വൈറ്റ് ഹൗസ് സ്റ്റാഫ് തലവന്‍ സ്ഥാനമൊഴിയുന്നു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ സ്റ്റാഫ് തലവന്‍ ജോണ്‍ കെല്ലി പദവി ഒഴിയുന്നു. ഈ മാസം അവസാനത്തോടെ അദ്ദേഹം സ്ഥാനമൊഴിയുമെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അറിയിച്ചത്. സ്ഥാനമൊഴിയലിനെ വിരമിക്കലെന്നു പറയാനാകുമോയെന്ന് അറിയില്ല.
ജോണിന്റെ പകരക്കാരനെ പിന്നീട് അറിയിക്കുമെന്നു ട്വീറ്റ് ചെയ്ത ട്രംപ്, തന്റെകൂടെ രണ്ടു ചുമതലകള്‍ വഹിച്ച കെല്ലിയെ അഭിനന്ദിക്കുകയും ചെയ്തു. സ്റ്റാഫ് തലവന്റെ സ്ഥാനമൊഴിയാന്‍ ജോണ്‍ കെല്ലിയുടെ മേല്‍ സമ്മര്‍ദമുണ്ടായെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാവികസേന റിട്ട. ജനറലായ ജോണ്‍ കെല്ലിയും ട്രംപും തമ്മിലുള്ള ബന്ധം മികച്ച രീതിയിലായിരുന്നില്ലെന്നു യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ ഹോംലാന്‍ഡ് സെക്യൂരിറ്റി മേല്‍നോട്ടക്കാരനായി ജോണ്‍ കെല്ലിയെ നിയമിച്ച ട്രംപ് പിന്നീട് സ്റ്റാഫ് തലവനായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.
വൈറ്റ് ഹൗസിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ജോണ്‍ കെല്ലിയോടു ട്രംപിന്റെ മകള്‍ ഇവാന്‍ക, മരുമകന്‍ ജാരദ് കുഷ്‌നര്‍ എന്നിവര്‍ ഉടക്കിയിരുന്നു. നിലവിലെ തീരുമാനത്തിനു പിന്നില്‍ ഇരുവരുമാണെന്നാണ് വിവരം.
യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ സ്റ്റാഫ് മേധാവി നിക്കി എയറിസ് ജോണ്‍ കെല്ലിക്കു പകരക്കാരനാകാനാണ് സാധ്യത. ട്രംപിന്റെ ഭരണത്തിനിടെ വൈറ്റ് ഹൗസില്‍നിന്ന് ഇതുവരെ 28 പേര്‍ രാജിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."