അഴിമതി തുടച്ചു നീക്കാൻ സഊദിയിൽ അഴിമതിക്കെതിരെ പുതിയ കമ്മീഷൻ
റിയാദ്: അഴിമതി തുടച്ചു നീക്കാൻ പുതിയ അഴിമതിക്കമ്മീഷൻ നിലവിൽ വന്നു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് കണ്ട്രോള് ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന് എന്ന പേരിൽ പുതിയ കമ്മീഷനെ പ്രഖ്യാപിച്ചത്. അഴിമതിക്കെതിരെ പോരാടുന്നതിനായി നിലവിലുണ്ടായിരുന്ന മൂന്ന് ഏജൻസികളെ ലയിപ്പിച്ചാണ് പുതിയ അഴിമതി വിരുദ്ധ കമ്മീഷൻ നിലവിൽ വന്നത്. സര്‍ക്കാര്‍, സിവില്‍, സൈനിക ഉദ്യോഗസ്ഥ തലത്തിലെ അഴിമതികള്‍ തടയുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ കമ്മീഷന്. അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ പ്രത്യേകം അന്വേഷിക്കുന്നതിന് കമ്മീഷന് കീഴില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പ്രൊസിക്യൂഷന് യൂനിറ്റും രൂപവല്‍ക്കരിക്കാനും ഉത്തരവുണ്ട്.
പുതിയ കമീഷൻ നിലവിൽ വന്നതോടെ നേരത്തെയുണ്ടായിരുന്ന അഴിമതി വിരുദ്ധ ഏജന്‍സികളായിരുന്ന കണ്ട്രോള് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ്, അഡ്മിനിട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍, ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ എന്നീ ഏജന്‍സികള്‍ ഇല്ലാതായി. പുതിയ ഏജന്‍സിയുടെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ താല്‍ക്കാലിക അധ്യക്ഷന്‍ സ്ഥാനം ദേശീയ അഴിമതി വിരുദ്ധ കമ്മീഷന് പ്രസിഡന്റ് വഹിക്കും. അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്നതിന് റിയാദിൽ രൂപീകരിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പ്രൊസിക്യൂഷന് യൂണിറ്റായിരിക്കും രാജ്യത്തെ മുഴുവന്‍ അഴിമതി കേസുകളുടെയും വിചാരണ നടത്തുക. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരുടെ വരുമാനം സ്വന്തം വരുമാനത്തിനും മറ്റു വരുമാന സ്രോതസ്സുകള്‍ക്കും നിരക്കാത്ത നിലയില്‍ കണ്ടെത്തിയാല്‍ കമ്മീഷന് നടപടി സ്വീകരിക്കും. ഈ ഘട്ടത്തില്‍ സമ്പാദനം നിയമാനുസൃതമാണെന്ന് തെളിയിക്കേണ്ട ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും. അല്ലാത്ത പക്ഷം നിയമ നടപടിക്ക് വിധേയമാക്കപ്പെടും.
അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അഴിമതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും കൺട്രോൾ ആന്റി കറപ്ഷൻ കമ്മീഷൻ വക്താവ് അബ്ദുറഹ്മാൻ അൽ അജ്ലാൻ വ്യക്തമാക്കി. അഴിമതി വിവരം നൽകുന്നവർക്ക് ഇതിന്റെ പേരിൽ ജോലിയിലോ മറ്റു ആനുകൂല്യങ്ങളിലോ യാതൊരു കോട്ടവും സംഭവിക്കാതെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയുടെ പേരിൽ നേരത്തെ, മന്ത്രിമാരെയും മുൻ മന്ത്രിമാരെയും രാജ കുടുംബങ്ങളെയും അറസ്റ്റു ചെയ്ത നടപടി അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്ന് അഴിമതിക്കെതിരെ ശക്തമായ നീക്കം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."