ഇന്ത്യ ഹരിതഗൃഹവാതക ഭീഷണിയില്‍
ഹരിതഗൃഹവാതകം (കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്) പുറത്തുവിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്ന ഗ്ലോബല്‍ കാര്‍ബണ്‍ പ്രൊജക്റ്റിന്റെ റിപ്പോര്‍ട്ട് ആശങ്കാജനകമാണ്. കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മുമ്പെത്തേതിനെക്കാളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഇത്തരം പ0ന റിപ്പോര്‍ട്ടുകളെ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്. വികസനത്തെയും ജീവന്റെ നിലനില്‍പിനെയും അതീവ ഗുരുതരമായി ബാധിക്കുന്ന ഇത്തരമൊരു പ്രതിസന്ധിയെ തരണം ചെയ്യണമെങ്കില്‍ രാജ്യങ്ങള്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തേക്ക് വിടുന്നതില്‍ നിയന്ത്രണം പാലിച്ചേ പറ്റൂ.
വരള്‍ച്ചയും പേമാരിയും കാലം തെറ്റിയെത്തുന്ന മഴയും തുടര്‍ച്ചയായി വീശുന്ന കൊടുങ്കാറ്റും ചുഴലിക്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും നമ്മുടെ നാട്ടിലും തുടങ്ങിയിരിക്കുന്നുവെന്നത് നമ്മുടെ രാജ്യവും ഹരിതഗൃഹവാതക ഭീഷണിയില്‍ പെട്ടിരിക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ഡല്‍ഹിയില്‍ ഇടക്കിടെ ഉണ്ടാകുന്ന പുക കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ക്രമാതീതമായ പുറന്തള്ളല്‍ കാരണമാണ്.
വ്യവസായ ശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും അമിതമായി പുറത്തേക്ക് വിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കാരണം വന്‍ നഗരങ്ങളിലെ ജീവിതം തന്നെ ദുസ്സഹമായിരിക്കുകയാണ്. ലോകമൊട്ടാകെ നടക്കുന്ന ഈ പ്രക്രിയ കാരണം ആഗോളതാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയെ കാത്തുരക്ഷിക്കുന്ന ഓസോണ്‍ പാളികള്‍ക്കേല്‍ക്കുന്ന പരിക്കുകള്‍ കാരണം ഭൂമിയില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുകയും ഉത്തരധ്രുവങ്ങളിലെ മഞ്ഞുമലകള്‍ ഉരുകിത്തീരുകയും ചെയ്യുന്നു. ഇതുവഴി സമുദ്രങ്ങളില്‍ ജലവിതാനം ഉയരുകയും തുറമുഖ നഗരങ്ങള്‍ മുങ്ങിപ്പോവാന്‍ ഇട വരുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ പല നഗരങ്ങളും അത്തരം ഭീഷണികളെ നേരിട്ട്‌കൊണ്ടിരിക്കുകയാണ്.
1970 മുതല്‍ 2004 വരെയുള്ള കാലയളവില്‍ അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 80 ശതമാനമായിരുന്നു. കാര്‍ബണിന്റെ പ്രധാന ഉറവിടം അന്തരീക്ഷമാണ്. അന്തരീക്ഷത്തില്‍ 0.03 ശതമാനം കാര്‍ബണ്‍ ആണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ സ്വതന്ത്രമായും ജലാശയങ്ങളില്‍ ഭാഗികമായും ലയിച്ച അവസ്ഥയിലും കാണുന്ന രാസ സംയുക്തമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്. അന്തരീക്ഷത്തിലെ സാധാരണ താപനിലയിലും മര്‍ദത്തിലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകാവസ്ഥയില്‍ കാണുന്നു. 2009ലെ കണക്ക് പ്രകാരം ഭൂമിയുടെ അന്തരീക്ഷത്തില്‍ 387 ശതമാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആവിര്‍ഭാവത്തില്‍ തന്നെ ആവിയന്ത്രങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തേക്ക് വിടാന്‍ തുടങ്ങിയിരുന്നു.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറത്തേക്കുള്ള ബഹിര്‍ഗമനം ക്രമാതീതമായി വര്‍ധിച്ചാല്‍ രാജശലഭമെന്ന മനോഹരിയായ പൂമ്പാറ്റ ഭൂമിയില്‍ നിന്നു പെട്ടെന്ന് അപ്രത്യക്ഷമായേക്കാമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അമേരിക്കയിലാണ് ഈ ശലഭങ്ങള്‍ ഏറെയും. ഇവ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന കാഴ്ച അതി മനോഹരമാണ്. ഹവായ്‌യിലെ മെനലോവ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ദശലക്ഷത്തില്‍ 400 ഭാഗം കടന്നുവെന്നാണ്. ഇത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കണക്ക് ആയതിനാല്‍ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചുവെന്നും നിരീക്ഷണ കേന്ദ്രം ഒര്‍മപ്പെടുത്തുന്നു. ഇന്നു ലോകത്ത് അറിയപ്പെടുന്ന പ്രമുഖ നഗരങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങുന്ന കാലവും വിദൂരമല്ലെന്ന് നിരീക്ഷണ കേന്ദ്രം പറയുന്നു. വരും വര്‍ഷങ്ങളില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രവചനാതീതമായിരിക്കുമെന്നാണ് കാലിഫോര്‍ണിയയിലെ നേച്ചര്‍ ജിയോ സയന്‍സിന്റെ ജേണലിലെ പഠനം വ്യക്തമാക്കുന്നത്.
2015ല്‍ പാരിസില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ അന്തരീക്ഷത്തിലേക്ക് വിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ കുറയ്ക്കാമെന്ന് കരാര്‍ ആയതായിരുന്നു. പക്ഷെ, പല രാഷ്ട്ര ങ്ങളും അത് പാലിച്ചില്ല. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തേക്ക് തള്ളുന്നതിന്റെ തോത് രാഷ്ട്രങ്ങള്‍ കുറക്കാന്‍ തയ്യാറാകാതിരുന്നാല്‍ ലോകം മനുഷ്യകരങ്ങളാല്‍ നശിക്കുന്ന കാലം വിദൂരമല്ലെന്നാണ് പ്രമുഖ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ബെഷല്‍ ഷെര്‍ പറയുന്നത്. 2015ല്‍ ഇന്ത്യയിലുണ്ടായ അത്യുഷ്ണ തരംഗത്തില്‍ കൊല്‍ക്കത്തയടക്കമുള്ള നഗരങ്ങളില്‍ 2000 പേര്‍ മരണപ്പെട്ടത് ഈ വിഷയത്തില്‍ ഇന്ത്യക്ക് പാഠമാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."