യുവതിയെ അക്രമിച്ച് ബാഗ് തട്ടിയെടുത്ത സംഭവം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
ഫറോക്ക്: യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച് വീഴത്തി പണവും ബാഗും തട്ടിയെടുത്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സംഭവം നടന്ന രാമനാട്ടുകര ബൈപാസിലെ നീലിത്തോടിനു സമീപത്തെ സി.സി.ടി.വി കാമറകളില്‍നിന്ന് ശേഖരിച്ച ഓട്ടോയുടെ ദൃശ്യങ്ങള്‍ നിരീക്ഷിച്ചുവരുന്നുണ്ട്.
കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പള്ളിക്കല്‍ ബസാര്‍, കാക്കഞ്ചേരി, രാമനാട്ടുകര എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത്. പള്ളിക്കല്‍ ബസാര്‍ കാരാട്ട്പറമ്പ് ത്രിതയാഞ്ജനത്തില്‍ ജയന്റെ ഭാര്യ ദിവ്യയെയാണ് ആക്രമിച്ച് വീഴ്ത്തി പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓട്ടോ ഡ്രൈവര്‍ കടന്നുകളഞ്ഞത്.
തൊണ്ടയാട് ബൈപാസിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ദിവ്യ ജോലിക്കു പോകാന്‍ പള്ളിക്കല്‍ ബസാര്‍ ആല്‍പറമ്പില്‍ നിന്നാണ് കാക്കഞ്ചേരിക്കു ഓട്ടോയില്‍ കയറിയത്. കാക്കഞ്ചേരി എത്തിയപ്പോള്‍ ടൗണിലേക്കുള്ള ബസ് പോയതിനാല്‍ ഓട്ടോയില്‍ തന്നെ രാമനാട്ടുകരയിലേക്ക് തിരിക്കുകയായിരുന്നു. ബൈപാസില്‍ എത്തിയപ്പോള്‍ യന്ത്രത്തകരാറാണെന്നു പറഞ്ഞ് ഓട്ടോ നിര്‍ത്തി. പുറത്തിറങ്ങിയ ഡ്രൈവര്‍ പിന്നിലൂടെ യുവതിയുടെ കഴുത്തില്‍ കയറിട്ട് വലിച്ച് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ബലപ്രയോഗത്തിനിടിയല്‍ കയര്‍ തട്ടിമാറ്റിയ ദിവ്യ റോഡിലേക്ക് വീണു. ഇതിനിടെ ആളുകള്‍ വരുന്നതുകണ്ട ഡ്രൈവര്‍ യുവതിയുടെ ബാഗുമായി ഓട്ടോയെടുത്ത് പോവുകയായിരുന്നു.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോയുടെ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു. സി.സി.ടി.വിയില്‍ പതിഞ്ഞ ഓട്ടോയിലെ നമ്പര്‍ വ്യാജമാണെന്നു പൊലിസ് സംശിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."