ശബരിമലയില്‍ സമാധാനാന്തരീക്ഷമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി. ശബരിമലയില്‍ സമാധാനാന്തരീക്ഷമാണുള്ളതെന്നും ആര്‍ക്കും ദര്‍ശനം നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ തടഞ്ഞുവെന്നു ചൂണ്ടിക്കാട്ടി പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ശബരിമലയില്‍ ആര്‍ക്കും ഏതുസമയത്തും ദര്‍ശനം നടത്താവുന്നതാണെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു. പൊലിസിന്റെ ഭാഗത്തു നിന്നു ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു.
ജസ്റ്റിസ് പി.ആര് രാമചന്ദ്രമേനോന്‍, ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദര്‍ശനത്തിന് പമ്പയിലെത്തിയ 25 പേരടങ്ങിയ സംഘത്തിലെ മൂന്നു പേരെ പൊലിസ് കരുതല്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു.
നേതാക്കള്‍ക്ക് ചുമതല നിശ്ചയിച്ചു ബി.ജെ.പി പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ചാലക്കുടിയില്‍ മാര്‍ഗ തടസം സൃഷ്ടിച്ച കേസുകളുണ്ടെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നു ശബരിമലയില്‍ പ്രശ്നങ്ങളില്ലെന്നു വ്യക്തമാക്കിയ കോടതി കേസ് തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."