കേരളവും ബംഗാളും ഒരേപോലെ ചിന്തിക്കുമ്പോള്‍
എ.പി കുഞ്ഞാമു#
ബംഗാള്‍ നടക്കുന്ന വഴിയേ നടക്കുന്നവരാണു മലയാളികള്‍ എന്നൊരു ചൊല്ലുണ്ട്. രാഷ്ട്രീയത്തിലും സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിലും സാഹിത്യത്തിലുമെല്ലാം ഏറെക്കുറെ ഒരേവഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇരു ദേശങ്ങളും. ബംഗാളി എഴുത്തുകാര്‍ മലയാളികള്‍ക്കു സുപരിചിതര്‍. സിനിമയില്‍ സത്യജിത് റേയും മൃണാള്‍ സെന്നും ഋതുപര്‍ണഘോഷ് പോലും നമുക്കു കൈയെത്തിത്തൊടാവുന്നത്ര ദൂരത്ത്.
ഇന്ത്യയില്‍ ബംഗാളികളും മലയാളികളുമാണു കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ ഗാഢമായി നെഞ്ചോടു ചേര്‍ത്തുപിടിച്ചവര്‍. വംഗമാതൃകയില്‍ ബിനോയ് എന്നും ഷിബു എന്നും മറ്റും പേരിടുന്നവര്‍ കൂടിയാണ് നാം. ചുരുക്കത്തില്‍, ഇരുകൂട്ടരും ഒരേ വഴിയിലൂടെയാണു ദീര്‍ഘകാലം സഞ്ചരിച്ചത്. ഇടക്കാലത്തു കമ്മ്യൂണിസത്തെ കൈവിട്ടുകളഞ്ഞു എന്നതൊഴിച്ചാല്‍ ബംഗാള്‍ ഏതാണ്ടു സാമൂഹ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും നമുക്കൊപ്പമുണ്ട്; നമ്മെപ്പോലെ തന്നെയുണ്ട്.
സമകാലികരാഷ്ട്രീയത്തിന്റെ ദിശാമാറ്റങ്ങളും ഇരുദേശങ്ങളിലും ഒരേപോലെയാണെന്നു സൂക്ഷ്മവിശകലനത്തില്‍ മനസിലാവും; പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നുകയില്ലെങ്കിലും. കേരളരാഷ്ട്രീയത്തില്‍ സി.പി.എമ്മിനു ശക്തമായ മേല്‍ക്കൈയുണ്ട്. ആ മേല്‍ക്കൈ നഷ്ടപ്പെടുമോയെന്ന ഭീതിയൊന്നും പാര്‍ട്ടിക്ക് ഇപ്പോഴില്ല. ശബരിമല വിവാദം വിശ്വാസികളായ സാധാരണ ഹൈന്ദവസമൂഹത്തിന്റെ പിന്തുണ പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തുമെന്നു കരുതുന്നവര്‍ ധാരാളമാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളുടെ പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ടാണല്ലോ പ്രക്ഷോഭരംഗത്തിറങ്ങിയത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരേ അവര്‍ സജീവമായി രംഗത്തുണ്ടുതാനും. ഇതു സി.പി.എമ്മിന്റെ ജനകീയാടിത്തറയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇരുകൂട്ടരും വിശ്വസിക്കുന്നത്. പക്ഷേ, സി.പി.എം ഇതൊന്നും അത്ര ഗൗരവത്തിലെടുത്തിട്ടില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണു പിണറായി വിജയന്റെ പടയോട്ടം.
ഇതേ ആത്മവിശ്വാസം തന്നെയാണു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാര്‍നര്‍ജിക്കുമുള്ളത്. ഒരുപക്ഷേ പിണറായിക്ക് ഉള്ളതിലേറെ ആത്മവിശ്വാസം മമതയ്ക്കുണ്ട്. മമതയെ അധികാരത്തില്‍നിന്ന് പുറത്താക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ അചിന്ത്യമാണ്. അത്രയ്ക്കു ജനപിന്തുണ അവര്‍ക്കും തൃണമൂലിനുമുണ്ട്. ജനപിന്തുണ നല്‍കിയ ആത്മവിശ്വാസം അവരെ അജയ്യയായി നിലനിര്‍ത്തുന്നതിനെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു.
സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും- രണ്ടു കൂട്ടരും തങ്ങളുടെ തൊട്ടുപിന്നില്‍ വര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതില്‍ ഒരേ തന്ത്രമാണ് എന്നും പ്രയോഗിച്ചിട്ടുള്ളത്. മുഖ്യപ്രതിപക്ഷ കക്ഷിയെ അപ്രസക്തമാക്കുന്ന ശൈലിയാണ് ഇരുകൂട്ടരും അനുവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസാണു കേരളത്തില്‍ സി.പി.എമ്മിന്റെ മുഖ്യശത്രു. ദേശീയതലത്തില്‍ സി.പി.എമ്മിനു കോണ്‍ഗ്രസ് തൊട്ടുകൂടാന്‍ പാടില്ലാത്ത പാര്‍ട്ടിയൊന്നുമല്ല.
എന്നുമാത്രമല്ല, കോണ്‍ഗ്രസിനെ കര്‍തൃസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് രൂപീകരിക്കുന്ന ഒരു സഖ്യത്തിനു മാത്രമേ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂവെന്നു സീതാറാം യെച്ചൂരിയടക്കം കേരളത്തിനു പുറത്തുള്ള മിക്ക സി.പി.എം നേതാക്കളും വിചാരിക്കുകയും ചെയ്യുന്നു. ചില സംസ്ഥാനങ്ങളില്‍ സി.പി.എം കോണ്‍ഗ്രസ് ഉള്‍പ്പെട്ടിട്ടില്ലാത്ത ഇടതുപക്ഷസഖ്യങ്ങളിലാണെന്നതു മറക്കുന്നില്ല. എങ്കിലും കോണ്‍ഗ്രസിനോടു സി.പി.എമ്മിന് അയിത്തമില്ല.
ഈ നയത്തിന് നേര്‍വിപരീതമാണു കേരളത്തില്‍ ആ പാര്‍ട്ടിയുടെ നിലപാട്. കേരളത്തില്‍ പ്രായോഗികതലത്തില്‍ കോണ്‍ഗ്രസ് തന്നെയാണു സി.പി.എമ്മിന്റെ എതിരാളി, ബി.ജെ.പിയല്ല; പുറമേയ്ക്ക് എന്തൊക്കെ സിദ്ധാന്തം പറഞ്ഞാലും.
സി.പി.എമ്മിന്റെ ഈ നിലപാട് കേരളരാഷ്ട്രീയത്തിലുണ്ടാക്കുന്ന അന്തിമഫലം എന്തായിരിക്കും. സി.പി.എമ്മിന്റെ ആത്യന്തിക ലക്ഷ്യം കോണ്‍ഗ്രസിനെ തളര്‍ത്തുകയാണെന്നും തല്‍ഫലമായി ബി.ജെ.പിയായിരിക്കും വളരുകയെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നത് ഈ അന്തിമഫലത്തെപ്പറ്റി അവര്‍ക്കുള്ള ഭയാശങ്ക മൂലമാണ്. കോണ്‍ഗ്രസ് ക്ഷയിക്കുന്നതു ബി.ജെ.പിക്കു വളമാകുമെന്നാണ് അവര്‍ ഭയപ്പെടുന്നത്. കോണ്‍ഗ്രസിനെ തളര്‍ത്തുകയെന്നതു തങ്ങളുടെ ലക്ഷ്യമാണെന്നും എന്നാല്‍, ബി.ജെ.പിയെ അതുവഴി വളര്‍ത്താനാഗ്രഹിക്കുന്നില്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറയുകയുണ്ടായി.
പക്ഷേ, ഫലത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നത്. കോണ്‍ഗ്രസിന് ഇപ്പോഴുള്ള ജനപിന്തുണയെ ജാതി-മത-വര്‍ഗാടിസ്ഥാനത്തില്‍ വിശകലനം ചെയ്താല്‍ ഒരു കാര്യം വ്യക്തമാവും. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ പാര്‍ട്ടി അണികളില്‍നിന്നു സ്വാഭാവികമായും ഒഴുക്കുണ്ടാവുന്നത് ഇടതുപക്ഷത്തേക്കല്ല, ഹൈന്ദവരാഷ്ട്രീയത്തിലേക്കായിരിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കേരളത്തില്‍ രൂപപ്പെട്ട വികാരതരംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇടതുപക്ഷത്തിന്റെ, വിശേഷിച്ചു സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും സമീപനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഹിന്ദുസമുദായാംഗങ്ങള്‍ക്കിടയില്‍ മൃദുഹിന്ദുത്വ മനോഭാവം ശക്തിപ്പെടാനാണു വഴിവച്ചിട്ടുള്ളത്.
സാമൂഹ്യനവോത്ഥാനമെന്ന ആശയമൊന്നും ആര്‍ക്കും ദഹിച്ചിട്ടില്ല. മറിച്ചു വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി ഉയര്‍ത്തിയിട്ടുള്ള സമരങ്ങളോടു മമത വളരുകയാണുണ്ടായത്. എന്‍.എസ്.എസും ഒരു പരിധിവരെ എസ്.എന്‍.ഡി.പി യോഗവും ഇപ്പോഴത്തെ പ്രശ്‌നത്തെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സംഘര്‍ഷമായാണു കാണുന്നത്. ഈ യുദ്ധത്തില്‍ വിശ്വാസികള്‍ക്കൊപ്പം വിട്ടുവീഴ്ചയില്ലാതെ നില്‍ക്കുന്നതു ബി.ജെ.പിയാണെന്ന് അവര്‍ കരുതുന്നു.
കോണ്‍ഗ്രസിന്റെ നിലപാടുകളെയും സമരത്തെയും ബി.ജെ.പിക്കു ചെയ്യുന്ന വിടുപണിയായാണ് ഇടതുപക്ഷം ചിത്രീകരിക്കുന്നത്. അവര്‍ നിരന്തരം കോണ്‍ഗ്രസിനെ കളിയാക്കിക്കൊണ്ടിരിക്കുന്നു. ഇതു നിറവേറ്റുന്ന നിയോഗം, സൂക്ഷ്മതലത്തില്‍ വളരെ പ്രതിലോമപരമാണ്. കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ചാര്‍ത്തിക്കൊടുക്കുന്ന സമീപനമാണിത്. കോണ്‍ഗ്രസിനല്ല ബി.ജെ.പിക്കാണു പ്രാമുഖ്യമെന്നാണ് അതിന്റെ സാരം. ഈ നിലപാട് ഹിന്ദുത്വ രാഷ്ട്രീയത്തിനു വിശ്വാസ്യത ഉണ്ടാക്കിക്കൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗം ഇക്കാര്യം കൃത്യമായി അടയാളപ്പെടുത്തി. ശബരിമല വിഷയത്തില്‍ ആചാരങ്ങളില്‍ വിശ്വസിക്കുന്നവരുമായി തര്‍ക്കത്തിലേര്‍പ്പെട്ട് അവരെ ബി.ജെ.പി പക്ഷത്തെത്തിക്കരുതെന്നു കൗണ്‍സില്‍ പറഞ്ഞതു വെറുതെയല്ല. ഈശ്വരവിശ്വാസികള്‍ക്കു ഭൂരിപക്ഷമുള്ള നാട്ടില്‍ വിശ്വാസകാര്യങ്ങളില്‍ സമതുലിത സമീപനം വേണമെന്നു സി.പി.ഐ പറയുമ്പോള്‍ അതുകൊണ്ടുദ്ദേശിക്കുന്നതു മുന്നണി നിലപാടുകള്‍ എതിര്‍ഫലമുളവാക്കരുതെന്നു തന്നെയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തില്‍ താരതമ്യേന ദുര്‍ബലമായിരുന്ന ബി.ജെ.പി രാഷ്ട്രീയചര്‍ച്ചകളുടെ 'കേന്ദ്രബിന്ദു'വായി.
ജനപക്ഷമെന്ന പേരില്‍ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്ന പി.സി ജോര്‍ജ് ബി.ജെ.പിയോടൊപ്പം ചേര്‍ന്നത് അതിന്റെ പ്രതിഫലനമാണ്. പി.സി ജോര്‍ജിന്റേതു പതിവു രാഷ്ട്രീയവഷളത്തരമായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ കൂറുമാറ്റത്തിനു പ്രത്യക്ഷനിമിത്തമായത് ഇടതുപക്ഷ നിലപാടുകളിലെ അപാകത മൂലം ബി.ജെ.പി കൈക്കലാക്കിയ സ്വീകാര്യതയാണ്. കോണ്‍ഗ്രസ് തളരുമ്പോള്‍ ബി.ജെ.പിയുടെ ഈ സ്വീകാര്യത വര്‍ധിക്കുകയേയുള്ളൂ. കോണ്‍ഗ്രസിനെ കൂടുതല്‍ തളര്‍ത്താനുള്ള സി.പി.എമ്മിന്റെയും സഖ്യകക്ഷികളുടെയും ഓരോ നീക്കവും ബി.ജെ.പിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണു ചെയ്യുക. അതു മനസിലാക്കുന്നില്ല എന്നതിലാണ് അടിസ്ഥാനവിശകലനത്തില്‍ സി.പി.എമ്മിന്റെ പാളിച്ച.
കോണ്‍ഗ്രസില്‍നിന്ന് അകലാന്‍ 'നിര്‍ബന്ധിതരാക്കപ്പെടുന്ന' ആളുകള്‍ ബി.ജെ.പി പാളയത്തില്‍ അഭയം തേടുന്നതോടെ കേരളരാഷ്ട്രീയത്തില്‍ ശക്തമായ അടിയൊഴുക്കുകള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പിക്ക് അനുകൂലമായി വരുന്ന ഈ പ്രതിഭാസം ഇടതുപക്ഷ അണികളിലും വിള്ളലുണ്ടാക്കും. മതത്തിന്റെ സ്വാധീനം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ശക്തമാണ്. മതചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തി വിശ്വാസികളുടെ സമൂഹത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തെപ്പോലെ സി.പി.എമ്മും വല്ലാതെ മെനക്കെടുന്നുണ്ട്.
അതുകൊണ്ടാണ് ജന്മാഷ്ടമി നാളില്‍ സി.പി.എം മുന്‍കൈയെടുത്ത് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നത്. അതുകൊണ്ടാണ്, ക്ഷേത്രകമ്മിറ്റികളില്‍ പാര്‍ട്ടിയുടെ പ്രതിനിധികള്‍ കയറിക്കൂടുന്നത്. കടകംപള്ളി സുരേന്ദ്രനെപ്പോലെയുള്ളവര്‍ ക്ഷേത്രങ്ങളില്‍ തൊഴുതുനില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരുത്തുന്നതും അതുകൊണ്ടാണ്. വിശ്വാസത്തെ തള്ളിപ്പറയുവാനല്ല, വിശ്വാസികളെ സ്വന്തം പാളയത്തില്‍ ഉറപ്പിച്ചു നിര്‍ത്താനാണു പാര്‍ട്ടിയുടെ ശ്രമം.
മറുവശത്ത് ശബരിമല വിവാദത്തില്‍ വിശ്വാസികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാരിനോടുണ്ടായ അയിത്തം മുതലെടുക്കാനാണു ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. ഈ ശ്രമത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമായിരിക്കുകയില്ല, ഇടതുപക്ഷക്കാര്‍ കൂടിയായിരിക്കും. അതായത്, സി.പി.എമ്മും പിണറായി വിജയനും ശബരിമല വിവാദത്തില്‍ കൈക്കൊണ്ട നിലപാട് ബി.ജെ.പിക്കായിരിക്കും ഗുണം ചെയ്യുക. ദോഷം കോണ്‍ഗ്രസിന് മാത്രമായിരിക്കുകയില്ല ഇടതുപക്ഷത്തിനുമുണ്ടാവും.
കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും സി.പി.എമ്മിന്റെ വിട്ടുവീഴ്ചയില്ലാത്ത മതേതരനിലപാടും ഫലത്തില്‍ ഒരേ ധര്‍മമാണു നിറവേറ്റുക. ബി.ജെ.പിയുടെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് അനുഗുണമായിരിക്കുമത്. ശബരിമല പ്രക്ഷോഭത്തില്‍ തല്‍ക്കാലത്തേയ്ക്കു ബി.ജെ.പി പരാജയപ്പെടുമായിരിക്കും. എങ്കിലും അതു ഹിന്ദുത്വത്തിനു രാഷ്ട്രീയനേട്ടമുളവാക്കും. ബി.ജെ.പി കേരളത്തില്‍ രണ്ടാം കക്ഷിയായി വളര്‍ന്നാല്‍ അതിനുള്ള ഉത്തരവാദിത്വത്തില്‍നിന്നു സി.പി.എമ്മിന് ഒഴിഞ്ഞു മാറാനാവില്ല.
ഇതേസ്ഥിതി തന്നെയാണു പശ്ചിമബംഗാളിലും. കടുത്ത സി.പി.എം വിരോധിയാണു മമതാ ബാനര്‍ജി. സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനോടും മമതാ ബാനര്‍ജി കൂട്ടുകൂടും. ബി.ജെ.പിയെ മമത പണ്ടു കൂടെ നിര്‍ത്തിയിട്ടുണ്ട്. ബംഗാളി ബാബുമാരുടെ രക്തത്തിലുള്ള ഹിന്ദുമതബോധത്തെ ദുര്‍ഗാപൂജാവേളകളിലും മറ്റും വേണ്ട രീതിയില്‍ ഉദ്ദീപിക്കാന്‍ മമത മടിക്കാറില്ല. ബംഗാളില്‍ തന്റെ ശത്രു സി.പി.എമ്മാണെന്ന കൃത്യമായ തിരിച്ചറിവില്‍ നിന്നാണ് അവരുടെ രാഷ്ട്രീയപ്പോരാട്ടം തുടങ്ങുന്നത്. സി.പി.എമ്മിനെ ഏറെക്കുറെ ഇല്ലാതാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്.
ബംഗാളിലുണ്ടായ ഒരു കാര്യം സി.പി.എമ്മിനെ പിന്തുണച്ചിരുന്ന മുസ്‌ലിംകള്‍ മമതയുടെ പക്ഷത്തേയ്ക്കു മാറിയെന്നതാണ്. അതോടെ സി.പി.എം തീര്‍ത്തും ദുര്‍ബലമായി. കോണ്‍ഗ്രസ് സംസ്ഥാനത്ത് ചില ജില്ലകളില്‍ (ഉദാ: മാള്‍ദ) മാത്രമൊതുങ്ങി. ഈ സാഹചര്യത്തില്‍ ബംഗാളിലെ പ്രധാന പ്രതിപക്ഷവും രണ്ടാംകക്ഷിയും ബി.ജെ.പിയാണ്. കോണ്‍ഗ്രസിനെ അപ്രസക്തമാക്കാനുള്ള ശ്രമത്തില്‍ കേരളത്തില്‍ സി.പി.എം ചെയ്തതെന്തോ അതുതന്നെയാണു സി.പി.എമ്മിനെ അപ്രസക്തമാക്കാനുള്ള ശ്രമത്തില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ചെയ്തത്. രണ്ടിടത്തും ഈ നിലപാട് ബി.ജെ.പിക്കു വേരുറപ്പിക്കാന്‍ കാരണമായി.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും താല്‍ക്കാലിക രാഷ്ട്രീയലാഭങ്ങള്‍ക്കു വേണ്ടി രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ വിസ്മരിക്കുന്നുവെന്നതാണ് ഈ അനുഭവങ്ങളില്‍ നിന്നു പഠിക്കേണ്ട പാഠം. കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേല്‍ക്കൈ എന്ന ഭീഷണിയെ മറികടന്നതെങ്ങനെയെന്ന് സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആലോചിക്കേണ്ടതാണ്. കേരളത്തില്‍ സി.പി.എമ്മിനുള്ള കോണ്‍ഗ്രസ് വിരോധം പോലെത്തന്നെ ശക്തമാണു കര്‍ണാടകയില്‍ ജനതാദള്‍ എസിനു കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ്.
തെരഞ്ഞെടുപ്പിനു മുമ്പ് ജനതാദള്‍ എസ് ഈ എതിര്‍പ്പു മാറ്റിവയ്ക്കാന്‍ തയാറായില്ല. തല്‍ഫലമായി ബി.ജെ.പി ക്ക് ഗണ്യമായ തോതില്‍ സീറ്റുകള്‍ ലഭിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ജനതാദള്‍ എസിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തു. അതിനോട് ജനതാദളും സഹകരിച്ചു. ഇത്തരം വിട്ടുവീഴ്ചകള്‍ തീര്‍ച്ചയായും സംഘ്പരിവാര്‍ ഭീഷണിയെ അതിജീവിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആവശ്യമാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധവും അന്ധമായ സി.പി.എം വിരോധവും ഈ അവസ്ഥയില്‍ രാജ്യത്തെ അപകടത്തിലെത്തിക്കുകയേയുള്ളൂ.
തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്നു എന്ന് പറയപ്പെടുന്ന മൃദുഹിന്ദുത്വത്തേയും ഈ പരിവേഷത്തിലൂടെയാണ് കാണേണ്ടത്. രാഹുല്‍ ഗാന്ധിയടക്കമുളള കോണ്‍ഗ്രസ് നേതാക്കന്മാര്‍ ക്ഷേത്രസന്ദര്‍ശനം നടത്തുന്നതും ഗോരക്ഷയ്ക്കുവേണ്ടി സംസാരിക്കുന്നതും മറ്റും പൊറുപ്പിക്കാനാവാത്ത പാപങ്ങളായി ചിത്രീകരിക്കുന്നു പലപ്പോഴും ഇടതുപക്ഷ നേതാക്കളും സാംസ്‌കാരികപ്രവര്‍ത്തകരും മറ്റും. മതവിശ്വാസവും ക്ഷേത്രാരാധനകളും മറ്റും മനസില്‍ രൂഢമായിട്ടുള്ള ഇന്ത്യന്‍ സമൂഹത്തില്‍ അവയെ നിരാകരിച്ചുകൊണ്ടുള്ള സെകുലര്‍ പ്രയോഗ മാതൃകകള്‍ ഗുണകരമായല്ല ഭവിക്കുക എന്നറിയാവുന്നവരാണു കോണ്‍ഗ്രസ് നേതാക്കള്‍.
മൃദുഹിന്ദുത്വം അതിനാല്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനുള്ള അനിവാര്യമായ തെരഞ്ഞെടുപ്പു തന്ത്രമാണെന്ന് കരുതുന്നതാവും ബുദ്ധി. കേരളത്തിലും ബംഗാളിലും ഇതേ തന്ത്രം തന്നെ സി.പി.എമ്മും പ്രയോഗിക്കാറുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ജന്മാഷ്ടമി ദിവസം ബാലഗോപാലന്മാരെ അണിയിച്ചൊരുക്കി ശോഭായാത്ര നടത്തുന്നത് മറ്റെന്തിനാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു സി.പി.എം അണികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ അര്‍ഥമെന്താണ്.
ബംഗാളില്‍ ദുര്‍ഗാപൂജ പാര്‍ട്ടി പരിപാടിയായി മാറുന്നതിന്റെ പൊരുളെന്താണ്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തില്‍ നിന്ന് സി.പി.എമ്മിന്റെ മൃദുഹിന്ദുത്വത്തിനു വ്യത്യാസമൊന്നുമില്ല. കാവി രാഷ്ട്രീയമെന്ന മഹാവിപത്തിനെ ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ മൃദുഹിന്ദുത്വമല്ലാതെ മറ്റൊരു വഴിയില്ലെന്നു വിശ്വസിക്കുന്ന കോണ്‍ഗ്രസുകാരും നിരവധിയാണ്. തങ്ങളുടെ ഇടം ബി.ജെ.പി കൈയടക്കുമെന്ന ഭീതിയാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. അതിനെ അങ്ങനെയങ്ങു കുറ്റപ്പെടുത്താമോ.
കേരളീയസാഹചര്യത്തില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുകയെന്നു പറഞ്ഞാല്‍ ബി.ജെ.പിക്കു വിശ്വാസ്യതയുണ്ടാക്കലാണ്. കോണ്‍ഗ്രസിനെതിരേ യുദ്ധം പ്രഖ്യാപിച്ച കോടിയേരിയും പിണറായിയുമടക്കമുള്ള നേതാക്കന്മാര്‍ ഇതു മനസിലാക്കുന്നില്ല. ബംഗാളില്‍ സി.പി.എമ്മിനെ തുടച്ചുമാറ്റണമെന്ന മമതാ ബാനര്‍ജിയുടെ ആഗ്രഹം ഇതേ ദൗത്യം തന്നെയാണു പൂര്‍ത്തീകരിക്കുന്നത്. അതായത്, കേരളവും ബംഗാളും ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിന്റെ ഫലം വിനാശകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."