ജോലിസ്ഥലത്തു ബുദ്ധിമുട്ടിലായ വനിത നാട്ടിലേയ്ക്ക് മടങ്ങി
ദമാം: അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായ തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ചെന്നൈ സ്വദേശിനിയായ വല്ല്യമ്മാൾ ആണ് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്താൽ നാടണഞ്ഞത്. എട്ടു മാസം മുമ്പ് സഊദിയിലെത്തിയ വല്യമ്മാൾ ഇവിടെ ജോലിസാഹചര്യങ്ങൾ മോശമായിരുന്നെങ്കിലും നാട്ടിലെ ദുരിതം ഓർത്ത് സഹിച്ച് കഴിയുകയായിരുന്നു. വല്ലപ്പോഴുമായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. തൊഴിൽ അസഹനീയമായപ്പോൾ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തു കടന്നു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞതിനെ തുടർന്ന് പോലീസുകാർ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് എത്തിക്കുകയായിരുന്നു.
ഇവിടെ വെച്ചാണ് നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണികുട്ടന്റെ നേതൃത്വത്തിൽ സഹായ ഹസ്തം ലഭിച്ചത്. ജീവ കാരുണ്യ പ്രവർത്തകർ യുവതിയുടെ സ്പോൺസറെ ബന്ധപ്പെട്ടെങ്കിലും സഹകരിയ്ക്കാൻ തയ്യാറായില്ല. കുടുംബ പ്രശ്നങ്ങൾ മൂലം എത്രയും വേഗം നാട്ടിൽ പോയാൽ മതിയെന്ന നിലപാടിൽ ആയിരുന്നു വല്ല്യമ്മാൾ. ഇതേ തുടർന്ന് എംബസ്സിയുമായി ബന്ധപ്പെട്ട് ഔട്ട് പാസ് എടുത്തു നൽകുകയും അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും ലഭ്യമാക്കുകയായിരുന്നു. ജുബൈലിലെ സാമൂഹ്യപ്രവർത്തകൻ യാസിൻ നൽകിയ വിമാന ടിക്കറ്റിലാണ് സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു വല്യമ്മാൾ നാട്ടിലേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."