ജീവനും അഭിലാഷിനും വെളിച്ചമായി നാരായണന്‍ മാസ്റ്റര്‍
നിസാം കെ. അബ്ദുല്ല#
ആലപ്പുഴ: കാഴ്ചപരിമിതിയുള്ള ശിഷ്യര്‍ക്ക് വെളിച്ചം പകരുന്ന നാരായണന്‍ മാസ്റ്ററായിരുന്നു ഇന്നലെ കലോത്സവ നഗരിയിലെ താരം. കാസര്‍കോടില്‍ നിന്നുള്ള ജീവന്‍രാജിനും അഭിലാഷിനും ആലപ്പുഴയിലെ കലോത്സവ നഗരിയിലേക്ക് എത്താന്‍ കാഴ്ചപരിമിതി ഒരു തടസമേ ആയിരുന്നില്ല. അധ്യാപകനായ നാരായണന്‍ മാസ്റ്ററുടെ കൈപിടിച്ചാണ് ഇരുവരും വേദിയിലേക്ക് എത്തിയത്. കാസര്‍കോട് ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ഥിയാണ് ജീവന്‍രാജ്. ഇതേ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയാണ് അഭിലാഷ്. അന്വത്തടുക്കയിലെ ഈശ്വര്‍ നായികിന്റെയും പുഷ്പലതയുടെയും മകനാണ് ജീവന്‍രാജ്. മേല്‍പറമ്പിലെ വിനോദ്-രാധ ദമ്പതികളുടെ മകനാണ് അഭിലാഷ്.
ജന്മനാ ഇവര്‍ ഭിന്നശേഷിക്കാരാണ്. ഇതില്‍ ജീവന്‍രാജിന്റെ കാഴ്ച കവര്‍ന്നെടുത്തത് എന്‍ഡോസള്‍ഫാന്‍ വിഷമാണ്. എന്‍മകജ പഞ്ചായത്തിലെ അന്വത്തടുക്കയില്‍ നിന്നാണ് ജീവന്‍രാജ് വരുന്നത്. അഭിലാഷ് എന്‍ഡോസള്‍ഫാന്റെ ഇരയല്ലെങ്കിലും ജന്മനാ കാഴ്ച പരിമിതിയുള്ളയാളാണ്.
വെളിച്ചമായി നാരായണന്‍ മാസ്റ്റര്‍ കൂടെയുള്ളപ്പോള്‍ തങ്ങള്‍ക്ക് മറ്റൊന്നിനെയും ഭയക്കാനില്ലെന്നാണ് ഇരുവരുടെയും അഭിപ്രായം. കഴിഞ്ഞ 13 വര്‍ഷമായി ഇതേ സ്‌കൂളില്‍ യു.പി വിഭാഗം അധ്യാപകനായി തുടരുന്ന നാരായണന്‍ മാസ്റ്റര്‍ തന്നെയാണ് ഇവരെ മിമിക്രി വേദിയില്‍ മാറ്റുരക്കാനും പാകപ്പെടുത്തിയെടുത്തത്. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അഭിലാഷിന് അര്‍ഹതപ്പെട്ട എ ഗ്രേഡ് ലഭിച്ചില്ലെന്ന പരിഭവം ഉണ്ടെങ്കിലും കുട്ടികളുടെ പ്രകടനത്തില്‍ നാരായണന്‍ മാസ്റ്റര്‍ സന്തോഷവാനാണ്.
ജീവന്‍ തുടക്കത്തില്‍ ഒന്ന് പതറിയതിനാല്‍ എ ഗ്രേഡ് ലഭിക്കില്ലെന്ന് ഉറപ്പായിരുന്നെന്നും മാസ്റ്റര്‍ പറഞ്ഞു. കഴിഞ്ഞ തവണ തൃശൂരില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയായിരുന്നു ജീവന്‍ മാസ്റ്റര്‍ക്ക് ഗുരുദക്ഷിണ നല്‍കിയത്. ജീവന്റെ സഹോദരന്‍ ദേവീകിരണും എന്‍ഡോസള്‍ഫാന്റെ ഇരയായി കാഴ്ച നഷ്ടപ്പെട്ടയാളാണ്. അവനും തന്റെ ശിഷ്യനായിരുന്നുവെന്ന് മാസ്റ്റര്‍ അഭിമാനത്തോടെ ഓര്‍ത്തെടുത്തു. കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സംസ്ഥാന കലോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലളിത ഗാനത്തില്‍ രണ്ടാം സ്ഥാനവും എഗ്രേഡും നേടിയിരുന്നു ദേവീ കിരണ്‍.
ജന്മം കൊണ്ട് കണ്ണൂരുക്കാരനായ മാസ്റ്റര്‍ കഴിഞ്ഞ 28 വര്‍ഷമായി കാസര്‍കോട് ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ശോഭന ഇതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഗണിത അധ്യാപികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."