ഗെയില്‍ പൈപ്പ് ലൈന്‍; പാറ പൊട്ടിക്കല്‍ ഭീഷണിയാകുന്നു
നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തില്‍ ആവറാട്ട് മുക്ക് പ്രദേശത്ത് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വലിയ യന്ത്രങ്ങളുപയോഗിച്ച് പാറ പൊട്ടിക്കുന്നത് അടുത്തുള്ള വീടുകള്‍ക്കും കുടിവെള്ള ലഭ്യതക്കും സുരക്ഷക്കും ഭീഷണിയാവുന്നു.
ചെറിയ പുരയില്‍ മീത്തല്‍, കക്കോടന്‍ ചാലില്‍ മീത്തല്‍ പ്രദേശങ്ങളിലാണ് കുറേ ദിവസങ്ങളായി പാറ പൊട്ടിക്കല്‍ പ്രവൃത്തി നടക്കുന്നത്. ഇവിടെ അടുത്തടുത്ത് വീടുകളാണ്. ഉറപ്പുള്ള വലിയ പാറ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊട്ടിച്ച് ആഴത്തില്‍ പൈപ്പ് ലൈന്‍ കുഴിയെടുക്കുമ്പോള്‍ അച്ചിയത്ത് മീത്തല്‍ ദേവകി, ചാലില്‍ മീത്തല്‍ രാമകൃഷണന്‍, ചെറിയ പുരയില്‍ കക്കോടന്‍ ചാലില്‍ മീത്തല്‍ ബാലന്‍ എന്നിവരുടെ വീടുകളില്‍ കുലുക്കം അനുഭവപ്പെടുകയും പാത്രങ്ങളും മറ്റ് വീട് സാധനങ്ങളും നിരന്തരം കുലുങ്ങി വീഴുകയും ചെയ്യുന്നു. ഇതിനു മുന്‍പ് രണ്ട് മൂന്ന് കരാറുകാര്‍ വന്ന് പാറ പൊട്ടിക്കല്‍ തുടങ്ങി വിട്ടു പോയതായിരുന്നു. ഇപ്പോള്‍ കല്പതരു എന്ന പ്രധാന കരാറുകാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വളരെയധികം ഉറപ്പുള്ള ഇവിടുത്തെ പാറ പൊട്ടിക്കല്‍ പ്രവൃത്തി തകൃതിയായി നടക്കുകയാണ്. ഈ കുഴിയിലാണ് മാസങ്ങളായി വറ്റാത്ത ഒരു ഉറവയില്‍ നിന്ന് പാറയിടുക്കിലൂടെ വെള്ളം ചാടി പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്.
ഈ ഉറവ ഇല്ലാതാവുന്നത് ഇതിനു താഴെയുള്ള പല വീടുകളിലെയും കിണറുകള്‍ക്ക് വലിയ ഭീഷണിയാണ്. വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമത്തില്‍ വില്ലേജ് ഓഫിസിന്റെ സഹായത്താല്‍ വണ്ടികളില്‍ ടാങ്കുകളില്‍ വെള്ളമെത്തിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന വീടുകളാണ് ഇവിടെ അധികവുമുള്ളത്.
ജനുവരിയോടെ തുറക്കുന്ന പെരുവണ്ണാമൂഴിയില്‍ നിന്നു വരുന്ന കക്കോടി മെയിന്‍ കനാലിന്റെ പൂനത്ത് ഫീല്‍ഡ് ബൂത്തി ചെറിയ കനാലാണ് എല്ലാവര്‍ക്കും ആശ്രയമാവാറുള്ളത്. 300 മീറ്ററിലധികം സ്ഥലത്തെ ഉറപ്പുള്ള പാറയാണ് മൂന്ന് മീറ്റര്‍ ആഴത്തിലും ഒന്നര മീറ്റര്‍ വീതിയിലും പൊട്ടിച്ചു കൊണ്ടിരിക്കുന്നത്. നാട്ടുകാരും ഇവിടെ താമസിക്കുന്ന വീട്ടുകാരും പരാതികളും സങ്കടങ്ങളും പറയാന്‍ ശ്രമിച്ചിട്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതൊന്നും ഗൗനിക്കുന്നേയില്ല. പലപ്പോഴും ഉദ്ദേശിക്കുന്ന കാര്യം ഈ തൊഴിലാളികളെ അറിയിക്കുന്നതിന് സാധിക്കുന്നില്ല. നാട്ടുകാര്‍ക്ക് ഹിന്ദി അറിയാത്തതു കാരണവും തൊഴിലാളികള്‍ക്ക് മലയാളം അറിയാത്തതു കാരണവും ആശയ വിനിമയം നടക്കാത്തത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ കനത്ത മഴക്ക് ഇവിടുത്തെ മണ്ണ് മുഴുവന്‍ കുത്തിയൊലിച്ചുപോയി കനാലില്‍ അടിഞ്ഞതാണ്.
വീടുകളുടെ ചുമരുകള്‍ വിണ്ടു കീറുന്നതിനും കുടിവെള്ള സ്രോതസ്സുകള്‍ ഇല്ലാതാകുന്നതിനും ശക്തമായ മണ്ണൊലിപ്പിനും കാരണമാകുന്നു കെമിക്കല്‍ ബ്രേക്കിങ്ങ് നടത്തിയാണ് വളരെ ഉറപ്പുള്ള പാറ പൊട്ടിക്കല്‍ ഭാവിയില്‍ വളരെ വലിയ അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കുമെന്ന പേടിയിലാണ് ഇതിനടുത്തുള്ള വീട്ടുകാരും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."