ശില്‍പശാല നടന്നു; ജാഗ്രതയുടെ അനിവാര്യത ചൂണ്ടിക്കാട്ടി ജലദൂതുമാര്‍
കൊല്ലം: ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടതല്‍ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്ന് നബാര്‍ഡും ജില്ലാ സാക്ഷരതാ സമിതിയും സംയുക്തമായി നടത്തിയ ശില്‍പ്പശാലയില്‍ നിര്‍ദേശം. ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സര്‍വേയിലും മാപ്പിങിലും പങ്കാളികളായ ജലദൂതുമാരാണ് പരിപാടിയില്‍ പ്രവര്‍ത്തന അനുഭവങ്ങള്‍ വിവരിച്ച് വ്യവസ്ഥാപിതമായ തുടര്‍നടപടികളുടെ അനിവാര്യത ചൂണ്ടിക്കാട്ടിയത്.
കൊട്ടിയം ക്രിസ്തുജ്യോതി ആനിമേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികളും സാക്ഷരതാ പ്രേരക്മാരും പങ്കെടുത്തു. ജലസംരക്ഷണത്തിനായി സാക്ഷരതാ മിഷനും വിവിധ വകുപ്പുകളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പശാലയില്‍ അന്തിമ രൂപംനല്‍കി.
ജലസംരക്ഷണത്തിന് തടസമാകുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരം, പൊതു കുളങ്ങളുടെ സംരക്ഷണം, കിണര്‍ റീചാര്‍ജിങ്, മഴവെള്ള സംരക്ഷണം, വെള്ളത്തിന്റെ ഗുണമേന്മപരിശോധന തുടങ്ങിയവ കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കണം.
കൊല്ലം ജില്ലയിലെ നിലമേല്‍, കരവാളൂര്‍, ആദിച്ചനല്ലൂര്‍, തലവൂര്‍, ഉമ്മന്നൂര്‍, നെടുവത്തൂര്‍, തഴവ, മയ്യനാട്, നീണ്ടകര, കുന്നത്തൂര്‍, പേരയം ഗ്രാമപഞ്ചായത്തുകളിലാണ് ജലദൂത്മാര്‍ സര്‍വേ നടത്തിയത്.
ഉച്ചകഴിഞ്ഞ് നടന്ന അനുമോദന സമ്മേളനം എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ ശീലങ്ങളില്‍ മാറ്റം വരുത്തുകയാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രധാന ചുവടുവയ്‌പ്പെന്ന് അദ്ദേഹം പറഞ്ഞു.
കെ. ജഗദമ്മ അധ്യക്ഷയായി. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ഉഷ, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ്.പി. ഹരിഹരന്‍ ഉണ്ണിത്താന്‍, നബാര്‍ഡ് മാനേജര്‍ മുഹമ്മദ് റിയാസ്, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ ഡി ശാന്ത, പി. മുരുകദാസ് പങ്കെടുത്തു.
നബാര്‍ഡിന്റെ ജലജീവന്‍ പുരസ്‌കാരങ്ങള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകലയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മക്കും എം. നൗഷാദ് എം.എല്‍.എ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."