ക്ഷീരോല്‍പാദനത്തില്‍ 17 ശതമാനം വര്‍ദ്ധനവ്; ജില്ലയില്‍ മൂന്ന് ക്ഷീരസോണുകള്‍ അനുവദിച്ചു: മന്ത്രി കെ. രാജു
കടുത്തുരുത്തി: ക്ഷീരോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 50 ക്ഷീരസോണുകള്‍ അനുവദിച്ചതില്‍ ജില്ലയിലെ ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം മേഖലകളെ ഉള്‍പ്പെടുത്തിയതായി ക്ഷീരവികസന- വനം- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഈ മൂന്നു ക്ഷീരസോണുകള്‍ക്കും പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കും. ഉഴവൂര്‍ ബ്ലോക്കിലെ ക്ഷീരസംഗമം കുമ്മണ്ണൂര്‍ മംഗളാരം ചര്‍ച്ച് പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വരള്‍ച്ച റിപ്പോര്‍ട്ടു ചെയ്തിട്ടും ക്ഷീരോല്പാദനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതോടെ ക്ഷീരോല്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കേരളത്തിന് വേണ്ടത് 13 ശതമാനത്തിന്റെ മാത്രം വര്‍ദ്ധനയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഈ കുറവ് പരിഹരിച്ച് സ്വയംപര്യാപ്തത കൈവരിക്കുമെന്നാണ് പ്രതീക്ഷ. ശക്തമായ കാര്‍ഷിക അടിത്തറയുള്ള കോട്ടയം പാല്‍ ഉല്പാദനത്തില്‍ 10 -ാം സ്ഥാനത്താണെന്നും ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷീരമേഖലയിലെ മാറ്റങ്ങളും സാദ്ധ്യതകളും പഠിക്കാന്‍ സര്‍ക്കാര്‍ കമ്മറ്റിയെ നിയോഗിച്ചത് ക്ഷീരമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ്. ഇതിന്റെ പേരില്‍ കര്‍ഷകരോ ക്ഷീരസംഘങ്ങളോ ജീവനക്കാരോ യാതോരു വിധത്തിലുമുള്ള ആശങ്ക വച്ചു പുലര്‍ത്തേണ്ടതില്ല. ക്ഷീരമേഖലയിലെ ഉല്പാദന വിപണന സാദ്ധ്യതകള്‍ പഠിക്കാനാണ് ലിഡ ജേക്കബ് ചെയര്‍മാനായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഓരോ ജില്ലയിലെയും ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ നേരില്‍കണ്ട് തെളിവെടുപ്പ് നടത്തിയായിരിക്കും കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഈ വര്‍ഷം 105 കോടി രൂപയാണ് ക്ഷീരമേഖലയുടെ വികസനത്തിന് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന്റെ മൂന്നിരട്ടി തുകയും ഈ വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നീക്കി വച്ചിട്ടുണ്ട്. ക്ഷീരമേഖലയ്ക്ക് ഇതര മേഖലകള്‍ക്കുള്ള പരിഗണന ലഭിച്ചിട്ടില്ലെന്ന കുറവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കാര്‍ഷികാവശ്യങ്ങള്‍ക്ക് നാലു ശതമാനം നിരക്കിലും നെല്‍കൃഷിക്ക് പലിശരഹിത ലോണും ബാങ്കുകള്‍ നല്‍കുമ്പോള്‍ ക്ഷീരകര്‍ഷകന് കന്നുകാലികളെ വാങ്ങാനും മറ്റുമായി ലഭിക്കുന്നത് ഉയര്‍ന്ന പലിശ നിരക്കിലുള്ള വായ്പകളാണ്. സര്‍ക്കാര്‍ സബ്‌സിഡികള്‍ മാത്രമാണ് ഈ മേഖലയില്‍ ആകെയുള്ള ആശ്വാസം. ഇതിന് മാറ്റം വരണം- മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അധ്യക്ഷനായ മോന്‍സ് ജോസഫ് എം.എല്‍.എ ക്ഷീര സംഘങ്ങളുടെ ഓട്ടോമേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ക്ഷീരവര്‍ദ്ധിനി പദ്ധതിയുടെ രണ്ടാം ഘട്ട ധനസഹായവും അദ്ദേഹം വിതരണം ചെയ്തു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി എബ്രാഹം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, ഇ.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ ലിസി ബേബി മുളയിങ്കല്‍, ആന്‍സി ജോസ്, കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റെനി ജയന്‍, അസി ഡയറക്ടര്‍ പി.ഇ. ഷീല, ബാങ്ക് ഓഫ് ബറോഡസീനിയര്‍ സോണല്‍ മാനേജര്‍ മോഹന്‍ദാസ്, പി ആന്റ് ഐ അസി. മാനേജര്‍ ഡോ. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മികച്ച ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകര്‍, ഏറ്റവും ഗുണനിലവാരമുളള പാല്‍ സംഭരിച്ച സംഘം എന്നിവര്‍ക്കുള്ള അവാര്‍ഡുകളും കന്നുകാലി പ്രദര്‍ശനത്തില്‍ ഒന്നാമതെത്തിയ കര്‍ഷകര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ബ്ലോക്ക്- ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."