HOME
DETAILS
MAL
ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ ജൂനിയര്‍ വനിതാ ഉദ്യോഗസ്ഥരുടെ ലൈംഗിക ആരോപണം
backup
December 13 2019 | 01:12 AM
തിരുവനന്തപുരം: ഉത്തരേന്ത്യക്കാരനായ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ ലൈംഗികാരോപണവുമായി വനിതാ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍. അസിസ്റ്റന്റ് കലക്ടര്‍ പദവിയുള്ള രണ്ട് യുവ ഉദ്യോഗസ്ഥകളടക്കം അഞ്ചു പേര് സര്‍ക്കാരിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരേ തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നും പരാതികളുയര്‍ന്നിട്ടുണ്ട്.
അര്‍ധരാത്രിയിലും പുലര്‍ച്ചെയും വാട്സ്ആപ്പില്‍ അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുകയും പല നമ്പരുകളില്‍നിന്ന് ഫോണ്‍ വിളിക്കുകയും ചെയ്യുന്നുവെന്നാണ് ഇദ്ദേഹത്തിനെതിരായ പ്രധാന ആക്ഷേപം. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരക്ക് വ്യത്യസ്ത നമ്പരുകളില്‍നിന്ന് വിളിച്ചതിനെതിരേ അവര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പരാതിപ്പെട്ടിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സന്ദേശവും അതിന് നല്കിയ മറുപടിയും അവര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. രാത്രി 10.32ന് വിളിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ താന്‍ നല്‍കിയെന്നും 12.30ന് മറ്റൊരു നമ്പരില്‍ നിന്ന് വിളിച്ചെന്നുമാണ് ഈ ഉദ്യോഗസ്ഥയുടെ പരാതി. പത്തരയ്ക്ക് ചോദിച്ച അതേ വിവരങ്ങളാണ് വീണ്ടും ആവശ്യപ്പെട്ടത്. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിയിലുണ്ട്. വനിതാ ഐ.എ.എസുകാര്‍ പരാതിയുമായെത്തിയതോടെ സംസ്ഥാന സര്‍വിസിലെ ചില വനിതാ ഉദ്യോഗസ്ഥരും ഇയാള്‍ക്കെതിരേ ആരോപണമുന്നയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി തങ്ങളോട് മോശമായി പെരുമാറുന്നതായാണ് പരാതി. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് ഐ.എ.എസുകാരുടെ സംഘടനയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."