പാര്‍ലമെന്റില്‍ ചര്‍ച്ച ഒഴിവാക്കാന്‍ പ്രസംഗത്തില്‍ തൂങ്ങി ബി.ജെ.പി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പപ്പെട്ട പ്രതിഷേധം സഭ ചര്‍ച്ച ചെയ്യാതിരിക്കാന്‍ പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റെ ആസൂത്രിത ശ്രമം. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഒരു പരാമര്‍ശം ചര്‍ച്ചയാക്കി ബഹളമുണ്ടാക്കാനായിരുന്നു മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നത്.
രാജ്യത്തു സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിനിടെ 'ഇന്ത്യയിപ്പോള്‍ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെ'ന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശമാണ് ഭരണപക്ഷം ബഹളത്തിനു കാരണമാക്കിയത്. സഭ ചേര്‍ന്നയുടന്‍തന്നെ രാഹുല്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു.
ഇതോടെ നടപടികളിലേക്കൊന്നും കടക്കാതെ ഇരുസഭകളും പിരിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധവും തുടര്‍ന്നുണ്ടായ വെടിവയ്പും പാര്‍ലമെന്റില്‍ ഇന്നലെ പ്രതിപക്ഷം ഉന്നയിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അവര്‍ക്ക് അതിന് അവസരം ലഭിച്ചില്ല. ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ല ഈ സഭാ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പരാമര്‍ശിച്ച് സംസാരിക്കവേയാണ് ബഹളം തുടങ്ങിയത്. രാഹുലിനു സംസാരിക്കാന്‍ അവസരം നല്‍കണമെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ബഹളം അവസാനിച്ചില്ല.
രാജ്യസഭയില്‍ ഡി.എം.കെ, കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഇതില്‍ പ്രതിപക്ഷം പ്രതിഷേധിക്കവേ രാഹുല്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. ഈ സഭയില്‍ അംഗമല്ലാത്തൊരാള്‍ മാപ്പു പറയണമെന്നാവശ്യപ്പെടാന്‍ കഴിയില്ലെന്നു ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞെങ്കിലും ബി.ജെ.പി അംഗങ്ങള്‍ ബഹളം തുടര്‍ന്നു. പിന്നാലെ ആദ്യം ഉച്ചവരെയും പിന്നീട് പൂര്‍ണമായും സഭ പിരിയുകയായിരുന്നു. ഭരണപക്ഷമുണ്ടാക്കിയ ബഹളത്തോടെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."