ധനപ്രതിസന്ധിക്ക് കാരണം ധൂര്‍ത്ത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിക്ക് പിന്നിലെ പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടി യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്ന് ധവളപത്രത്തില്‍ പറയുന്നു. മൂന്നരവര്‍ഷം കൊണ്ട് പൊതുകടം ഒരു ലക്ഷം കോടിയായെന്നും ഇതിനുപിന്നില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.
സര്‍ക്കാരിന്റെ മോശമായ ധനമാനേജ്‌മെന്റും കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയുമാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത്. മന്ത്രിസഭാ സത്യപ്രതിജ്ഞയുടെ ചെലവ് മുതല്‍ ഹെലികോപ്റ്റര്‍ മാസവാടകക്ക് എടുക്കാനുള്ള തീരുമാനം വരെ സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെ നിരവധി ഉദാഹരണമാണ്.
കിഫ്ബിയില്‍ നടക്കുന്നത് ധൂര്‍ത്താണ്. സി.എ.ജി നിര്‍ദേശിച്ച ഓഡിറ്റ് തടഞ്ഞതും, കെ.എസ്.ഇ.ബിയിലെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ കോടികളുടെ അഴിമതിയും കിഫ്ബിയെ വിവാദത്തിലാക്കി.
2016 വരെ ഒന്നരലക്ഷം കോടിയായിരുന്ന കേരളത്തിലെ കടബാധ്യത ഒരുലക്ഷം കോടി വര്‍ധിച്ചു രണ്ടരലക്ഷം കോടിയായി. കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് ആളോഹരി കടം 46,078 രൂപയില്‍നിന്ന് 26,352 വര്‍ധിച്ച് 72,430 രൂപയായി. റവന്യൂകമ്മി ഉയരുകയും ധനക്കമ്മി നിയന്ത്രണത്തില്‍ നില്‍ക്കാതെയുമായി. വാര്‍ഷിക പദ്ധതി കഴിഞ്ഞവര്‍ഷം 20 ശതമാനവും ഈ വര്‍ഷം 30 ശതമാനവും വെട്ടിച്ചുരുക്കി.
വിഭവസമാഹരണത്തിലെ പാളിച്ചകളാണ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയതെന്നും ധവളപത്രം ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ 30 ശതമാനം നികുതി പിരിവ് അവകാശപ്പെട്ട സര്‍ക്കാരിന് നേടാനായത് 12 ശതമാനത്തില്‍ താഴെ വര്‍ധന മാത്രമാണ്. ഇതുതന്നെ ജി.എസ്.ടി നഷ്ടപരിഹാരത്തിന് കേന്ദ്രം തന്ന പണം കൂടി കൂട്ടിയാണ്.
വാറ്റ്, ചരക്കുസേവന നികുതി കുടിശിക പിരിച്ചെടുക്കുന്ന കാര്യത്തില്‍ നികുതി വകുപ്പ് കുറ്റകരമായ അനാസ്ഥ കാണിച്ചു. ജി.എസ്.ടിയില്‍ 14,000 കോടി രൂപയും, വാറ്റ്, കെ.ജി.എസ്.ടി ജനങ്ങളില്‍ 5000 കോടി രൂപയുടെ കുടിശികയും പിരിച്ചെടുത്തില്ല. വാറ്റ്, കെ.ജി.എസ്.ടി, സി.എസ്.ടി, ലക്ഷറിടാക്‌സ് എന്നിവയുടെ കുടിശികമായി ബന്ധപ്പെട്ട് ഇനിയും 40,000 ഫയലുകളില്‍ നികുതി നിര്‍ണയം നടത്തിയിട്ടില്ലെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.
നികുതിവകുപ്പ് പുനഃസംഘടിപ്പിക്കണമെന്നും ആര്‍ഭാടം നിയന്ത്രിക്കണമെന്നുമുള്ള നിര്‍ദേശം ധവളപത്രം മുന്നോട്ടുവയ്ക്കുന്നു.
നികുതിപിരിവ് വര്‍ധനക്കായി ജി.എസ്.ടിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെ രാവിലെ കന്റോണ്‍മെിന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ധവളപത്രം പുറത്തിറക്കിയത്.
കടമെടുപ്പ് തോന്നിയപോലെയാണെന്നും ധൂര്‍ത്ത് വ്യാപകമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വി.ഡി സതീശന്‍ എം.എല്‍.എ കണ്‍വീനറായ സമിതിയാണ് ധവളപത്രം തയാറാക്കിയത്.
എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, എം. ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ.എന്‍. ജയരാജ്, അനൂപ് ജേക്കബ്, കെ.എസ് ശബരീനാഥന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
നികുതി വെട്ടിപ്പിന്
അവസരമൊരുക്കി
ജി.എസ്.ടി നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ ചെക്ക്‌പോസ്റ്റുകളും 2017 ജൂലൈ മുതല്‍ തുറന്നുകൊടുത്തത് വന്‍ നികുതി വെട്ടിപ്പിന് അവസരമൊരുക്കി. ചെക്ക്‌പോസ്റ്റുകള്‍ തുറന്നതോടെ ഉയര്‍ന്ന നികുതിയുള്ള ചരക്കുകള്‍ പലതും ഇതരസംസ്ഥാനത്ത് നിന്നുകൊണ്ടുവന്ന് നിയമവിരുദ്ധമായി പലരും ഇവിടെ വിറ്റഴിച്ചു.
ഇതു സര്‍ക്കാരിന്റെ നികുതിവരുമാനത്തില്‍ ഭീമമായ ചോര്‍ച്ചവരുത്തി. മാത്രമല്ല, യഥാര്‍ഥ നികുതി ദായകന്റെ കച്ചവടത്തില്‍ ഗണ്യമായ കുറവുവരുത്തുകയും ചെയ്തു. ഇത് തടയുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. നികുതിയിനത്തില്‍ ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തുമെന്ന ഉദാസീനമായ നിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത്.
അവസരങ്ങള്‍
കളഞ്ഞുകുളിച്ചു
നികുതി പിരിക്കാന്‍ അനുകൂലമായ ഘടകങ്ങള്‍ ഉണ്ടായിട്ടും അതൊന്നും പ്രയോജനപ്പെടുത്തിയില്ല.
കേന്ദ്രം നിരവധി പ്രാവശ്യം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോള്‍ കേരളത്തിന് 771.96 കോടി രൂപ അധിക നികുതിയായി ലഭിച്ചു. 565 ബാറുകള്‍ പുതിയതായി തുറന്നപ്പോള്‍ ലൈസന്‍സ് ഫീ ഇനത്തിലും നികുതി ഇനത്തിലുമായി കോടികള്‍ ലഭിച്ചു.
പ്രളയ സെസ്സിനത്തില്‍ രണ്ടുവര്‍ഷംകൊണ്ട് 1200 കോടി പിരിക്കാന്‍ തീരുമാനിച്ചു. വാറ്റ്, കെ.ജി.എസ്.ടി എന്നിവയുടെ കുടിശ്ശികയായി 5000 കോടി രൂപ പിരിച്ചെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഈ അവസരങ്ങളെല്ലാം കളഞ്ഞുകുളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."