കുടിവെള്ളത്തില്‍ വിഷം കലര്‍ത്തല്‍; പ്രതിയെകുറിച്ച് സൂചന ലഭിച്ചെന്ന് പൊലിസ്
പാലാ: കരൂര്‍ പഞ്ചായത്തില്‍ അജി വട്ടക്കുന്നേലിന്റെ വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍. ദിവസവും ടാങ്ക് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം വെള്ളം ഉപയോഗിക്കേണ്ട സ്ഥിതിയാണുള്ളത്. വിഷം കലര്‍ന്ന വെള്ളം പരിശോധന റിപ്പോര്‍ട്ട് വന്നശേഷമേ പ്രതിക്കെതിരേ നടപടി സ്വീകരിക്കുവാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലിസ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പൊലിസ് പറഞ്ഞു.
വിഷം കലര്‍ന്ന വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി എറണാകുളം കാക്കനാട്ടുള്ള ലാബില്‍ എത്തിച്ചു. ഇവിടുത്തെ പരിശോധനയില്‍ മാത്രമെ എന്തുതരം വിഷമാണ് കലര്‍ത്തിയതെന്ന് അറിയാന്‍ കഴിയുകയുള്ളു. പരിശോധനാ റിപ്പോര്‍ട്ട് വന്നാലുടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. അജി വട്ടക്കുന്നേലിനേയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സി.പി.ഐ കരൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. എം.ടി സജിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബാബു കെ. ജോര്‍ജ്ജ്, മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ്, എന്‍. സുരേന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി എം.കെ. ഭാസ്‌കരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."