കൊട്ടിയം ഷൈനി വധക്കേസ്; പ്രതിയെ വെറുതെ വിട്ടു
കൊല്ലം: വിവാദമായ കൊട്ടിയം ഷൈനി വധക്കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനായ ഷൈജുവിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ജില്ലാ അഡീഷണല്‍ സെകഷന്‍ കോടതി വെറുതെ വിട്ടത്.
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി പ്രതിയെ വെറുതെ വിട്ടത്. പ്രതിയെ രണ്ടു വര്‍ഷം നല്ലനടപ്പിന് ശിക്ഷിച്ച കൊല്ലം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തവിനെതിരായ ഹര്‍ജിയിലാണ് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ വിധി.
കണ്ണനല്ലൂര്‍ കളീലഴികത്ത് വീട്ടില്‍ 2005 ജനുവരി 31ന് പകല്‍ 2.30നാണ് ഷൈനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സഹോദരിയുടെ വഴിതെറ്റിയ ജീവിതത്തില്‍ മനംനൊന്ത് ഷൈജു ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
സംഭവദിവസം രാത്രിയാണ് ഷൈജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
അടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍നിന്നു കിട്ടിയ മുടിയും നഖവും ഷൈജുവിന്റേതായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു.
സഹോദരി വീണ്ടും തെറ്റായ മാര്‍ഗത്തില്‍ പോകുമെന്ന് ഭയപ്പെട്ടാണ് കൊലപ്പെടുത്തിയത്. കേസില്‍ 24 സാക്ഷികളെ വിസ്തരിച്ചു. സംഭവം നടക്കുമ്പോള്‍ 17 വയസുണ്ടായിരുന്ന ഷൈജു ഇപ്പോള്‍ വിവാഹിതനാണ്. കുട്ടിയുമുണ്ട്.
അതോടൊപ്പം സൈനിക ക്യാംപിലെ പട്ടാളക്കാരടക്കം മുപ്പതോളം ആള്‍ക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പെണ്‍വാണിഭകേസിന്റെ വിചാരണയും സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്.
ഇടനിലക്കാരായിരുന്ന അഞ്ച് സ്ത്രീകളടക്കം 19 പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇതില്‍ ഒരാള്‍ മരിക്കുകയും മറ്റൊരു പ്രതി ജാമ്യം നേടിയ ശേഷം ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ കൊട്ടിയം പെണ്‍വാണിഭക്കേസ് സംസ്ഥാനതലത്തില്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു.
കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടിയുമായി രാത്രി ചെലവഴിച്ച യുവാക്കള്‍ 2004 ഏപ്രില്‍ 29ന് പുലര്‍ച്ചെ ബൈക്കില്‍ ഷൈനിയുമായി വരവെ ചവറ ടൈറ്റാനിയത്തിന് സമീപം ഹൈവേ പൊലിസിനെ കണ്ട് പെണ്‍കുട്ടിയെ ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."