കമ്മ്യൂനിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീമുമായി അഗ്നിശമന സേന
കല്‍പ്പറ്റ: കമ്മ്യൂനിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ സ്‌കീം എന്ന പേരില്‍ ഫയര്‍ഫോഴ്‌സ് കര്‍മസേന രൂപീകരിക്കുന്നു. ജില്ലയിലും സേന രൂപീകരണത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അഗ്നിസേന വിഭാഗവും പൊതുജനങ്ങളും തമ്മിലുള്ള അന്തരം കുറക്കുകയെന്ന ലക്ഷ്യവും കര്‍മസേന രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നു. അത്യാഹിതങ്ങളും, അപകടങ്ങളും സംഭവിച്ചാല്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രദേശികമായി അടിയന്തര സഹായം ലഭ്യമാക്കുകയെന്നതാണ് കമ്മ്യൂനിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ സ്‌കീം രൂപീകരണത്തിലൂടെ അഗ്നിശമന സേന പ്രധാനമായും ലക്ഷ്യമിടുന്നത്. ഏതുതരത്തിലുള്ള തീപിടുത്തങ്ങളും അപകടങ്ങളും നേരിടാന്‍ സദാജാഗരൂകരായി എത്തുന്ന വിഭാഗമായ അഗ്നിശമന സേനക്ക് അപകട സ്ഥലത്തേക്കുള്ള ദൂരം, ഗതാഗത തിരക്ക്, അത്യാഹിതം ഉണ്ടായത് അറിയിക്കുന്നതിലെ വീഴ്ച എന്നിവ സംഭവിക്കുന്നതിനാല്‍ പലപ്പോഴും എത്താന്‍ കാലതാമസം നേരിടുകയാണ്.
ഏത് രീതിയിലുള്ള അത്യാഹിതമുണ്ടായാലും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നത് സംഭവസ്ഥലത്തെ പൊതുജനങ്ങളായിരിക്കും. ഇത്തരം സേവന സന്നദ്ധരായ തദ്ദേശീയര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയായിരിക്കും കര്‍മസേന രൂപീകരിക്കുക. സ്ത്രീകളും, പുരുഷന്മാരും അടങ്ങുന്ന 30 അംഗ തദ്ദേശീയ സന്നദ്ധ കര്‍മസേനയായിരിക്കും ഓരോ പഞ്ചായത്തിലും രൂപീകരിക്കുക.
കുടുംബശ്രീ അടക്കമുള്ളവരെ ഇതില്‍ അംഗങ്ങളാക്കും. സ്‌ക്വാഡ് രൂപീകരിച്ച് അംഗങ്ങള്‍ക്ക് അഞ്ചുദിവസത്തെ പരിശീലനം നല്‍കും. തിരിച്ചറിയല്‍ കാര്‍ഡും, ജാക്കറ്റ് അടക്കമുള്ളവയും കര്‍മസേനാംഗങ്ങള്‍ക്ക് നല്‍കും. കര്‍മസേനാംഗങ്ങളുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയും രൂപീകരിക്കുമെന്ന് അഡീഷണല്‍ ഡിവിഷനില്‍ ഓഫിസര്‍ വി.കെ ഋതീജ്, അഗ്നിരക്ഷാ നിലയം സ്‌റ്റേഷന്‍ ഓഫിസര്‍ പി.വി വിശ്വാസ്, ലീഡിങ് ഫയര്‍മാന്‍ പി. അനില്‍, വിശ്വന്‍ അഗസ്റ്റിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കീമിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചക്ക് 2.15ന് കല്‍പ്പറ്റ ഫയര്‍സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. വി.കെ ഋതീജ് അധ്യക്ഷനാവും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കടവന്‍ ഹംസ, ലീലാമ്മ ജോസഫ്, സി. സഹദ്, പി.ജി സജേഷ്, എ.എം നജീബ്, ഷഹര്‍ബാന്‍ സൈതലവി, പി.എം നാസര്‍, വി. ഉഷാകുമാരി, റീന സുനില്‍, എന്‍.സി പ്രസാദ്, സ്‌റ്റേഷന്‍ ഓഫിസര്‍ പി.വി വിശ്വാസ്, കമ്മ്യൂനിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ സ്‌കീം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ടി രമേഷ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."