ദുല്ല അല്‍ഖഹ്താനി ആന്റ് സണ്‍സ് കമ്പനിക്കാണ് പിഴ ചുമത്തിയത്. പിഴക്കു പുറമെ കമ്പനി നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും കമ്പനിയുടെ ചിലവില്‍ രണ്ടു പ്രാദേശിക പത്രങ്ങളില്‍ പരസ്യപ്പെടുത്തണമെന്നും ഉത്തരവുണ്ട്. പരസ്പര ധാരണ ഉണ്ടാക്കിയ പെപ്‌സി , കൊക്കോകോള കമ്പനികളുടെ സഊദിയിലെ ഏതാനും ഫ്രാന്‍ഞ്ചൈസികള്‍ക്ക് നേരത്തെ അന്‍പതു ലക്ഷം റിയാല്‍ പിഴ ചുമത്തിയിരുന്നു.
കമ്പനികള്‍ പരസ്പരം ധാരണയിലെത്തി ശീതള പാനീയങ്ങളുടെ വില അന്‍പതു ശതമാനം ഉയര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപാര മേഖലയിലെ മത്സരം വീക്ഷിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കൗണ്‍സില്‍ ഓഫ് കോമ്പറ്റിഷനാണു നടപടികളുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."