മികവുത്സവത്തില്‍ നൂറില്‍ നൂറ്: ഇത് ഒരു ഒഡിഷക്കാരിയുടെ മലയാളത്തിളക്കം
#ആദില്‍ ആറാട്ടുപുഴ
തിരുവനന്തപുരം: മുദാദ് രേവതി ചിരിക്കുകയാണ്. സാക്ഷരതാമിഷന്‍ സംസ്ഥാനത്തെ 625 കേന്ദ്രങ്ങളിലായി നടത്തിയ മികവുത്സവം പരീക്ഷയില്‍ നേടിയ നൂറില്‍ നൂറിന്റെ തിളക്കത്തില്‍. മാതൃഭാഷയായ ഒറിയ പോലെ സുന്ദരമായി മലയാളത്തില്‍ എല്ലാവരുമായും ഈ സന്തോഷം പങ്കിടുകയാണ് മുദാദ് രേവതിയെന്ന 22കാരിയായ ഒഡിഷ സ്വദേശിനി. പത്താം ക്ലാസില്‍ പഠനമുപേക്ഷിച്ച് ഉപജീവനമാര്‍ഗം തേടി കേരളത്തിലെത്തിയ മുദാദ് രേവതി കിന്‍ഫ്രയുടെ തിരുവനന്തപുരത്തെ ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. തൊഴിലിനിടയിലും പഠിക്കണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും അധ്യാപകരും സഹപാഠികളും ഒരുപാട് സഹായിച്ചെന്നും മുദാദ് രേവതി പറയുന്നു. ഒരുവര്‍ഷത്തോളമായി കേരളത്തില്‍ ജോലി ചെയ്യുന്ന രേവതിക്ക് ഇനിയും മലയാളം പഠിക്കണമെന്നാണ് ആഗ്രഹം.
മോണകാട്ടിയുള്ള നിഷ്‌കളങ്കമായ ചിരിയില്‍ ആത്മവിശ്വാസം നിറച്ച് തൊണ്ണൂറാം വയസിലും മൈഥിലി അമ്മയും നൂറില്‍ നൂറ് കിട്ടിയ സന്തോഷം പങ്കുവച്ചു. കോഴിക്കോടു ജില്ലയിലെ വടകര സ്വദേശിനിയാണ് വി. മൈഥിലി. കൊച്ചുമക്കളുടെ മക്കള്‍ക്കൊപ്പമിരുന്നാണ് ഈ അമ്മ അക്ഷരങ്ങള്‍ പഠിച്ചത്. മൈഥിലി അമ്മയുടെ പഠന രീതികള്‍ വളരെ രസകരമാണെന്ന് അധ്യാപിക കൂടിയായ ഓമന പറയുന്നു. രാവിലെ നാലു മണിക്ക് എഴുന്നേറ്റ് തലേദിവസം പഠിച്ച പാഠം ഒന്നു കൂടി നോക്കിയാണ് അമ്മയുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ പരീക്ഷയും ജയിച്ചു വരുമ്പോള്‍ എന്തുവേണം സമ്മാനം എന്നു ചോദിച്ചാല്‍ അതിനും മൈഥിലി അമ്മയുടെ കൈയില്‍ ഉത്തരം റെഡിയാണ്- ഐസ്‌ക്രീമും സിപ്അപ്പും മതി.
ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചവര്‍ ഒന്നിച്ചു പഠിച്ചു തുടങ്ങിയപ്പോള്‍ കൈവരിച്ച വിജയത്തിന്റെ കഥയാണ് കാസര്‍കോട് ചെറുപനത്തടി സ്വദേശികളായ ദമ്പതികള്‍ക്കു പറയാനുള്ളത്. ബി. ദാമോദര(44)നും ഭാര്യ പി. നാരായണി(37)യും 95 മാര്‍ക്ക് വീതം നേടി പരീക്ഷ ജയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാക്ഷരതാ പരിപാടിയായ മികവുത്സവത്തിന്റെ ഭാഗമായി ചങ്ങാതി, നവചേതന, സമഗ്ര, അക്ഷരസാഗരം എന്നീ നാല് പദ്ധതികളാണ് നടപ്പാക്കിയത്. 8,605 പേരാണ് ഇത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള ചങ്ങാതി പദ്ധതിയില്‍ 1738 പേരും പട്ടികജാതി കോളനികളില്‍ നടപ്പാക്കുന്ന നവചേതനയില്‍ 1756 പേരും ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചുള്ള സമഗ്രയില്‍ 1996 പേരും തീരദേശ സാക്ഷരതാ പദ്ധതിയായ അക്ഷരസാഗരത്തില്‍ 3115 പേരുമാണ് വിജയിച്ചത്. സംസ്ഥാനത്ത് മികച്ച വിജയം നേടിയ 42 പഠിതാക്കള്‍ക്ക് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി സി. രവീന്ദ്രനാഥ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പ്രഭാഷണം നടത്തി. സാക്ഷരതാമിഷന്‍ ഡയറരക്ടര്‍ ഡോ. പി.എസ് ശ്രീകല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."