തിരൂര്‍ തുഞ്ചത്ത് ജ്വല്ലേഴ്സ് നിക്ഷേപ തട്ടിപ്പ്: ഡയറക്ടര്‍മാര്‍ രണ്ടുതട്ടില്‍
തിരൂര്‍: ഒന്നരലക്ഷത്തോളം ആളുകളെ വഞ്ചിച്ച് 30 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ തുഞ്ചത്ത് ജ്വല്ലേഴ്‌സ് കമ്പനിയുടെ ഡയറക്ടര്‍മാരും ഏജന്റുമാരും രണ്ടുതട്ടിലായതോടെ നിക്ഷേപകര്‍ നിസ്സഹായവസ്ഥയില്‍. തട്ടിപ്പ് നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒട്ടുമിക്ക നിക്ഷേപകര്‍ക്കും പണമോ സ്വര്‍ണാഭരണങ്ങളോ തിരികെ ലഭിച്ചിട്ടില്ല.
കമ്പനി എം.ഡി മുങ്ങിയതോടെ മൂന്ന് മാസത്തിനകം മുഴുവന്‍ നിക്ഷേപകരുടെയും ഇടപാട് തീര്‍ക്കുമെന്ന് പറഞ്ഞ് 2016 സെപ്തംബര്‍ ആറിന് ഒരു വിഭാഗം കമ്പനി ഡയറക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കമ്പനി ഉടമ ജയചന്ദ്രന്‍ മുങ്ങി നടക്കുന്നതിനാല്‍ തങ്ങളെല്ലാവരും ഇപ്പോള്‍ ഉടമക്കെതിരേയാണെന്ന പ്രതീതിയുണ്ടാക്കി ജനങ്ങളില്‍ നിന്ന് തടിതപ്പാനാണ് ഡയറക്ടര്‍മാരുടെയും ഏജന്റുമാരുടെയും ശ്രമം. 2016 ജൂലൈ 15നാണ് തിരൂര്‍ പാന്‍ബസാറിലെ ജ്വല്ലറിയും സമീപത്തുണ്ടായിരുന്ന ടെക്സ്റ്റയില്‍സും അടച്ചു പൂട്ടി ഉടമ ജയചന്ദ്രന്‍ മുങ്ങിയത്. അന്നു തന്നെ നൂറിലേറെ പരാതികള്‍ പൊലിസിന് ലഭിച്ചിരുന്നു.
എന്നാല്‍ പൊലിസ് കേസെടുത്ത് തുടര്‍ നടപടി സ്വീകരിച്ചില്ല. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കി കമ്പനി ഉടമ പത്രപരസ്യം നല്‍കിയും നിക്ഷേപകരെ പറ്റിച്ചു.
ഇതിന് പൊലിസും കൂട്ടുനിന്നു. പണം ലഭിക്കാനുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ 15 ദിവസത്തിനകം തിരൂര്‍ പൊലിസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചാല്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് പണം തിരികെ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പൊലിസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടന്ന ഈ നാടകത്തിന് ശേഷവും പ്രശ്‌ന പരിഹാരമുണ്ടായില്ല. എന്നിട്ടും പൊലിസ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല.
മലപ്പുറം ജില്ലക്കു പുറമെ കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ നിക്ഷേപകര്‍ പരാതിയുമായി പൊലിസിനെ സമീപിച്ചിരുന്നു. തീരദേശ നിവാസികളടക്കമുള്ള സ്ത്രീകളായിരുന്നു ഏറ്റവും കൂടുതല്‍ തട്ടിപ്പിനിരയായത്. ഇവര്‍ക്ക് നീതി ഉറപ്പാക്കുന്ന തരത്തിലുള്ള ഇടപെടല്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാതിരുന്നതാണ് പൊലിസിനെതിരേയും സംശയം ശക്തിപ്പെടുത്തുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും പ്രവാസി കുടുംബങ്ങളുമാണ് നിക്ഷേപതട്ടിപ്പില്‍ വഞ്ചിക്കപ്പെട്ടവരില്‍ ഏറെയും. അത്രയ്ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ജയചന്ദ്രനും സംഘവും ജനങ്ങളെ ചാക്കിലാക്കിയത്.
സംഭവത്തില്‍ പതിനായിരത്തോളം പരാതികള്‍ പൊലിസില്‍ ലഭിച്ചിട്ടും കമ്പനി ഉടമ ജയചന്ദ്രനെതിരെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ജയചന്ദ്രന്റെ പേരിലുള്ള സ്വത്തുക്കള്‍ പലതും മറ്റ് കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട്.
ചേരിതിരിഞ്ഞ് ഡയറക്ടര്‍മാരും വീട്, വാഹനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത് അനുഭവിച്ച് കഴിയുമ്പോഴാണ് പാവപ്പെട്ട നിക്ഷേപകര്‍ നിക്ഷേപിച്ച പണമോ സ്വര്‍ണാഭരണങ്ങളോ ലഭിക്കാതെ നട്ടം തിരിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."